മകരവിളക്ക്:വിപുല സംവിധാനങ്ങളൊരുക്കി ആരോഗ്യവകുപ്പ്
text_fieldsശബരിമല: മകരവിളക്കിനോട് അനുബന്ധിച്ച് മുന്നൊരുക്കവുമായി ആരോഗ്യവകുപ്പ്. നിലവിലെ സൗകര്യങ്ങള്‍ക്ക് പുറമെയാണിത്. തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന 12ന് പ്രാഥമികാരോഗ്യ കേന്ദ്രമായ കുളനടയില്‍ വൈകീട്ട് ആറുവരെ അടിയന്തര ചികിത്സ സംവിധാനമൊരുക്കും. ചെറുകോല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കാഞ്ഞീറ്റുകര, റാന്നി, പെരുനാട് ആശുപത്രികളില്‍ 24 മണിക്കൂറും വടശ്ശേരിക്കരയില്‍ രാത്രി എട്ടുവരെയും പ്രത്യേക ചികിത്സ സംവിധാനമേര്‍പ്പെടുത്തും.
തിരുവാഭരണ ഘോഷയാത്രയെ സുസജ്ജമായ മെഡിക്കല്‍ ടീമും ആംബുലന്‍സും അനുഗമിക്കും. തീർഥാടക തിരക്കനുഭവപ്പെടുന്ന ളാഹയില്‍ ജനുവരി 13നും വലിയാനവട്ടത്ത് 14നും മൊബൈല്‍ മെഡിക്കല്‍ യൂനിറ്റും ആംബുലന്‍സും സജ്ജമാക്കും. ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ നാലുപേരടങ്ങിയതാണ് ഒരു യൂനിറ്റ്.
മകരവിളക്ക് ദിവസം പമ്പയിലും നിലക്കലുമായി ഒരുക്കിയ 13 ദര്‍ശന കേന്ദ്രങ്ങളിലും പ്രത്യേകം മെഡിക്കല്‍ യൂനിറ്റുകളും ആംബുലന്‍സുകളും സജ്ജീകരിക്കും.സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ ഐ.സി.യു ഉള്‍പ്പെടെ 30 കിടക്കകള്‍ സജ്ജമാണ്. അടിയന്തര ഘട്ടങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബംഗ്ലാവ്, സഹാസ് ആശുപത്രി, അയ്യപ്പസേവാസംഘം ഫസ്റ്റ് എയ്ഡ് സെന്‍റര്‍ എന്നിവ ഉപയോഗപ്പെടുത്തും. ബംഗ്ലാവില്‍ 25ഉം, സഹാസില്‍ 20ഉം ഫസ്റ്റ് എയ്ഡ് സെന്‍ററില്‍ 20ഉം കിടക്കകള്‍ സജ്ജീകരിക്കും.
ആവശ്യമെങ്കില്‍ അഡീഷനല്‍ സ്റ്റാഫിനെയും നിയോഗിക്കും. നിലവില്‍ രണ്ട് ഫിസിഷ്യന്‍, പള്‍മണോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ്, സര്‍ജന്‍, അനസ്‌ത്യേഷിസ്റ്റ്, പീഡിയാട്രീഷ്യന്‍, ഓര്‍ത്തോപീഡിസ്റ്റ്, രണ്ട് മെഡിക്കല്‍ ഓഫിസര്‍മാര്‍, രണ്ട് ചാര്‍ജ് ഓഫിസര്‍മാര്‍ എന്നിങ്ങനെ 12 ഡോക്ടര്‍മാരാണ് ആരോഗ്യവകുപ്പിന് കീഴിലുള്ളത്. ഇതിന് പുറമെയാണ് സഹാസിലും ഫസ്റ്റ് എയിഡ് സെന്‍ററിലുമുള്ള ഡോക്ടര്‍മാര്‍.
അത്യാഹിതമുണ്ടായാല്‍ പരമാവധി രോഗികളെ സന്നിധാനത്ത് തന്നെ ശുശ്രൂഷിച്ച് ആരോഗ്യനില സന്തുലിതമാക്കിയശേഷം താഴേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് നോഡല്‍ ഓഫിസര്‍ ഡോ. ഇ. പ്രശോഭ് പറഞ്ഞു. ഒരേസമയം, 80പേരെ കിടത്തിച്ചികിത്സിക്കാന്‍ കഴിയുംവിധമാണ് സന്നിധാനത്തെ മൊത്തം സജ്ജീകരണങ്ങള്‍. ആശുപത്രിയിലെ ഓപറേഷന്‍ തിയറ്റര്‍ സുസജ്ജമാണ്.
ജീവന്‍ രക്ഷാമരുന്നുകളും സംഭരിച്ച് കഴിഞ്ഞു. വെന്‍റിലേറ്ററുകളും പ്രവര്‍ത്തനക്ഷമമാണ്. സന്നിധാനത്ത് മൂന്ന്, നീലിമല നാല്, അപ്പാച്ചിമേട് രണ്ട്, പമ്പ മൂന്ന്, നിലയ്ക്കല്‍ രണ്ട് എന്നിങ്ങനെയാണ് വെന്റിലേറ്റുകളുടെ നില. ഇതിനുപുറമെ 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും സുസജ്ജമാണ്. അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിക്ക് പുറമെയുള്ള സേവനങ്ങള്‍ക്ക് ഇ.എം.സി സ്റ്റാഫുകളെ ഉപയോഗിക്കും. ഇങ്ങനെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രികളില്‍ മാത്രമായി ലഭ്യമാക്കുമെന്നും നോഡല്‍ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.