93ാം വയസിലും കാല്‍നടയായി ശങ്കരൻ നായര്‍ ശബരിമലയിലേക്ക്
text_fieldsകൊടകര: ഭക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തില്‍ 93ാം വയസിലും കാല്‍നടയായി ശബരിമല ദര്‍ശനത്തിന് പോവുകയാണ് പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശങ്കരന്‍നായര്‍. 57ാം വര്‍ഷമാണ് ഇദ്ദേഹം കാല്‍നടയായി മകരവിളക്ക് തൊഴാന്‍ ശബരിമലയിലേക്ക് പോകുന്നത്. 25ന് കൊഴിഞ്ഞാമ്പാറയിലെ കരുവാപ്പാറ ശിവക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ച് 26ന് രാവിലെ ആരംഭിച്ചതാണ് യാത്ര.
ദിവസവും 30 കിലോമീറ്ററോളം നടക്കും. രാത്രി ക്ഷേത്രങ്ങളോടനുബന്ധിച്ച് ഒരുക്കിയ വിശ്രമകേന്ദ്രങ്ങളിലാണ് അന്തിയുറക്കം. തിങ്കളാഴ്ച രാവിലെയാണ് കൊടകരയിലെത്തിയത്. പലപ്പോഴും ഒറ്റക്കാണ് യാത്ര. ഈ പ്രായത്തില്‍ തനിച്ചാണോ യാത്ര എന്നു ചോദിക്കുന്നവരോട് അയ്യപ്പസ്വാമി കൂടെയുണ്ട് എന്നാണ് മറുപടി.
തുടര്‍ച്ചയായി നിരവധി വര്‍ഷം ശബരിമല ദര്‍ശനം നടത്തി ഗുരുസ്വാമിയായി മാറിയ ഇദ്ദേഹം ഏകദേശം 12000 പേരെ ഇതിനകം ശബരിമലദര്‍ശനത്തിനു കൊണ്ടുപോയിട്ടുണ്ട്.
37ാം വയസിൽ ആദ്യമായി ശബരിമല ചവുട്ടിയ ശേഷം ഇതുവരെ ദര്‍ശനം മുടക്കിയട്ടില്ല. എല്ലാവര്‍ഷവും മകരവിളക്ക് കാലത്താണ് ശബരിമലക്ക് പോകാറുള്ളത്. ചേലക്കര മുഖാരിക്കുന്നില് ജനിച്ച ശങ്കരന്‍നായര്‍ മുംബൈയിലെ ജിന്‍ഡാല്‍ അലൂമിനിയം കമ്പനിയിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി വിരമിച്ചയാളാണ്. കൊഴിഞ്ഞാമ്പാറയിലാണ് താമസം. ഭാര്യ പത്മ മുംബൈയില്‍ കസ്റ്റംസ് ഓഫിസറായ മകന് കൃഷ്ണപ്രസാദിനൊപ്പമാണ്.
ചിട്ടയായ ജീവിതവും മിതമായ ഭക്ഷണവുമാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് ഈ വയോധികന് പറയുന്നു. തിങ്കളാഴ്ച കൊടകരയിലെത്തിയ ശങ്കരന്‍നായര്‍ പൂനിലാര്‍ക്കാവ് ക്ഷേത്രം ഊട്ടുപുരയില്‍ വിശ്രമിച്ച് ചൊവ്വാഴ്ച രാവിലെ യാത്ര തുടരും. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാല്‍നടയായി ശബരിമല യാത്ര തുടരണമെന്നാണ് ഈ അയ്യപ്പഭക്തന്റെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.