ശബരിമല തിരക്ക് നിയന്ത്രിക്കുന്നതിൽ പാളിച്ച: മൂന്ന് സ്പെഷൽ ഓഫിസർമാരെ നീക്കി
text_fieldsശബരിമല: തിരക്ക് നിയന്ത്രിക്കുന്നതിലെ പാളിച്ചയെ തുടർന്ന് മൂന്ന് സ്പെഷൽ ഓഫിസർമാരെ സ്ഥാനത്തു നിന്നും നീക്കി. സന്നിധാനത്തെയും പമ്പയിലെയും നിലയ്ക്കലിനെയും സ്പെഷൽ ഓഫിസർന്മാരെയാണ് സ്ഥാനത്ത് നിന്നും നീക്കിയത്.
സന്നിധാനം സ്പെഷൽ ഓഫിസർ കെ.ഇ. ബൈജു, പമ്പ സ്പെഷൽ ഓഫിസർ പൂങ്കുഴലി, നിലക്കൽ സ്പെഷൽ ഓഫിസർ സോജൻ എന്നിവരെയാണ് ചുമതലയിൽനിന്നും നീക്കം ചെയ്തത്. 14ാം തീയതി വരെയായിരുന്നു മൂവരുടേയും കാലാവധി. ഇവർക്ക് പകരം സന്നിധാനം സ്പെഷൽ ഓഫിസറായി കൊച്ചി ഡി.സി.പി സുദർശനനെയും പമ്പ സ്പെഷൽ ഓഫിസറായി എസ്. മധുസൂദനനെയും നിലയ്ക്കൽ സ്പെഷൽ ഓഫിസറായി കെ.വി. സന്തോഷിനെയും നിയമിച്ചു.
സന്നിധാനത്തടക്കം തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസിന് സംഭവിച്ച പാളിച്ചയും പമ്പ - സന്നിധാനം ശരണപാതയിൽ മണിക്കൂറുകൾ കാത്തു നിന്നിട്ടും ദർശനം പൂർത്തിയാക്കാൻ സാധിക്കാതെ തീർത്ഥാടകർ മലയിറങ്ങേണ്ടി വന്ന സാഹചര്യവും കണക്കിലെടുത്താണ് ഓഫിസർമാരെ നീക്കിയത്.
ദർശനത്തിനായി പമ്പയിൽ നിന്നും മല കയറിയ തീർഥാടകർക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളായി 15 മണിക്കൂറിലേറെ നേരം കാത്തുനിന്ന ശേഷമാണ് ദർശനം ലഭിച്ചത്. മണിക്കൂറുകൾ കാത്തുനിന്നിട്ടും പാതി വഴിയിൽ കുടുങ്ങിപ്പോയ കൊച്ചു മാളികപ്പുറങ്ങളും പ്രായാധിക്യമുള്ളവരുമായ നൂറുകണക്കിന് തീർത്ഥാടകർ ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായി ദർശനം പൂർത്തിയാക്കാതെ മലയിറങ്ങി. ഇവർ പന്തളം ക്ഷേത്രത്തിലെത്തി ചടങ്ങുകൾ പൂർത്തിയാക്കി മടങ്ങുന്ന സാഹചര്യവും ഇക്കുറി ഉണ്ടായി.
ഈ സംഭവങ്ങൾ പത്ര- ദൃശ്യ മാധ്യമങ്ങൾ വാർത്തയാക്കിയതിന് പിന്നാലെയാണ് നടപടി. തിരക്ക് നിയന്ത്രിക്കുന്നതിൽ മുൻപരിചയം ഉള്ള ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിക്കുമെന്ന് ദേവസ്വം റവന്യൂ സ്പെഷ്യൽ സെക്രട്ടറി എം.ജി. രാജമാണിക്യം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.