തീർഥാടകർക്ക് കുടിവെള്ളത്തിന് 106 കിയോസ്കുകൾ; പ്ലാന്റിൽ ശുദ്ധീകരിക്കുന്നത് മണിക്കൂറിൽ 35,000 ലിറ്റർ വെള്ളം
text_fieldsശബരിമല: തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാനായി ശരണപാതകളിൽ ശബരീതീർത്ഥം എന്ന പേരിൽ സ്ഥാപിച്ചിരിക്കുന്നത് 106 കുടിവെള്ള കിയോസ്കുകൾ. ജലവിതരണ വകുപ്പും, ദേവസ്വം ബോർഡും ചേർന്ന് സ്ഥാപിച്ചിരിക്കുന്ന കിയോസ്കുകളിൽ 'റിവേഴ്സ് ഓസ്മോസിസ് '(RO) പ്രക്രിയ വഴി ശുദ്ധീകരിച്ച ജലമാണ് ലഭിക്കുന്നത്. മണിക്കൂറിൽ 35,000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്.
പമ്പ ത്രിവേണിയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം പമ്പ, നീലിമലബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലെ ടാങ്കുകളിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്. പമ്പയിൽ 2.8 ലക്ഷം ലിറ്റർ, രണ്ട് ലക്ഷം ലിറ്റർ, 1. 35 ലക്ഷം ലിറ്റർ എന്നിങ്ങനെ സംഭരണശേഷിയുള്ള മൂന്ന് ടാങ്കുകളുണ്ട്. നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ടാങ്കുകൾക്ക് രണ്ട് ലക്ഷം ലിറ്റർ വീതമാണ് സംഭരണശേഷി. ശരംകുത്തിയിലേത് ആറ് ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്ക് ആണ്.
ഇത് കൂടാതെ പാണ്ടിത്തളത്തിന് സമീപം ദേവസ്വം ബോർഡിൻറെ 40 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്കുകൾ ഉണ്ട്. കുന്നാർ ഡാമിൽ നിന്നാണ് ദേവസ്വം ബോർഡ് ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്നത്. ഇവിടെ ആവശ്യത്തിന് വെള്ളം ഇല്ലാതെ വരുന്ന അവസരങ്ങളിൽ വാട്ടർ അതോറിറ്റി ഈ ടാങ്കുകളിലേക്കും വെള്ളം എത്തിക്കും.
പമ്പ ഹിൽ ടോപ്പിൽ പ്രളയത്തിൽ തകർന്ന വിതരണ പൈപ്പുകൾ പുനസ്ഥാപിച്ചു വെള്ളമെത്തിക്കാനും കഴിഞ്ഞു. ഹിൽടോപ്പിൽ ചെറു വാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചുകൊണ്ട് ഹൈകോടതി ഉത്തരവുണ്ടായതിനേത്തുടർന്നാണ് അടിയന്തരമായി ഇവിടെയും വെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ചതെന്ന് ജലവിതരണ വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.