ശബരിമല: നിയന്ത്രണങ്ങളിൽ ഇളവ്; തീർഥാടകർക്ക് സുഖദർശനം
text_fieldsശബരിമല: മരക്കൂട്ടത്തടക്കം പൊലീസ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ സന്നിധാനത്ത് തീർഥാടകരുടെ തിരക്കിന് ശമനമായി. അനാവശ്യ നിയന്ത്രണങ്ങൾ തീർഥാടനത്തിന് തടസ്സം സൃഷ്ടിക്കുന്നതായി ദേവസ്വം ബോർഡ് പരാതിപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച പമ്പയിൽ നടന്ന യോഗം ശരണപാതയിലും സന്നിധാനത്തുമടക്കമുള്ള അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിക്കാൻ നിർദേശിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ച മുതൽ തീർഥാടകരെ മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് കടത്തിവിട്ടു തുടങ്ങി. മുഴുവൻ തീർഥാടകരെയും മരക്കൂട്ടത്തുനിന്ന് ശരംകുത്തി വഴിയാണ് വ്യാഴാഴ്ച വരെ കടത്തിവിട്ടിരുന്നത്. ഇത് മണിക്കൂറുകൾ നീണ്ട ക്യൂവിന് ഇടയാക്കിയിരുന്നു. പതിനെട്ടാംപടിയിൽ തീർഥാടകരെ കടത്തിവിടുന്നതും വേഗത്തിലായി.
വെള്ളിയാഴ്ച രാവിലെ മുതൽ ഒരു മിനിറ്റിൽ 75 മുതൽ 80 വരെ തീർഥാടകർ പതിനെട്ടാംപടി കയറുന്നുണ്ട്. വലിയ നടപ്പന്തലിന് അപ്പുറത്തേക്ക് തീർഥാടകരുടെ നിര നീണ്ടില്ല. ദർശനവും വഴിപാടുകളും പൂർത്തിയാക്കിയവരെ സമയബന്ധിതമായി പമ്പയിലേക്ക് മടക്കിയയക്കുന്ന കാര്യത്തിലും പൊലീസ് ഇടപെടൽ ഫലപ്രദമായി തുടങ്ങിയിട്ടുണ്ട്. പ്രായമേറിയവർക്കും കുട്ടികൾക്കുമായി തിങ്കളാഴ്ച മുതൽ നടപ്പന്തലിൽ പ്രത്യേക ക്യൂ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. സുഖദർശനം ഉറപ്പാക്കണമെന്ന ഡി.ജി.പിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സോപാനത്ത് ജോലി ചെയ്യുന്ന പൊലീസുകാരുടെ സമീപനത്തിനും മാറ്റമുണ്ടായി. പൊലീസ് സേനയുടെ എണ്ണത്തിലും വർധന വരുത്തി. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 1335 പേരടങ്ങുന്ന പൊലീസ് സേനയുടെ പുതിയ ബാച്ച് ശനിയാഴ്ച സന്നിധാനത്ത് ചുമതലയേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.