ശബരിമല തീർഥാടകരെ കെ.എസ്.ആർ.ടി.സി പാതിവഴിയിൽ ഇറക്കിവിടുന്നതായി പരാതി
text_fieldsശബരിമല: നിലയ്ക്കൽ -പമ്പ കെ.എസ്.ആർ.ടി.സി ചെയിൻ സർവിസിൽ യാത്ര ചെയ്യുന്ന തീർഥാടകരെ പാതിവഴിയിൽ ഇറക്കിവിടുന്നതായും പൊലീസ് തീർത്ഥാടകരോട് മോശമായി പെരുമാറുന്നതായും പരാതി. രാവിലെ ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തരോടാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും മോശമായി പെരുമാറിയത്.
യാത്രക്കാരനായ കണ്ണൂർ സ്വദേശി ഗണേശൻ എന്ന തീർഥാടകന് പൊലീസ് ഉദ്യോഗരുടെ ബൂട്ടിന്റെ ചവിട്ടേറ്റ് കാലിൽ നിന്നും ചോര പൊടിഞ്ഞു. പമ്പാ-നിലയ്ക്കൽ ചെയിൻ സർവിസിൽ യാത്ര ചെയ്യുന്ന തീർഥാടകരെ അതാത് ബസ് സ്റ്റാന്റുകളിലല്ലാതെ യാത്രാ മധ്യേ ഇറക്കിവിടരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഹൈകോടതിയുടെ ഈ നിർദേശം അവഗണിച്ചാണ് തീർഥാടകരെ നിലയ്ക്കൽ ബസ് സ്റ്റാന്റിന് അര കിലോമീറ്റർ അകലെ ഇറക്കിവിടുന്നത്.
ഇതു മൂലം തീർഥാടനം കഴിഞ്ഞ് ക്ഷീണിതരായി എത്തുന്ന ഭക്തർ വീണ്ടും ദീർഘദൂരം നടക്കേണ്ടി വരുന്നത് കൂടുതൽ അവശരാക്കുന്നുണ്ട്. ഏതാനും ദിവസം മുൻപ് തീർഥാടകരെ നിലയ്ക്കൽ ബസ് സ്റ്റാൻഡിലെത്തിക്കാതെ മഴയത്ത് ഇറക്കിവിട്ടതും വിവാദമായിരുന്നു. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ചില വ്യാപാരികളുടെ നിർദേശങ്ങൾക്കു വഴങ്ങിയാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.