മകരവിളക്ക്: സർവസജ്ജമായി കെ.എസ്.ആർ.ടി.സി
text_fieldsപത്തനംതിട്ട: മകരവിളക്ക് ദിവസമായ 14ന് ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ക്രമീകരണങ്ങളുമായി കെ.എസ്.ആർ.ടി.സി. നിലവിലെ സര്‍വിസുകള്‍ക്ക് പുറമെ മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തരുടെ യാത്രാക്ലേശം ഒഴിവാക്കാൻ അധികമായി 1000 ബസുകൂടി സര്‍വിസിന് സജ്ജമാക്കുമെന്ന് പമ്പ സ്‌പെഷൽ ഓഫിസർ ഷിബുകുമാർ പറഞ്ഞു.
14ന് രാവിലെ ബസുകള്‍ എത്തും. വൈകീട്ടു മുതലാണ് അധികമായി ക്രമീകരിക്കുന്നവ സര്‍വിസ് ആരംഭിക്കുക. 250 ബസ് പമ്പയിൽ ക്രമീകരിക്കും. ത്രിവേണിയിൽനിന്ന് ആരംഭിക്കുന്ന ചെയിൻ ഹില്‍ടോപ് ചുറ്റി നിലക്കൽ വരെ ഉണ്ടാകും. 400 ബസ് ഇതിനായി ഉപയോഗിക്കും. നിലക്കലില്‍ ആറാമത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ 100 ബസ് ക്രമീകരിക്കും. ചെയിൻ സര്‍വിസിന്റെ ആദ്യ റൗണ്ടിൽ 400 ബസ് ഉപയോഗിക്കും. രണ്ടാം റൗണ്ട് മുതൽ ഭക്തരുടെ എണ്ണം കണക്കാക്കിയായിരിക്കും എണ്ണം. ഇതിനൊപ്പം ദീര്‍ഘദൂര സര്‍വിസും ആരംഭിക്കും.
നിലക്കൽ മുതൽ ഇലവുങ്കൽ വരെ ദീര്‍ഘദൂര സര്‍വിസുകള്‍ക്കായി 50 ബസ് സജ്ജമാക്കി നിര്‍ത്തും. തുലാപ്പിള്ളി, ചെങ്ങന്നൂർ, എരുമേലി, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം കൊട്ടാരക്കര തുടങ്ങി മറ്റിടങ്ങളിൽ ക്രമീകരിച്ച് നിര്‍ത്തുന്ന ബസുകളും രാത്രിയോടെ ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സര്‍വിസ് ആരംഭിക്കും. ഗതാഗതക്കുരുക്കൊഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ ഇടങ്ങളിലായി ബസുകൾ ക്രമീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സര്‍വിസ് നടത്തുന്നത്.
തങ്ങളുടെ ജീവനക്കാർ ഗതാഗതക്കുരുക്കുണ്ടാക്കിയാൽ അത് നിരീക്ഷിച്ച് തുടർനടപടി സ്വീകരിക്കാനും കെ.എസ്.ആര്‍.ടി.സി ഇത്തവണ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍മാരെയും മെക്കാനിക്കുമാരെയും ഉള്‍പ്പെടുത്തി 200ഓളം ആളുകളെ ഇതിനായി നിയോഗിക്കും. ഇതിനുപുറമെ ഒരു മെക്കാനിക്കും ഡ്രൈവറും ഉള്‍പ്പെടുന്ന സംഘം ഇരുചക്ര വാഹനത്തിലും നിരത്തിലുണ്ടാകും. ഏതെങ്കിലും വാഹനത്തിൽ പകരം ഡ്രൈവറെ നിയോഗിക്കേണ്ടി വന്നാല്‍ ഇരുചക്രവാഹനത്തിലെത്തുന്ന ഡ്രൈവര്‍ തുടർസേവനം ഏറ്റെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.