ശബരിമല വെർച്വൽ ക്യൂ 80,000 ആക്കും; രജിസ്റ്റർ ചെയ്തവരിൽ 15,000 പേർ ദിവസവും ദർശനത്തിനെത്തുന്നില്ല
text_fieldsശബരിമല: ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിങ് ഉടൻ 80,000 ആക്കി വർധിപ്പിക്കും. ഈ മാസം 27ന് നടക്കുന്ന 12 വിളക്കിന് മുമ്പായി വെർച്ചൽ ക്യൂ വഴിയുള്ള ബുക്കിങ് 80,000 ആക്കി ഉയർത്തും എന്നതാണ് ലഭിക്കുന്ന വിവരം. മണ്ഡല പൂജക്കായി നട തുറക്കുന്ന ദിനം മുതൽ 80,000 തീർത്ഥാടകർക്ക് വെർച്ചൽ ക്യൂ മുഖേന പ്രവേശനം നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ കോടതി നിർദേശം അവഗണിച്ച് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെർച്ചൽ ക്യൂ ബുക്കിങ് ദേവസ്വം ബോർഡ് 70,000 ആക്കി നിജപ്പെടുത്തുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമ്മീഷണർ മുമ്പ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
അതേസമയം ബുക്ക് ചെയ്തവരിൽ 15,000 പേരുടെയെങ്കിലും കുറവ് പ്രതിദിനം ഉണ്ടാവുന്നുണ്ട്. ഇവർ ബുക്കിങ് റദ്ദ് ചെയ്യാത്തതിനാൽ മറ്റുള്ളവർക്ക് ബുക്കിങ്ങിന് ഉള്ള അവസരം നഷ്ടമാകുന്നുണ്ട്. സ്പോട്ട് ബുക്കിങ് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കുറഞ്ഞിട്ടുണ്ട്. സ്പോട്ട് ബുക്കിങ്ങിനെ ചൊല്ലിയുള്ള വിവാദം മൂലം പമ്പയിൽ എത്തിയശേഷം ദർശനത്തിന് പോകാൻ കഴിയുമോ എന്ന ആശങ്കയും തീർത്ഥാടകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ സന്നിധാനത്ത് കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. ഇക്കാര്യം സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
എന്നാലും 12 വിളക്ക് മുതൽ സംസ്ഥാനത്തിന് അകത്തുനിന്നും അടക്കം എത്തുന്ന തീർത്ഥാടകരുടെ എണ്ണം ക്രമാതീതമായി വർധിക്കും. ഈ സാഹചര്യത്തിൽ വെർച്വൽ ക്യൂ മുഖേനയുള്ള എണ്ണം വർധിപ്പിച്ചില്ലെങ്കിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായേക്കാം എന്ന് ദേവസ്വം ബോർഡ് ഭയക്കുന്നുണ്ട്. ഇത് മുൻനിർത്തിയാണ് വെർച്ചൽ ബുക്കിങ് എണ്ണം അടിയന്തരമായി 80,000 ആക്കി ഉയർത്തും എന്നാണ് ലഭിക്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.