ശബരിമല തീര്‍ഥാടന മുന്നൊരുക്കം; ഇനി ഫണ്ട് പരിശോധനക്ക് ശേഷമെന്ന് മന്ത്രി എം.ബി. രാജേഷ്
text_fieldsപത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട് അനുവദിച്ച തുക കൃത്യമായി വിനിയോഗിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പരിശോധനക്ക് ശേഷമായിരിക്കും അടുത്തവര്‍ഷം പണം അനുവദിക്കുകയെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാർ ഗ്രാന്റ് ലഭിച്ച 38 തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് റാന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മുന്നൊരുക്കം നടത്താൻ 32 പഞ്ചായത്തുകള്‍ക്കായി 2.31 കോടി രൂപയും ആറ് നഗരസഭകള്‍ക്കായി 1.05 കോടി രൂപയും അനുവദിച്ചിരുന്നു. തുക വിനിയോഗിക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. ഫണ്ട് വിനിയോഗത്തില്‍ വീഴ്ചകള്‍ ഉണ്ടാകാതെ മുന്നോട്ടുപോകാന്‍ പരിശ്രമിക്കണം. ഇടത്താവളങ്ങളില്‍ പാര്‍ക്കിങ് സൗകര്യം കണ്ടെത്തണം. തിരക്ക് കൂടുമ്പോള്‍ മാലിന്യ സംസ്കരണവും പ്രയാസമാവും. മാലിന്യ സംസ്കരണത്തിന് ഹരിതകര്‍മ സേനയെ നിയോഗിക്കണം. ഇനിയും കടവുകളിൽ സുരക്ഷ ബോര്‍ഡുകൾ സ്ഥാപിക്കാത്ത പഞ്ചായത്തുകൾ കാലതാമസം കൂടാതെ അവ സ്ഥാപിക്കണം.
മകരവിളക്കിനോട് അനുബന്ധിച്ച് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കണം. എരുമേലിയിലെ ഹരിത ചെക്ക്പോസ്റ്റ് മാതൃക ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളിലും സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരായ കെ.ആർ. സുമേഷ്, ബിനു ജോൺ, ഇടുക്കി പഞ്ചായത്ത് അസി. ഡയറക്ടർ ഷാജി, പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധ്യക്ഷന്മാരും സെക്രട്ടറിമാരും ജനപ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.