ശബരിമല: ദർശനസമയം ഒരു മണിക്കൂർ കൂട്ടി ദിവസം 19 മണിക്കൂറാക്കി
text_fieldsതിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന ദർശനം 90,000 പേർക്കായി പരിമിതപ്പെടുത്താൻ തീരുമാനം. ദർശനസമയം ഒരു മണിക്കൂർ കൂടി വർധിപ്പിക്കുകയും ചെയ്തു. ഭക്തരുടെ തിരക്ക് പരിഗണിച്ച് നിലയ്ക്കലിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കും. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം നടത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഭക്തരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്.
തീർഥാടകർക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. പരമാവധി സൗകര്യങ്ങൾ തീർഥാടകർക്ക് ലഭ്യമാക്കണം. അതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദര്‍ശനസമയം ദിവസം 19 മണിക്കൂറായി വർധിപ്പിച്ച് കൂടുതല്‍ പേര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.
വാഹനപാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡും പത്തനംതിട്ട ജില്ല ഭരണസംവിധാനവും നടപടികള്‍ എടുക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. നിലയ്ക്കലിലുള്ള പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. 17 മൈതാനങ്ങളിലായി 6,500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. എല്ലാ വകുപ്പുകളുെടയും സംയോജിപ്പിച്ചുള്ള പ്രവർത്തനം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
ദര്‍ശന സമയം ഇനിയും വര്‍ധിപ്പിക്കാനാകില്ല -തന്ത്രി
ശബരിമല: ശബരിമലയിലെ ദർശന സമയം ഇനിയും വർധിപ്പിക്കാൻ സാധിക്കില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. തിരക്കു പരിഗണിച്ച് ദർശന സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചതിനാൽ ഇനി വർധിപ്പിക്കുക ബുദ്ധിമുട്ടാണ്. 1,19,480 തീർഥാടകരാണ് തിങ്കളാഴ്ച ഓൺലൈൻ വഴിയും അല്ലാതെയും ബുക്ക് ചെയ്ത് ദർശനത്തിന് എത്തിയത്. ഈ മണ്ഡലകാലത്ത് ഇത് രണ്ടാം തവണയാണ് ഒരുലക്ഷത്തിന് മുകളിൽ ഭക്തർ എത്തുന്നത്.
തിക്കിലും തിരക്കിലുംപെട്ട് ശനിയാഴ്ച കുട്ടികൾക്കടക്കം പരിക്കേറ്റതോടെ ഹൈകോടതി പ്രത്യേക സിറ്റിങ് നടത്തുകയും ദർശനം ഒരുമണിക്കൂർ ദീർഘിപ്പിക്കാൻ ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു. എന്നാൽ, ഞായറാഴ്ച മുതൽ ദർശനം ഒരുമണിക്കൂർ ദീർഘിപ്പിച്ചതിനാൽ ഇനി വർധിപ്പിക്കാൻ ഇടയില്ലെന്നാണ് തന്ത്രി നൽകുന്ന സൂചന.
നിയന്ത്രണം പാളി; പമ്പയിലും സന്നിധാനത്തും പൊലീസ് തലപ്പത്ത് അഴിച്ചുപണി
ശബരിമല: മരക്കൂട്ടത്തടക്കം തിരക്ക് നിയന്ത്രണം പാളിയതിന് പിന്നാലെ പമ്പയിലും സന്നിധാനത്തും പൊലീസ് തലപ്പത്ത് അഴിച്ചുപണി. ശരണപാതയിലെ തീർഥാടക തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസ് സേനക്ക് സംഭവിച്ച വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് നടപടി. സന്നിധാനത്ത് പ്രവര്‍ത്തന പരിചയമുള്ള പമ്പ പൊലീസ് സ്പെഷല്‍ ഓഫിസറായി ചുമതല വഹിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി കെ.ആര്. സുദര്‍ശനനെ സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസറായി നിയമിച്ചു. ശനിയാഴ്ച രാത്രിയോടെ പമ്പ സ്പെഷല്‍ ഓഫിസറായ സുദർശനോട് അടിയന്തരമായി സന്നിധാനത്ത് എത്താന്‍ നിർദേശം നല്‍കിയിരുന്നു. സന്നിധാനം എസ്.ഒ ആയിരുന്ന ഹരിചന്ദ്ര നായ്കിനെ പമ്പ എസ്.ഒയായി മാറ്റി നിയോഗിച്ചു. ഡിവൈ.എസ്.പിമാർ അടക്കമുള്ളവരെയും മാറ്റി നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.