ശബരിമല തീർഥാടനത്തിന് തുടക്കം
text_fieldsശബരിമല: ശബരിമലയിൽ ഇനി ശരണ ഘോഷത്തിന്റെ നാളുകൾ. മണ്ഡലകാല മഹോത്സവത്തിനായി നട തുറന്നു. തീർഥാടനത്തിന് തുടക്കംകുറിച്ച് തന്ത്രി മഹേഷ് മോഹനരാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് നട തുറന്നത്. നട തുറക്കുന്ന സമയം അയ്യപ്പഭക്തരുടെ നീണ്ട നിരയായിരുന്നു നടപ്പന്തലിൽ.
കനത്ത മഴയെ അവഗണിച്ച് ഉച്ചയോടെതന്നെ ആയിരക്കണക്കിന് ഭക്തരാണ് മല ചവിട്ടിയെത്തിയത്. നട തുറന്നശേഷം തന്ത്രി സോപാനത്തിലെ മണി മുഴക്കി ശ്രീകോവിലിൽ നെയ് വിളക്ക് തെളിച്ചതോടെ മലമുകളിൽ ശരണാരവം ഉച്ചസ്ഥായിയിലായി.
അടുത്ത ബന്ധു മരിച്ചതിനെത്തുടർന്ന് മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിക്ക് പുല ആയതിനാൽ കീഴ്ശാന്തി എസ്. നാരായണൻ പോറ്റിയാണ് നിയുക്ത ശബരിമല മേൽശാന്തി പി.എൻ. മഹേഷ്, മാളികപ്പുറം മേൽശാന്തി പി.ജി. മുരളി എന്നിവരെ പതിനെട്ടാംപടിക്ക് താഴെനിന്ന് സോപാനത്തിലേക്ക് ആനയിച്ചത്.
തന്ത്രിയുടെ കാർമികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്ത് നിയുക്ത മേൽശാന്തിമാരുടെ അവരോഹണച്ചടങ്ങ് നടന്നു. തുടർന്ന് നടയിലേക്ക് പ്രവേശിച്ച നിയുക്ത മേൽശാന്തി പി.എൻ. മഹേഷിന്റെ കാതിൽ തന്ത്രി മൂലമന്ത്രം ചൊല്ലി നൽകി. തന്ത്രിയും മേൽശാന്തിയും പതിനെട്ടാംപടി ഇറങ്ങി താഴെ തിരുമുറ്റത്തെ ആഴിയിൽ ദീപം തെളിച്ചു. രാത്രി പത്തിന് നട അടച്ചു.
വൃശ്ചികം ഒന്നായ വെള്ളിയാഴ്ച പുലർച്ച മൂന്നിന് പുതിയ മേൽശാന്തിമാരാകും ശബരിമല, മാളികപ്പുറം നടകൾ തുറക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ ജി. സുന്ദരേശൻ, അജി കുമാർ, പ്രമോദ് നാരായണൻ എം.എൽ.എ, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, സ്പെഷൽ കമീഷണർ എം. മനോജ് തുടങ്ങിയവർ നട തുറന്ന വേളയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.