കതിനകൾ പൊട്ടിത്തെറിച്ച സംഭവം: സന്നിധാനത്തടക്കം സുരക്ഷ ഓഡിറ്റ് വേണം -സ്പെഷൽ കമീഷണർ
text_fieldsകൊച്ചി: കതിനകൾ പൊട്ടിത്തെറിച്ച് അപകടമുണ്ടായ പശ്ചാത്തലത്തിൽ ശബരിമല സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് ഹൈകോടതിയിൽ ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ട്. വെടി വഴിപാട് കരാറെടുത്തയാൾ ലൈസൻസ് വ്യവസ്ഥകൾ പാലിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി അഗ്നിരക്ഷാ സേന സ്പെഷൽ ഓഫിസർ നൽകിയ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് സ്പെഷൽ കമീഷണർ എം. മനോജ് ഹൈകോടതിയിൽ നിർദേശം സമർപ്പിച്ചത്.
സുരക്ഷാ ഓഡിറ്റ് നടത്തി സുരക്ഷാ മാനദണ്ഡങ്ങൾ നിർദേശിക്കാൻ അഗ്നിരക്ഷാ സേന ഡയറക്ടർ ജനറലിനോട് ആവശ്യപ്പെടണമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിന്റെയും ദേവസ്വം ബോർഡിന്റെയും വിശദീകരണം തേടി.
ജനുവരി രണ്ടിന് വൈകീട്ട് അഞ്ചോടെ മാളികപ്പുറം ക്ഷേത്രത്തിനു സമീപം കതിന നിറക്കുന്ന ഷെഡിലാണ് പൊട്ടിത്തെറിയുണ്ടായത്. ഷെഡും വെടിവഴിപാട് നടത്തുന്ന പ്ലാറ്റ്ഫോമും തമ്മിൽ 10 മീറ്റർ അകലമേയുള്ളൂവെന്നും വിറക് അടുപ്പും പാചകത്തിനുള്ള സാധനങ്ങളും കതിന നിറക്കുന്ന ഷെഡിന് സമീപത്തുണ്ടായിരുന്നെന്നും അഗ്നിരക്ഷാ സേന സ്പെഷൽ ഓഫിസർ സ്പെഷൽ കമീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇവിടെയുള്ള നാല് അഗ്നിശമന ഉപകരണങ്ങളിൽ രണ്ടെണ്ണം ഉപയോഗിച്ച് തീർന്നവയാണ്.
കതിന നിറക്കാൻ ലോഹദണ്ഡ് ഉപയോഗിക്കുന്നത് അപകടമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് അഗ്നിരക്ഷാ സേന സ്പെഷൽ ഓഫിസർ ചില നിർദേശങ്ങളടങ്ങുന്ന റിപ്പോർട്ട് നൽകിയത്. കരാറുകാരൻ ലൈസൻസ് വ്യവസ്ഥകൾ കർശനമായി പാലിക്കണം, കതിന നിറക്കുന്ന ഷെഡും കത്തിക്കുന്ന സ്ഥലവും തമ്മിൽ 45 മീറ്റർ അകലം വേണം, ഷെഡ് വൈദ്യുതീകരിക്കരുത്, പരിസരം വൃത്തിയാക്കണം, പരിചയ സമ്പന്നരായ ജീവനക്കാരെ നിയോഗിക്കണം, ജീവനക്കാർ എളുപ്പം തീപിടിക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കരുത്, സുരക്ഷാ മാർഗനിർദേശങ്ങൾ പരിസരത്ത് പ്രദർശിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണ് അഗ്നിരക്ഷാ സേന നൽകിയത്.
അപകടമുണ്ടായതിനെ തുടർന്ന് വെടിവഴിപാട് നിർത്തിവെച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. 70 ശതമാനം പൊള്ളലേറ്റ് ജയകുമാർ അടക്കം മൂവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അശ്രദ്ധയോടെ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതിന് പരിക്കേറ്റ ജീവനക്കാർക്കെതിരെ കേസെടുത്തിട്ടുള്ളതായും ദേവസ്വം ബോർഡ് അറിയിച്ചു.
വെടിവഴിപാട്: സുരക്ഷ മാനദണ്ഡം പാലിക്കണം
ശബരിമല: സന്നിധാനത്ത് എക്സ്പ്ലോസിവ് ആക്ട് പ്രകാരം സുരക്ഷ മാനദണ്ഡം പൂർണമായി പാലിച്ച് വെടിവഴിപാട് നടത്തണമെന്നുകാണിച്ച് സന്നിധാനം എസ്.എച്ച്.ഒ അനൂപ് ചന്ദ്രന് ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് കത്ത് നല്കി. തുടര്‍ന്ന് സന്നിധാനത്തെ വെടിവഴിപാട് താൽക്കാലികമായി നിര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.