ആറന്മുളയിൽ നിന്ന് തങ്കഅങ്കി ഘോഷയാത്ര പുറപ്പെട്ടു; ബുധനാഴ്ച പമ്പയിലെത്തും, വ്യാഴാഴ്ച ഉച്ചക്ക് മണ്ഡല പൂജ
text_fieldsപത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്ര സന്നിധിയിൽ നിന്ന് പുറപ്പെട്ടു. ശരണം വിളികൾ മുഴങ്ങി ഭക്തിസാന്ദ്ര അന്തരീക്ഷത്തിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് തിരുവിതാംകൂർ മഹാരാജാവ് നടക്കുവെച്ച തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര പുറപ്പെട്ടത്.
ഘോഷയാത്രക്ക് 29 ഇടങ്ങളിൽ സ്വീകരണം നൽകും. ബുധനാഴ്ച ഉച്ചയോടെ ഘോഷയാത്ര പമ്പയിലും വൈകിട്ട് ആറിന് മണിക്ക് സന്നിധാനത്തും എത്തും. തുടർന്ന് വൈകിട്ട് ആറരക്ക് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും.
മണ്ഡലകാല ഉത്സവത്തിലെ പ്രധാന ചടങ്ങായ മണ്ഡലപൂജ 26ന് ഉച്ചക്ക് 12നും 12.30നും മധ്യേ നടക്കും. തുടർന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടക്കുന്നതോടെ 41 ദിനങ്ങൾ നീണ്ടുനിന്ന മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ച് മണിക്ക് നട വീണ്ടും തുറക്കും.
അതേസമയം, ശബരിമലയിൽ തീർഥാടകരുടെ വൻ തിരക്ക് കണക്കിലെടുത്ത് മണ്ഡലപൂജയുടെ പ്രധാന ദിവസങ്ങളായ ഡിസംബർ 25നും 26നും വെർച്വൽ ക്യൂവിന്‍റെ എണ്ണം കുറച്ചു. കൂടാതെ, സ്പോട്ട് ബുക്കിങ്ങും ഒഴിവാക്കി.
തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25ന് വെർച്വൽ ക്യൂ 54,444 പേർക്ക് മാത്രമായാണ് കുറവ് വരുത്തിയത്. മണ്ഡല പൂജ നടക്കുന്ന 26ന് 60,000 പേർക്കാണ് ദർശനത്തിന് അവസരമുള്ളത്.
സാധാരണ ദിവസങ്ങളിൽ വെർച്വൽ ക്യൂവിന്‍റെ എണ്ണം 70,000 ആയിരുന്നു. ഇതിന് പുറമേ ദർശനത്തിന് വരുന്ന എല്ലാവർക്കും സ്പോട്ട് ബുക്കിങ്ങും അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.