ശബരിമലയിൽ പൊലീസിന്‍റെ നാലാംബാച്ച് ചുമതലയേറ്റു
text_fieldsശബരിമല: സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ നാലാംബാച്ച് വെള്ളിയാഴ്ച ചുമതലയേറ്റു. അസി. സ്‌പെഷൽ ഓഫിസർ നിതിൻ രാജ്, ഒമ്പത് ഡിവൈ.എസ്.പിമാർ, 33 ഇൻസ്പെക്ടർമാർ, 93 എസ്.ഐ, എ.എസ്.ഐ, 1200 സിവിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 1336 ഉദ്യോഗസ്ഥരെയാണ് സേവനത്തിനായി നിയോഗിച്ചത്.
മണ്ഡല പൂജയോട് അനുബന്ധിച്ച് തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്തുള്ള ക്രമീകരണങ്ങളാകും ഈ ദിവസങ്ങളിൽ നടപ്പാക്കുക. സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേകം വരി ആരംഭിക്കുന്നതിനാണ് പ്രഥമ പരിഗണന. നിലവിൽ വലിയ നടപ്പന്തലിലെ ഒമ്പത് വരികളിൽ ഒന്ന് ഇതിനായി ഉപയോഗിക്കും.
കൂടുതൽ കാത്തുനിൽപില്ലാതെ ഇവരെ ദർശനത്തിന് എത്തിക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തും. തിരക്കുള്ള ദിവസങ്ങളിൽ മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദൻ റോഡിലൂടെ ഇവരെ എത്തിക്കാനുള്ള ക്രമീകരണവും നടപ്പാക്കും. പതിനെട്ടാംപടിയിൽ മുൻപരിചയമുള്ളവരെയാണ് പുതിയ സംഘത്തിൽനിന്ന് നിയോഗിക്കുക. കേരള പൊലീസിന്റെ ഇന്ത്യ റിസർവ് ബറ്റാലിയനിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർക്കാണ് ചുമതല.
100 പേരെയാണ് ഇതിനായി സംഘത്തിൽ ഉൾപ്പെടുത്തിയത്. നാല് മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളിൽ ഇവർ സേവനം നടത്തും. പടികയറ്റത്തിന്റെ വേഗംകൂട്ടാനുള്ള ശ്രമവും സംഘം ഏറ്റെടുക്കും. തിരക്കുള്ള ദിവസങ്ങളിൽ മരക്കൂട്ടം മുതൽ കൂടുതൽ പൊലീസുകാർക്ക് ചുമതല നൽകും.
തീർഥാടകർക്ക് സുഖദർശനം ഒരുക്കുന്നതിനൊപ്പം പുണ്യം പൂങ്കാവനം ഉദ്യമത്തിൽ പൊലീസുകാർ പങ്കാളികളാകണമെന്ന് സന്നിധാനം സ്‌പെഷൽ ഓഫിസർ ആർ. ആനന്ദ് നിർദേശം നൽകി. കൊടിമരം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, നടപ്പന്തൽ, യു ടേൺ, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം എന്നിവിടങ്ങളിലും പദ്ധതിയുടെ നടത്തിപ്പിനായി ഒമ്പത് സെക്ടറുകളായി തിരിച്ച് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.10 ദിവസമാണ് പുതിയ ഉദ്യോഗസ്ഥരുടെ ചുമതല. എൻ.ഡി.ആർ.എഫ്, ആർ.എ.എഫ്, മറ്റു സംസ്ഥാനങ്ങളിലെ പൊലീസുകാർ, വിവിധ സുരക്ഷ സേനകളിലെ ഉദ്യോഗസ്ഥർ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.