പി.എൻ. മഹേഷ് ശബരിമല മേൽശാന്തി; മാളികപ്പുറത്ത് പി.ജി. മുരളി
text_fieldsശബരിമല: ശബരിമലയിലെ പുതിയ മേൽശാന്തിയായി പി.എൻ. മഹേഷിനെ തെരഞ്ഞെടുത്തു. പി.ജി. മുരളിയാണ് മാളികപ്പുറം പുതിയ മേൽശാന്തി. ബുധനാഴ്ച പുലർച്ച സന്നിധാനത്ത് നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിമാരെ തീരുമാനിച്ചത്.
മണ്ഡലകാല തീർഥടനത്തിന് തുടക്കംകുറിക്കുന്ന വൃശ്ചികം ഒന്നുമുതൽ ഒരുവർഷത്തേക്കാണ് പുറപ്പെടാ ശാന്തിമാരായ ഇരുവരുടെയും കാലാവധി. തുലാം ഒന്നായ ബുധനാഴ്ച പുലർച്ച അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി നട തുറന്നു.
നിർമാല്യ ദർശന ശേഷം പതിവ് അഭിഷേകവും 5.30ന് മണ്ഡപത്തിൽ മഹാഗണപതി ഹോമവും നടന്നു. 7.30ന് ഉഷപൂജയെ തുടർന്നാണ് മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്. ശബരിമല ധർമശാസ്ത ക്ഷേത്രത്തിലേക്ക് അന്തിമ പട്ടികയില്‍ ഇടംനേടിയ 17 ശാന്തിമാരുടെ പേരും മാളികപ്പുറത്തെ 12 ശാന്തിമാരുടെ പേരും പേപ്പറിൽ എഴുതി വെള്ളിക്കുടത്തിലിട്ട് അയ്യപ്പസ്വാമിയുടെയും മാളികപ്പുറത്തമ്മയുടെയും ശ്രീകോവിലില്‍ പൂജ നടത്തിയശേഷം അതില്‍നിന്നാണ് നറുക്കെടുത്തത്.
ആദ്യം ശബരിമല മേല്‍ശാന്തി നറുക്കെടുപ്പായിരുന്നു. മൂവാറ്റുപുഴ പുത്തില്ലത്ത് മനയിൽ പി.എൻ. മഹേഷാണ് മേൽശാന്തി. പന്തളം കൊട്ടാരത്തിലെ പ്രതിനിധി വൈദേഹ് വർമയാണ് നറുക്കെടുത്തത്. പാറമേക്കാവ് ക്ഷേത്രം മേൽശാന്തിയാണ് മഹേഷ്. മാളികപ്പുറം മേല്‍ശാന്തിയായി തൃശൂർ തൊഴിയൂർ വടക്കേക്കാട്ട് പൂക്കാട്ട് മനയിൽ പി.ജി. മുരളി തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.