മകരവിളക്ക് മഹോത്സവം; എരുമേലി സജീവമായി
text_fieldsഎരുമേലി: മണ്ഡലകാല മഹോത്സവം അവസാനിച്ച് രണ്ടുദിവസത്തെ ഇടവേളക്കുശേഷം മകരവിളക്ക് മഹോത്സവത്തിനായി എരുമേലി വീണ്ടും സജീവമായി. വ്യാഴാഴ്ച വൈകീട്ടോടെ എരുമേലിയിൽ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. ഇടവേളക്കുശേഷം താൽക്കാലിക കടകളും ഹോട്ടലുകളും തുറന്ന് പ്രവർത്തിച്ചു. പേട്ടതുള്ളൽ പാതയിൽ വീണ്ടും വൺവേ സംവിധാനം പുനരാരംഭിച്ചു.
പ്രധാന പോയന്‍റുകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. വിവിധ സർക്കാർ വകുപ്പുകളും പ്രവർത്തനം ഊർജിതമാക്കി. എന്നാൽ, തീർഥാടനകാലം കുറ്റമറ്റതാക്കാനെടുത്ത പല തീരുമാനങ്ങളും തകിടംമറിഞ്ഞ കാഴ്‌ചയായിരുന്നു ഇതുവരെ കണ്ടത്. പൊതുഗതാഗതം താറുമാറായതോടെ ഗതാഗതക്കുരുക്കിൽ പൊതുജനം വീർപ്പുമുട്ടിയിരുന്നു. പേട്ടതുള്ളുന്ന തീർഥാടകർ റോഡ് മുറിച്ചുകടക്കുന്ന ജങ്ഷനിലും വേണ്ടത്ര പരിശീലനം ലഭിക്കാത്ത പൊലീസിനെയാണ് വിന്യസിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
തോടുകളിൽ മലിനജലം കെട്ടിക്കിടന്നതോടെ എരുമേലിയിൽ കൊതുകുശല്യം രൂക്ഷമായി. ആരോഗ്യ വകുപ്പ് നടത്തിവരുന്ന ക്ലോറിനേഷൻ, ഫോഗിങ് എന്നിവയിൽ വീഴ്ച വരുത്തുന്നുവെന്നും തോടുകളിൽ കൊതുകുകളുടെ ഉറവിട നശീകരണം നടത്തണമെന്നും പ്രദേശവാസികൾ പറയുന്നു.
മകരവിളക്ക് മഹോത്സവത്തിന് കാനനപാതയിലൂടെ ഇടതടവില്ലാതെയാണ് ഭക്തരുടെ യാത്ര. ആയിരക്കണക്കിന് ഭക്തജനങ്ങൾ ഒഴുകിയെത്തുന്ന കാനനപാതയിലെ വനമേഖലകളിലെ രാത്രിയിലുള്ള നിയന്ത്രണം ഭക്തർക്ക് ദുരിതം തീർക്കും. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോയിക്കക്കാവ്, കാളകെട്ടി തുടങ്ങിയ ഇടങ്ങളിൽ തീർഥാടകരെ തടയുന്നത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.