തീർഥാടക തിരക്കിൽ അമർന്ന് ശബരിമല; ഇന്നലെ 80,000 കടന്നു
text_fieldsശബരിമല: തീർഥാടക തിരക്കിൽ അമർന്ന് സന്നിധാനം. കഴിഞ്ഞ രണ്ട് ദിവസമായി തീർത്ഥാടകരുടെ വരവിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. മണ്ഡല മഹോത്സവത്തിനായി നട തുറന്നതു മുതൽ ഏറ്റവും അധികം തീർഥാടകർ ഇന്നലെയാണ് എത്തിയത്. 87,216 പേർ വെള്ളിയാഴ്ച ദർശനം നടത്തി. വ്യാഴാഴ്ച 77,026 പേർ ദർശനം പൂർത്തിയാക്കി മടങ്ങി.
കഴിഞ്ഞ രണ്ട് ദിനങ്ങളിൽ ഫ്ലൈ ഓവറും, നടപ്പന്തലും തീർത്ഥാടകരെക്കൊണ്ട് നിറഞ്ഞിരുന്നു. നട തുറന്ന പതിനഞ്ചാം തീയതി മുതൽ ഇന്നലെ (വെള്ളിയാഴ്ച) വരെയുള്ള 8 ദിവസങ്ങളിലായി 5,38,313 തീർത്ഥാടകർ ദർശനം നടത്തി. അതേ സമയം കൃത്യമായ ഇടപെടലുകളിലൂടെ ഭക്തർക്ക് പൊലീസ് സുഖദർശനം ഒരുക്കി.
തിരക്ക് വർധിച്ചിട്ടും സുഖ ദർശന സംതൃപ്തിയിലാണ് ഭക്തർ മലയിറങ്ങുന്നത്. ദേവസ്വം ബോർഡും, സംസ്ഥാന സർക്കാരും ഏർപ്പെടുത്തിയ ക്രമീകരണങ്ങളിലും ഭക്തർ സന്തുഷ്ടി പ്രകടിപ്പിച്ചു. അതേ സമയം സ്പോർട്ട് ബുക്കിങ്ങിനായി പമ്പയിൽ ഭക്തർക്ക് മണിക്കൂറുകൾ കാത്ത് നില്ക്കേണ്ട അവസ്ഥയാണ്. നിലവിൽ അടുത്ത മാസം 7 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർണമായ സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇത് മുന്നിൽ കണ്ട് വെർച്വൽ ക്യൂ ബുക്കിങ് പരിധി വർധിപ്പിക്കണമെന്ന് പല കോണുകളിൽ നിന്നും ആവശ്യമുയരുന്നുണ്ട്. പന്ത്രണ്ട് വിളക്ക് അടുത്തിരിക്കേ കൂടുതൽ ഭക്തർക്ക് ദർശനം അനുവദിക്കാൻ ദേവസ്വം ബോർഡ് നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.