ശബരിമല: ഭക്തജനത്തിരക്കിലും സുഗമമായ ദർശനം ഉറപ്പാക്കാനായെന്ന് ദേവസ്വം ബോർഡ്; ഇതുവരെ ദർശനം നടത്തിയത് 10 ലക്ഷം പേർ
text_fieldsശബരിമല: മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വർധിച്ചിട്ടും സുഗമമായ ദർശനം ഉറപ്പാക്കാനായത് നേട്ടമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. പി.എസ് പ്രശാന്ത്. വിവിധ വകുപ്പുകളുടെ ഏകോപനം വിജയകരമായതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനം കോൺഫറൻസ് ഹാളിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് ലക്ഷത്തിലധികം ഭക്തരാണ് സീസൺ ആരംഭിച്ചതിനു ശേഷം ശബരിമലയിലെത്തിയത്. കഴിഞ്ഞ മണ്ഡലകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ആദ്യത്തെ 12 ദിവസത്തെ കണക്കുകൾ അനുസരിച്ച് 15,89,12,575 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 63,01,14,111 രൂപയാണ് ആകെ വരുമാനം. അപ്പം, അരവണ വിൽപനയിലും വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അപ്പം വിൽപനയിലൂടെ 3,5328,555 രൂപയും അരവണയിലൂടെ 28,93,86,310 രൂപയും കഴിഞ്ഞ 12 ദിവസത്തെ കണക്കുകൾ പ്രകാരം ലഭിച്ചു.
പമ്പനദിയിലെ തുണി ഉപേക്ഷിക്കൽ, മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ തുടങ്ങിയവ ശബരിമല ആചാരങ്ങളുടെ ഭാഗമല്ലെന്ന് തന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഭക്തജനങ്ങൾക്കിടയിൽ പരമാവധി ബോധവത്കരണം നടത്തുന്നതിനാണ് ബോർഡിൻറെ ശ്രമം. മാളികപ്പുറത്തടക്കം ഉദ്യോഗസ്ഥരെ നിയോഗിച്ച് കാര്യങ്ങൾ നിയന്ത്രിക്കും. കേരളത്തിനകത്തും പുറത്തുമുള്ള ഗുരുസ്വാമിമാർക്ക് ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകും.
വെർച്വൽ ക്യൂ വർധിപ്പിക്കുന്നതിൽ പ്രായോഗിക തടസമുണ്ട്. 80,000 വെർച്വ്യ ക്യൂവും 20,000ൽ അധികം തത്സമയ ബുക്കിങും കൂടി ഒരു ലക്ഷത്തിലധികം ആളുകൾ വന്നാൽ തിരക്ക് നിയന്ത്രണാതീതമാകും. എന്നാൽ, ശബരിമലയിലേക്ക് ദർശനത്തിനായെത്തുന്ന ഒരാളെ പോലും മടക്കി അയക്കില്ലെന്നും പ്രസിഡന്‍റ് പറഞ്ഞു. ദേവസ്വം ബോർഡ് അംഗങ്ങളായ ജി. സുന്ദരേശൻ, അഡ്വ. എ അജികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.