ശബരിമല: ആംബുലൻസ് നിരസിച്ചതിനു പിന്നിൽ അധികൃതരുടെ പടലപ്പിണക്കം
text_fieldsശബരിമല: മണ്ഡല -മകരവിളക്ക് തീർത്ഥാടന കാലത്ത് സന്നിധാനത്തെ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി അയ്യപ്പ സേവാ സംഘം വിട്ടു നൽകാമെന്ന് വാഗ്ദാനം ചെയ്ത ആംബുലൻസുകൾ നിരസിച്ചതിനു പിന്നിൽ വനം വകുപ്പും ദേവസ്വം ബോർഡ് തമ്മിലുള്ള പടല പിണക്കമെന്ന ആക്ഷേപം ഉയരുന്നു. ശബരിമല സന്നിധാനത്തും ചരൽമേട്ടിലുമാണ് മല കയറാനും ഇറങ്ങാനും സാധ്യമായ തരത്തിലുള്ള രണ്ട് ആംബുലൻസുകൾ ഉള്ളത്. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ രണ്ട് ആംബുലൻസുകൾ മണ്ഡലകാല ആരംഭത്തിൽ തന്നെ അയ്യപ്പ സേവാ സംഘം പമ്പയിൽ എത്തിച്ചിരുന്നു.
എന്നാൽ ഇരു വകുപ്പുകൾ തമ്മിലുള്ള പടലപ്പിണക്കത്തെ തുടർന്ന് രണ്ടു വാഹനങ്ങൾക്കും അനുമതി നിഷേധിക്കപ്പെട്ട സാഹചര്യമാണുള്ളത്. മാളികപ്പുറം നടക്ക് സമീപത്തെ വെടിപ്പുരയിൽ കഴിഞ്ഞ ദിവസം ഉണ്ടായ പൊട്ടിത്തെറിയിൽ ഗുരുതര പരിക്കേറ്റ മൂന്ന് കരാർ തൊഴിലാളികളെ സന്നിധാനത്തു നിന്നു പമ്പയിലെ ആശുപത്രിയിൽ എത്തിക്കുന്നതിന് ആംബുലൻസിന്റെ കുറവ് മൂലം കാലതാമസം നേരിട്ടിരുന്നു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാളുമായി പമ്പ ആശുപത്രിയിലേക്ക് പോയ ആംബുലൻസ് തിരികെ എത്തിയ ശേഷമാണ് പരിക്കേറ്റ രണ്ടാമനെ പമ്പയിൽ എത്തിക്കാനായത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പമ്പയിൽ പാർക്ക് ചെയ്തിരിക്കുന്ന ആംബുലൻസുകൾ താൽക്കാലികമായി വിട്ടു നൽകാൻ അയ്യപ്പസേവാസംഘം വീണ്ടും സന്നദ്ധത അറിയിച്ചത്. ഈ തീർത്ഥാടന കാലം ആരംഭിച്ച ശേഷം ഹൃദ് രോഗബാധയെ തുടർന്ന് ഏറ്റവുമധികം തീർത്ഥാടകർക്ക് ജീവഹാനി സംഭവിച്ചത് നിലിമല, അപ്പാച്ചിമേട് ഭാഗങ്ങളിൽ വെച്ചായിരുന്നു.
ഇത്തരത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്ന തീർത്ഥാടകരെ മികച്ച വൈദ്യസഹായം ലഭ്യമാക്കുന്നതിനായി അടിയന്തിരമായി പമ്പയിൽ എത്തിക്കാൻ കൂടുതൽ സംവിധാനം വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം മുന്നോട്ട് വെച്ചിരുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കെയാണ് വനം വകുപ്പും ദേവസ്വം ബോർഡും നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അയ്യപ്പ സേവാ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.