ശബരിമല ദർശനം: ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത് ഒരു ലക്ഷത്തിലേറെ പേർ; റെക്കോർഡ് രജിസ്ട്രേഷനാണിത്
text_fieldsശബരിമലയിലേക്കുള്ള തീർഥാടകരുടെ എണ്ണം ഏറുന്നു. ഇന്ന് 1,04,478 പേരാണ് ദർശനത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിയന്ത്രണങ്ങൾ പ്രഖ്യാപിക്കും മുമ്പേ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരാണ് ഇവരെല്ലാം. വെർച്വൽ ക്യൂ സംവിധാനത്തിൽ ഈ സീസണിലെ റെക്കോർഡ് രജിസ്ട്രേഷനാണിത്.
ഞായറാഴ്ച മുതൽ കുട്ടികൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി നടപ്പന്തലിൽ പ്രത്യേക ക്യൂ ഒരുക്കിയിട്ടുണ്ട്. നടപ്പന്തലിന്റെ തുടക്കം മുതൽ പതിനെട്ടാംപടി വരെയാണ് ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള പ്രത്യേക സംവിധാനം. തിരക്ക് വൻതോതിൽ കൂടിയാൽ പമ്പമുതൽ തീർഥാടകരെ ഘട്ടം ഘട്ടമായി കടത്തിവിടുന്നത് അടക്കമുള്ള നിയന്ത്രണങ്ങൾ ഉണ്ടാവും.
മലയിറങ്ങി തിരിച്ചുപോകുന്നവർ പമ്പയിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ബസ് സർവീസുകൾ തുടങ്ങിയതായി ദേവസ്വം ബോർഡ് അറിയിച്ചു. ക്രിസ്മസ് അവധിയുൾപ്പെടെ വരുന്ന സാഹചര്യത്തിൽ മണ്ഡലപൂജയ്ക്ക് അടുപ്പിച്ച് വരും ദിവസങ്ങൽ തിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ. ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക് അടക്കമുള്ള വിവിധ ഹർജികൾ ഹൈക്കോടതി ദേവസ്വം ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.തിരക്ക് നിയന്ത്രിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ ദേവസ്വം ബോർഡും സർക്കാരും ഇന്ന് വിശദീകരിക്കും. തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിർദേശങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.