മണ്ഡലകാലം പിറന്നു, ഇരുമുടിക്കെട്ടിന് വിലക്കയറ്റ ഭാരം
text_fieldsതൃശൂർ: ശരണമന്ത്രങ്ങളാൽ മുഖരിതമാകുന്ന മണ്ഡലകാലം പിറന്നു. പാപഭാരങ്ങളുടെ ഇരുമുടിക്കെട്ടുമായി ദുരിതങ്ങളൊഴിയാനുള്ള ശരണപാത താണ്ടാനുള്ള സ്വാമിമാരുടെ ഒരുക്കത്തെ വിലക്കയറ്റം കാര്യമായി ബാധിക്കുമെന്ന സൂചനയാണ് വിപണി നൽകുന്നത്. നിത്യോപയോഗ സാധനങ്ങൾക്കെന്നപോലെ ശബരിമല തീർഥാടകർക്ക് ആവശ്യമായ സാധനങ്ങൾക്കൊക്കെ വില ഉയർന്നിട്ടുണ്ട്. ഇരുമുടിക്കെട്ടിനാവശ്യമായ സാധനങ്ങൾക്ക് മുൻ വർഷത്തേക്കാൾ 10 മുതൽ 40 വരെ ശതമാനം വില ഉയർന്നിട്ടുണ്ടെന്നാണ് തൃശൂർ ഷൊർണൂർ റോഡിൽ തിരുവമ്പാടി ക്ഷേത്രത്തിന് സമീപം 25 വർഷത്തോളമായി പ്രവർത്തിക്കുന്ന സമിത പൂജാ സ്റ്റോഴ്സ് ഉടമ സന്തോഷ് പറയുന്നത്.
പാപങ്ങളും ദോഷങ്ങളുമൊഴിയാൻ ഇരുമുടിക്കെട്ടിലെ തേങ്ങയിൽ നിറക്കുന്ന നെയ്യിനാണ് വലിയ വിലക്കയറ്റമുണ്ടായത്. ലിറ്ററിന് 720 രൂപയാണ് വില. സാധാരണ മാലകൾക്ക് 100 രൂപ വരെയാണ് വില. കുറച്ചുകൂടി ആർഭാടമാക്കിയാൽ 200ഉം കടക്കും. ലോക്കറ്റിന്റെ വില 30 രൂപ വരെയാണ്. മുണ്ടിന് 100 രൂപ മുതൽ 300 രൂപ വരെയുണ്ട്. കാണിപ്പൊന്നിന് 10 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 25 രൂപ വരെയായി. ഉണക്കല്ലരിക്കും അനുബന്ധ ഉൽപന്നങ്ങളായ അവലിനും മലരിനും നിലം തൊടാത്ത വിലക്കുതിപ്പാണ്. അരിക്ക് നേരത്തേ 35 വരെ എത്തിയിരുന്നത് ഇപ്പോൾ 55ഉം 60ഉം വരെയുണ്ട്.
ശർക്കരക്ക് കിലോക്ക് 70ഉം 80ഉം എത്തി. അവലിന് 30 രൂപയുണ്ടായിരുന്നത് ഇപ്പോൾ 65ഉം 70ഉം എത്തി. മലരിന് 60 രൂപയുണ്ടായിരുന്നത് ഇപ്പോൾ 100 വരെയായി. കൽക്കണ്ടം വില 30ൽനിന്ന് 80ലെത്തി. എള്ളിന് 240ഉം എണ്ണ ലിറ്ററിന് 220ഉം 250ഉം വിലയുണ്ട്. ചന്ദനത്തിരി 10 രൂപയുടെ പാക്കറ്റായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴാകട്ടെ അമ്പതിന്റെയും നൂറിന്റെയും 200ന്റെയും പാക്കറ്റുകളാണുള്ളത്. കർപ്പൂരം ചൈനയിൽനിന്നും വിയറ്റ്നാമിൽനിന്നുമാണ് വരുന്നത്. കിലോക്ക് 900 രൂപയാണ് വില. സൈഡ് ബാഗിന്100 മുതൽ 150 വരെയുണ്ട്. പൂജസാധനങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും ഭസ്മം, കളഭം എന്നിവക്കൊഴികെ ബാക്കിയെല്ലാത്തിനും നികുതിയുണ്ട്.
ക്ഷേത്രങ്ങളിൽ വിപുല സൗകര്യങ്ങൾ
തൃശൂർ: അയ്യപ്പന്മാർക്കായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്. വടക്കുന്നാഥ ക്ഷേത്രത്തിൽ ദിവസവും 750 പേർക്ക് അന്നദാനമൊരുക്കിയിട്ടുണ്ട്. അയ്യപ്പന്മാർക്കുള്ള ഇടത്താവളവും ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ നിർവഹിക്കും.
ഗുരുവായൂർ ഒരുങ്ങി
ഗുരുവായൂർ: ശബരിമല തീർഥാടകരെ സ്വീകരിക്കാൻ ദേവസ്വവും നഗരസഭയും ഒരുങ്ങി. ശബരിമല തീർഥാടകർക്ക് ദർശനത്തിനായി പ്രത്യേക വരിസംവിധാനം ഒരുക്കും. മണ്ഡല കാലം പ്രമാണിച്ച് ക്ഷേത്രം നട വൈകീട്ട് ഒരു മണിക്കൂർ നേരത്തേ തുറക്കും. വൈകീട്ട് 3.30നാണ് ശബരിമല തീർഥാടന കാലം കഴിയും വരെ തുറക്കുക. വിരിവെക്കാൻ വടക്കേ പന്തൽ ഭാഗത്ത് സൗകര്യം ഉണ്ടാകും. കെട്ടുനിറക്കായി ദേവസ്വം സ്റ്റാൾ പടിഞ്ഞാറെ നടയിൽ പ്രവർത്തന സജ്ജമായി. പാർക്കിങ് ഗ്രൗണ്ടുകളും സജ്ജമാക്കിയിട്ടുണ്ട്.
ക്ഷേത്രപരിസരത്തെ വഴിയോര കച്ചവടം ഒഴിവാക്കാൻ പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ഫ്രീ സത്രം മുതൽ ഗോകുലം ഹോട്ടൽ വരെയും കിഴക്കേ നട റോഡ് മുതൽ വാഹന പാർക്കിങ് സമുച്ചയം വരെയുമുള്ള ഭാഗത്ത് പാർക്കിങ് അനുവദിക്കില്ല. വാഹന പാർക്കിങ് സമുച്ചയത്തിന് തെക്കുഭാഗത്ത് ഇരുചക്രവാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കും. നഗരസഭയുടെ പ്രഥമ ശുശ്രൂഷ കേന്ദ്രം വെള്ളിയാഴ്ച രാവിലെ 10ന് നഗരസഭ അധ്യക്ഷൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.