മകരവിളക്കുത്സവം: ഒരുക്കം വിലയിരുത്തി
text_fieldsശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്തും പരിസരപ്രദേശങ്ങളിലും നടത്തിവരുന്ന മുന്നൊരുക്കം പുതുതായി ചുമതലയേറ്റ സ്പെഷല്‍ ഓഫിസര്‍ ഇ.എസ്. ബിജുമോനും സംഘവും പരിശോധിച്ചു. നടപ്പാക്കേണ്ട കാര്യങ്ങള്‍ വിലയിരുത്തി. മകരവിളക്ക് സമയത്ത് തീര്‍ഥാടകര്‍ തമ്പടിക്കുന്ന പാണ്ടിത്താവളം, ഉരക്കുഴി, വാട്ടര്‍ടാങ്ക് ഭാഗങ്ങള്‍, മാഗുണ്ട, ഇന്‍സിനിറേറ്റര്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ചിലയിടങ്ങളില്‍ ബാരിക്കേഡുകള്‍ കൂടുതലായി ഒരുക്കേണ്ടതുണ്ടെന്നും ലൈറ്റുകള്‍ സ്ഥാപിക്കേണ്ടതുണ്ടെന്നും സ്പെഷല്‍ ഓഫിസര്‍ ഇ.എസ്. ബിജുമോന് പറഞ്ഞു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. കുടിവെള്ള സംവിധാനം പര്യാപ്തമാണെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. അസി. സ്പെഷല്‍ ഓഫിസര്‍ പ്രതാപന് നായര്‍, മരാമത്ത് വിഭാഗം അസി. എൻജിനീയര്‍ സുനില്‍കുമാര്‍, ആര്.എ.എഫ് ഡെപ്യൂട്ടി കമാൻഡന്റ് വിജയന്, സന്നിധാനം സ്റ്റേഷന് ഓഫിസര്‍ അനൂപ് ചന്ദ്രന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പൊലീസിന്റെ പുതിയ സംഘം ചുമതലയേറ്റു
ശബരിമല: മകരവിളക്ക് ഉത്സവത്തിന് ദിനങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ പൊലീസിന്റെ പുതിയ സംഘം ചുമതലയേറ്റു. നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് പുതിയ ബാച്ചുകൾ ചുമതലയേറ്റത്.
മൂന്നിടങ്ങളിലുമായി ഓഫിസർമാരുൾപ്പെടെ 2964 പേരാണ് സേവനരംഗത്തുള്ളത്. നിലക്കലിൽ സ്പെഷൽ ഓഫിസർ ആർ.ഡി അജിത്, അസി. എസ്.ഒ. അമ്മിണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ 502പേരാണ് ചുമതലയേറ്റത്.
ആറ് ഡിവൈ.എസ്.പി, 15 ഇൻസ്പെക്ടർ, 83 എസ്.ഐ, എ.എസ്.ഐ, എട്ട് വനിത ഇൻസ്പെക്ടർ, എസ്.ഐ, 350 പുരുഷ സിവിൽ പൊലീസ് ഓഫിസർമാർ, 40 വനിത സിവിൽ ഓഫിസർമാർ എന്നിവർ ഉൾപ്പെടുന്നതാണ് സംഘം. ഇവരെ ആറ് സെക്ടറുകളിലായി വിന്യസിച്ചു.
പമ്പയിൽ സ്പെഷൽ ഓഫിസർ കെ.കെ.അജി, അസി. എസ്.ഒ. അരുൺ കെ.പവിത്രൻ എന്നിവരുടെ നേതൃത്വത്തിൽ 587പേരാണ് ചുമതലയേറ്റത്. ഇതിൽ ആറ് ഡിവൈ.എസ്.പി, 15 ഇൻസ്പെക്ടർ, 88 എസ്.ഐ, -എ.എസ്.ഐ, എട്ട് വനിത ഇൻസ്പെക്ടർ, 430 പുരുഷ സിവിൽ പൊലീസ് ഓഫിസർമാർ, 40 വനിത സിവിൽ ഓഫിസർമാർ എന്നിവർ ഉൾപ്പെടുന്നു. ഇവരെ അഞ്ച് സെക്ടറുകളിൽ വിന്യസിച്ചു.
സന്നിധാനത്ത് മാത്രം 1875 പൊലീസുകാർ
സ്പെഷൽ ഓഫിസർ ഇ.എസ്. ബിജുമോന്റെ നേതൃത്വത്തിൽ 1875 പൊലീസുകാർക്കാണ് സന്നിധാനത്തെ സുരക്ഷ ചുമതല. 12 ഡിവൈ.എസ്.പി, 36 ഇൻസ്പെക്ടർ, 125 എസ്.ഐ, എ.എസ്.ഐ-, 1,702 സിവിൽ പൊലീസ് ഓഫിസർമാരുമാണ് സംഘത്തിലുള്ളത്. കൊടിമരം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, നടപ്പന്തൽ, കെ.എസ്.ഇ.ബി, ജീപ്പ് റോഡ്, ശരംകുത്തി, എസ്.എം സെക്ടർ, മരക്കൂട്ടം, സ്ട്രൈക്കർ, പാണ്ടിത്താവളം എന്നിങ്ങനെ 12 സെക്ടറുകളായാണ് സേനയെ വിന്യസിച്ചത്. ജീപ്പ് റോഡ് ഒഴികെയുള്ള സെക്ടറുകളിൽ ഡിവൈ.എസ്.പിമാർക്കാണ് ചുമതല. ഓരോ സെക്ടറിലും ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഡ്യൂട്ടി പോയന്റുകളുണ്ടാകും. ഈ പോയന്റുകളെ ഏകോപിപ്പിച്ച് തിരക്ക് നിയന്ത്രിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.
അഞ്ച് ഡിവൈ.എസ്.പിമാർ കൂടി
മകരവിളക്ക് ദിവസം അഞ്ച് ഡിവൈ.എസ്പിമാരെ അധികം നിയോഗിക്കുമെന്ന് സ്പെഷൽ ഓഫിസർ ഇ.എസ്. ബിജുമോൻ പറഞ്ഞു. ഉത്സവം കഴിഞ്ഞ് നടയടക്കുംവരെ ഈ സംഘത്തിനാണ് സന്നിധാനത്തെ ചുമതല. പൊതുസുരക്ഷ, ഭണ്ഡാര സുരക്ഷ, ഇന്റലിജൻസ്, ടെലി കമ്യൂണിക്കേഷൻ തുടങ്ങിയവക്കായി പ്രത്യേക സംഘങ്ങളുണ്ട്. ഇതിനുപുറമെ എൻ.ഡി.ആർ.എഫ്, ആർ.എ.എഫ്, അന്തർ സംസ്ഥാന പൊലീസുകാർ, വിവിധ സുരക്ഷ സേനയിലെ ഉദ്യോഗസ്ഥർ എന്നിവരും സേവനത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.