മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് പൊലീസ് അതിക്രമം
text_fieldsശബരിമല: മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് പിഞ്ചുകുട്ടികൾ അടക്കമുളള തീർത്ഥാടകർക്കും മാധ്യമ പ്രവർത്തകർക്കും നേരേ പൊലീസിന്റെ അതിക്രമം. പ്രത്യേക പാസുമായി സ്റ്റാഫ് ഗേറ്റിലൂടെ
തിരുമുറ്റത്തേക്ക് പ്രവേശിക്കാൻ എത്തിയ പിഞ്ചു കുട്ടികൾ അടക്കമുള്ള തീർത്ഥാടകരെ പൊലീസ് തള്ളിമാറ്റി. മാധ്യമ പ്രവർത്തകരെയും കൈയേറ്റം ചെയ്തു.
സന്നിധാനം സ്പെഷ്യൽ കമ്മീഷണർ എം. മനോജിന്റെ സാന്നിധ്യത്തിൽ പോലും പൊലിസ് തീർത്ഥാടകർക്ക് നേരേ ബലപ്രയോഗത്തിന് മുതിർന്നു. വൈകിട്ട് 4 മണി മുതലുളള ഒരു മണിക്കൂർ നേരമായിരുന്നു പൊലീസിന്റെ കൈയാങ്കളി.
അതിക്രമം അതിരുവിട്ടതോടെ ഇതര സംസ്ഥാന തീർത്ഥാടകർ അടക്കമുള്ളവർ സംഘം ചേർന്ന് പൊലീസിന് നേരേ ഗോ ബാക്ക് വിളിച്ചു. സ്റ്റാഫ് ഗേറ്റിന്റെ മുമ്പിലെ തിക്കുംതിരക്കും ഒഴിവാക്കുന്നതിനായി മുൻകാലങ്ങളിൽ ഗേറ്റിന് മൂന്നു വശങ്ങളിലുമായി ബാരിക്കേടുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവ ഒഴിവാക്കി നടത്തിയ തിരക്ക് നിയന്ത്രണത്തിലാണ് പൊലീസിന് വൻപാളിച്ച സംഭവിച്ചത്.
സ്റ്റാഫ് ഗേറ്റിന് ഇരുവശങ്ങളിലുമായി കൈകോർത്ത് ചങ്ങല സൃഷ്ടിച്ച് ഇതിനുള്ളിലൂടെ പ്രത്യേക പാസുമായി എത്തിയവരെ കടത്തി വിടാൻ പൊലീസ് നടത്തിയ നീക്കമാണ് തിക്കിനും തിരക്കിനും കൈയ്യേറ്റത്തിലും കലാശിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ ആജ്ഞകൾ പോലും വകവെയ്ക്കാതെ ആംഡ് പൊലീസ് അടക്കമുള്ളവർ തീർത്ഥാടകരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. കാര്യങ്ങൾ പൊലീസിന്റെ കൈ വിട്ടു പോയതോടെ കേന്ദ്ര സേനയെത്തിയാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.