മണ്ഡലകാലം: തീർഥാടകരുടെ ഒഴുക്ക് തുടങ്ങി
text_fieldsകോട്ടയം: മണ്ഡലകാലം ആരംഭിച്ചതോടെ കോട്ടയത്തേക്ക് തീർഥാടകരുടെ ഒഴുക്ക് തുടങ്ങി. തീർഥാടകരെ വരവേൽക്കാൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒരുക്കം പൂർത്തിയായി. ഇൻഫർമേഷൻ കൗണ്ടറിൽ തമിഴ് അറിയാവുന്നവരടക്കം കൂടുതൽ ജീവനക്കാരെ നിയമിച്ചു.
സ്റ്റേഷനു പുറത്തുള്ള പിൽഗ്രിം സെന്ററിലെ രണ്ടാംനിലയും തീർഥാടകർക്ക് തുറന്നുകൊടുത്തു. രണ്ടാംനിലയിൽ 20 വീതം ടോയ്ലറ്റും കുളിമുറികളുമുണ്ട്. പുതിയ ക്ലോക്ക് റൂം ഒരുക്കി. എ.സി വെയ്റ്റിങ് ഹാളിൽ 10 കുളിമുറികളുണ്ട്. കൂടാതെ 10 പേ ആൻഡ് യൂസ് ടോയ്ലറ്റുമുണ്ട്. സ്ത്രീകളുടെ വെയ്റ്റിങ് റൂം വലുതാക്കുന്നതിന്റെ പണി നടക്കുകയാണ്.
ഒരു ടോയ്ലറ്റാണ് നിലവിൽ ഉള്ളത്. ഇവിടെ മൂന്നു ടോയ്ലറ്റാണ് പണിയുന്നത്. കാത്തിരിപ്പു സൗകര്യങ്ങളും വിപുലമാക്കും. അപ്പർ ക്ലാസ് വെയ്റ്റിങ് റൂം അടുത്തയാഴ്ച തുറക്കും. രണ്ടാം കവാടത്തിൽ പാർക്കിങ് സൗകര്യം ഒരുക്കും. ടാറിങ്ങിന് ടെൻഡറായി. മഴ കാരണമാണ് വൈകുന്നത്.
ഡിസംബർ അവസാനമേ രണ്ടാംകവാടം തുറന്നുകൊടുക്കൂ. എന്നാൽ, പാർക്കിങ് സ്ഥലം മണ്ഡലകാലത്തുതന്നെ തുറക്കും. ഇതോടെ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ലഭിക്കും. മണ്ഡലകാലം തുടങ്ങിയതോടെ നിലവിലെ പാർക്കിങ് സ്ഥലം മതിയാകാത്ത അവസ്ഥയുണ്ട്. സ്റ്റേഷനു മുന്നിൽ വാഹനം നിർത്തി ആളെ ഇറക്കിയാൽ റോഡ് മുഴുവൻ ഗതാഗതം തടസ്സപ്പെടും. കെ.എസ്.ആർ.ടി.സി, റെന്റ് എ കാർ, റെന്റ് എ ടാക്സി, പ്രീപെയ്ഡ് ടാക്സി കൗണ്ടറുകളും റെയിൽവേ സ്റ്റേഷനിൽ തുടങ്ങി.
കോട്ടയത്തേക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ
തീർഥാടകരുടെ സൗകര്യാർഥം ചെന്നൈ സെൻട്രലിൽനിന്ന് കോട്ടയത്തേക്ക് കൂടുതൽ പ്രതിവാര സ്പെഷൽ ട്രെയിനുകൾ തുടങ്ങി. കോട്ടയത്തേക്കും തിരിച്ചും ഏഴുവീതം സർവിസാണ് ഉണ്ടാവുക. ഈമാസം 26, ഡിസംബർ മൂന്ന്, പത്ത്, 17, 24, 31 തീയതികളിൽ രാത്രി 11.30ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന വണ്ടി (06027) പിറ്റേന്ന് ഉച്ചക്ക് 1.10ന് കോട്ടയത്തെത്തും.
തിരിച്ചുള്ള ട്രെയിൻ (06027) ഈമാസം 27, ഡിസംബർ നാല്, 11, 18, 25 തീയതികളിൽ വൈകീട്ട് ഏഴിന് കോട്ടയത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് ചെന്നൈയിലെത്തും. പെരമ്പൂർ, ആർക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.