ശബരിമല: നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ട് ചളിക്കുളം
text_fieldsശബരിമല: ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ട് ചളിക്കുളമായത് വാഹനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. മഴ പെയ്യുമ്പോൾ ഇന്റർലോക്ക് പാകാത്ത ഭാഗങ്ങളിൽ വെള്ളം കെട്ടുന്നതാണ് കാരണം. ഫണ്ടിന്റെ അപര്യാപ്തതയാണ് പൂർണമായി ഇന്റർലോക്ക് പാകാൻ തടസ്സമായത്. ഫണ്ട് ലഭിക്കുന്ന മുറക്ക് മാത്രമാണ് നിർമാണ പ്രവർത്തനം.
ടെമ്പോ ട്രാവലറുകള്‍ പാര്‍ക്ക് ചെയ്യുന്ന 4 ാം നമ്പർ ഗ്രൗണ്ടിലും 15 ാം നമ്പര്‍ പാര്‍ക്കിങ് ഗ്രൗണ്ടിലും ആര്.എ നമ്പറിലും ചളി നിറഞ്ഞു. വഴുക്കല്മൂലം വാഹനങ്ങള്‍ തെന്നിമാറി അപകടത്തിൽപെടാനുള്ള സാധ്യതയുമുണ്ട്. മഴ പെയ്യുമ്പോൾ ചക്രങ്ങള്‍ ചളിയില്‍ കറങ്ങുന്നതു മൂലം വാഹനങ്ങൾ ഗ്രൗണ്ടിലേക്ക് കയറാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഗ്രൗണ്ട് പൂര്‍ണമായും ഇന്റര്‍ ലോക്ക് ചെയ്യാത്തത് മൂലം കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും കഴിയുന്നില്ല. റബര്‍ മരങ്ങള്‍ ഉള്ളതിനാലും മരങ്ങള്‍ക്ക് ചുറ്റുമുള്ള ഭാഗങ്ങള്‍ പല തട്ടിലായതിനാലും അടുത്തടുത്ത് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധ്യമല്ല.
ക്രമമായി വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ നടപടി ആവശ്യമാണ്. കരാറുകാരൻ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചെങ്കില് മാത്രമേ പാർക്കിങ് കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയൂ. പാർക്കിങ് ക്രമീകരണങ്ങള്‍ക്കായി കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കരാറുകാരന് ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കൂടാതെ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കുള്ള വഴിയിലൂടെ വാഹനം പോകുന്ന സമയത്ത് പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നതിനാല്‍ വാഹനങ്ങള്‍ ഗ്രൗണ്ടിലെത്തിയ ശേഷമേ ഫീസ് പിരിക്കാവൂയെന്ന് എ.ഡി.എം നിർദേശം നല്കി. നിലവില്‍ 7100 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.