മകരവിളക്ക്: പത്തനംതിട്ട ജില്ലയില്‍ ഏഴ് വ്യൂപോയന്റ്
text_fieldsപത്തനംതിട്ട: മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് നിലക്കൽ, ഇടത്താവളങ്ങൾ എന്നിവക്കൊപ്പം ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും അധിക പാർക്കിങ് സൗകര്യങ്ങൾ ഒരുക്കും.ഇങ്ങനെയുള്ള സ്ഥലങ്ങളിൽനിന്ന് തീർഥാടകരെ കൊണ്ടുപോകാൻ കെ.എസ്.ആർ.ടി.സി ബസുകൾ സജ്ജമാക്കും.
സർക്കാറിന്റെയും ഹൈകോടതിയുടെയും നിർദേശം അനുസരിച്ച് ജനത്തിരക്ക് നിയന്ത്രിക്കാനെടുത്ത തീരുമാനങ്ങളെല്ലാം നടപ്പാക്കുമെന്നും മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്താൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു.
മകരജ്യോതി ദർശിക്കാനുള്ള ഇടങ്ങൾ നേരിൽ സന്ദർശിച്ച് ഈമാസം ഏഴിന് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തും. നിലവിൽ ജില്ലയിൽ 11 പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മോധാവി സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞു. നിലവിൽ 10,000 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹിൽ ടോപ് ഉൾപ്പെടെ ജില്ലയിൽ ഏഴ് വ്യൂപോയന്റ് ഉണ്ട്.
പമ്പാ ഹിൽ ടോപ്പിലെ സുരക്ഷാക്രമീകരണങ്ങൾ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലും പഞ്ഞിപ്പാറ, നെല്ലിമല, അയ്യൻമല, ഇലവുങ്കൽ, അട്ടത്തോട് പടിഞ്ഞാറേ കോളനി, അട്ടത്തോട് എന്നീ ആറ് വ്യൂപോയന്റുകളുടെ ബാരിക്കേഡ് ഉൾപ്പെടെ ക്രമീകരണങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർവഹിക്കും.
വ്യൂപോയന്റുകളിലെ അപകടകരമായ മരച്ചില്ലകൾ മുറിച്ചുമാറ്റണമെന്നും നിർദേശം നൽകി. മകരവിളക്കിന് ശേഷം തീർഥാടകരുടെ വാഹനത്തിരക്ക് കൂടുന്നതിനാൽ റോഡുകളിൽ ബ്ലിങ്കർ ലൈറ്റ് സ്ഥാപിക്കണമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
സുരക്ഷ കണക്കിലെടുത്ത് തീർഥാടകർ ക്യാമ്പ് ചെയ്ത് ഭക്ഷണം പാകംചെയ്യുന്നത് നിരോധിക്കുമെന്നും വലിയ പാത്രങ്ങൾ കൊണ്ടുവരുന്നത് പമ്പയിൽ തടയുമെന്നും ശബരിമല എ.ഡി.എം പി. വിഷ്ണുരാജ് പറഞ്ഞു.
തിരുവാഭരണ പാതയുടെ ഒരുക്കങ്ങൾ പൂര്‍ത്തിയായിട്ടുണ്ടെന്നും കൊല്ലമൂഴി, ഇരട്ടപെട്ടിയിലെയും പാലം 10ന് ശേഷം തയാറാക്കുമെന്നും വനംവകുപ്പ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു. തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാൻ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ ടീമിനെയും ളാഹയില്‍ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റും ക്രമീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് പ്രതിനിധി അറിയിച്ചു.
വ്യൂപോയന്റുകളില്‍ മൂന്ന് ചെറിയ ആംബുലന്‍സും 10 സ്ഥലങ്ങളില്‍ വലിയ ആബുലന്‍സും ക്രമീകരിക്കും. നിലവിലെ 25 ആംബുലന്‍സിനൊപ്പം മകരവിളക്ക് ദിവസം 12 എണ്ണം കൂടി ക്രമീകരിക്കും. മകരവിളക്ക് ദിവസം പമ്പയിലും സന്നിധാനത്തും രണ്ട് ഡോക്ടര്‍മാരെ കൂടുതല്‍ നിയോഗിക്കുമെന്നും ആരോഗ്യ വകുപ്പ് പ്രതിനിധി അറിയിച്ചു. 600 സ്‌ട്രെച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് അയ്യപ്പസേവ സംഘം പ്രതിനിധി പറഞ്ഞു. സന്നിധാനം, നിലക്കല്‍, പമ്പ എന്നിവിടങ്ങളിൽ കൂടുതല്‍ ലൈറ്റ് സ്ഥാപിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു.
മകരജ്യോതി ദര്‍ശനത്തിന് തെരഞ്ഞെടുത്തിരുക്കുന്ന വ്യൂപോയന്റുകളിലെ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഫെന്‍സിങ്, അടിസ്ഥാന സൗകര്യങ്ങള്‍, വാഹന പാര്‍ക്കിങ്, വ്യൂപോയന്റിലേക്കുള്ള റോഡ് സൗകര്യം, സുരക്ഷിതവും ബലവുമുള്ള ബാരിക്കേഡുകള്‍, കുടിവെള്ളം, ശൗചാലയം എന്നിവ ഉറപ്പാക്കണമെന്ന് കലക്ടര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ മുന്നൊരുക്കവും ഏഴിനകം സജ്ജമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.