ശബരിമല ശാസ്താവിന് മണർകാട് സംഘം പണക്കിഴി സമർപ്പിച്ചു
text_fieldsശബരിമല: പതിറ്റാണ്ടുകളായി പുലർത്തി പോരുന്ന ആചാരത്തിന്‍റെ ഭാഗമായി കോട്ടയം മണർകാട് സംഘം ശാസ്താവിന് പണക്കിഴി സമർപ്പിച്ചു വണങ്ങി. 40 പേരടങ്ങുന്ന സംഘമാണ് ബുധനാഴ്ച ഉച്ചക്ക് സന്നിധാനത്ത് എത്തിയത്.
മണർകാട് ഭഗവതി ക്ഷേത്രത്തിലെ ശാസ്ത സന്നിധിയിൽ നിന്ന് കെട്ടുമുറുക്കി എരുമേലിയിലെത്തിയ സംഘം പരമ്പരാഗത കാനനപാതയായ പേരൂർതോട്, കാളകെട്ടി, അഴുത, കരിമല വഴി പമ്പയിലെത്തി. തുടർന്ന് പമ്പാ സദ്യയും നടത്തി ധനു മൂന്നിന് രാവിലെ പമ്പ ഗണതി ക്ഷേത്രത്തിൽ ദർശനം നടത്തി നീലമല, അപ്പാച്ചിമേട്, ശരംകുത്തി വഴി സന്നിധാനത്തെത്തി.
നീലപ്പട്ട് വിരിച്ച് ഇരുപത്തിയെട്ടര കരകളിലെ ഭക്തജനങ്ങൾ സമർപ്പിച്ച കാണിക്ക സന്നിധാനത്തെ സോപാനപ്പടിയിൽ ഭക്തിപൂർവ്വം സമർപ്പിച്ചു. ശേഷം തന്ത്രിയിൽ നിന്ന് തീർഥവും പ്രസാദവും സ്വീകരിച്ചു. പെരിയ സ്വാമിമാരായ രവി മനോഹർ, പ്രകാശ് കുമാർ എന്നിവർ സംഘത്തിന്‍റെ യാത്രക്ക് നേതൃത്വം നൽകി.
ദശാബ്ദങ്ങൾക്ക് മുൻപ് ശബരിമലയിൽ പൂജ ചെയ്യാൻ കാൽനടയായി വനത്തിലൂടെ വരുന്ന തന്ത്രിക്കും മേൽശാന്തിക്കും മണർകാട് സംഘമാണ് അകമ്പടി സേവിച്ചിരുന്നത് എന്നാണ് വിശ്വാസം. പിന്നീട് പൂജ സമയത്തിലും മറ്റും മാറ്റം വന്നതോടെ അകമ്പടി പോകൽ നിലച്ചു. ഇതിന് പ്രായശ്ചിത്തമായാണ് കാണിക്ക സമർപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.