പൂർണ സംതൃപ്തിയോടെ അയ്യപ്പസന്നിധിയിൽ നിന്ന് മടക്കം
text_fieldsശ്രീകണ്ഠപുരം: കഴിഞ്ഞ ഒരു വർഷക്കാലം അയ്യപ്പനെ സേവിച്ചു. പൂർണ്ണ സംതൃപ്തിയോടെ വീട്ടിലേക്ക് മടക്കം. ശബരിമലയിൽ നിന്ന് തിരികെ മലപ്പട്ടം അഡൂരിലെ ഇല്ലത്തെത്തിയ മുൻ മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി (49) യുടെ വാക്കുകളാണിത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ജയരാമൻ നമ്പൂതിരി വീട്ടിലെത്തിയത്. ഭാര്യയും മക്കളും കുടുംബാംഗങ്ങളും ചേർന്ന് വിളക്കുമേന്തി വീട്ടിനകത്തേക്ക് അദ്ദേഹത്തെ ആനയിച്ചു. അഡൂർ ശിവക്ഷേത്ര കമ്മിറ്റി നേതൃത്വത്തിൽ നാട്ടുകാരും സ്വീകരണമൊരുക്കിയിരുന്നു.
എല്ലാം കൊണ്ടും ഒരു വർഷം അയ്യപ്പനെ സേവിക്കാൻ ലഭിച്ചത് മഹാഭാഗ്യമായാണ് കാണുന്നത്. പ്രകൃതി പോലും കഴിഞ്ഞ വർഷം വളരെ അനുകൂലമായിരുന്നു. ഒരു പാട് ഭക്തരുടെ പിന്തുണയുണ്ടായി. വിവാദങ്ങളൊന്നുമുണ്ടായില്ല. ഏറ്റവും കൂടുതൽ ഭക്തർ മലകയറിയ വർഷം കൂടിയാണ് കഴിഞ്ഞത്. ഇനി നേരത്തെ ചെയ്ത ക്ഷേത്രങ്ങളിൽ താന്ത്രിക വിദ്യ ചെയ്യുമെന്നും ജയരാമൻ നമ്പൂതിരി പറഞ്ഞു. ശബരിമല എക്സിക്യൂട്ടിവ് ഓഫീസറും അദ്ദേഹത്തെ അനുഗമിച്ച് ഇവിടെയെത്തിയിരുന്നു. എട്ടുവർഷം തുടർച്ചയായി ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനായി അപേക്ഷിച്ചതിൽ ഏഴ് തവണയും അന്തിമ പട്ടികയിൽ ഇടം നേടിയിട്ടും കഴിഞ്ഞ വർഷമാണ് ജയരാമൻ നമ്പൂതിരിക്ക് നറുക്ക് വീണത്. കണ്ണൂർ ചൊവ്വ മഹാദേവക്ഷേത്രത്തിലെ മേൽശാന്തിയായിരിക്കെയായിരുന്നു ശബരിമലയിൽ നിയോഗം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.