ദർശനപുണ്യം തേടി ഉണ്ണിക്കുറുപ്പ് 45ാം വർഷവും ശബരിമലയിലേക്ക്
text_fieldsതിരുനാവായ: മാമാങ്കോത്സവത്തിന് 30 വർഷമായി നിള തീരത്ത് സ്മൃതിദീപമൊരുക്കുന്ന കെ.വി. ഉണ്ണിക്കുറുപ്പ് തുടർച്ചയായി 45ാം വർഷവും ദർശനപുണ്യം തേടി ശബരിമലയിലേക്ക്. 1977ൽ 24ാം വയസ്സിൽ വലിയ പറപ്പൂർ കുട്ടാടൻ കുട്ടപ്പ എന്ന ഗുരുസ്വാമിയുടെ നേതൃത്വത്തിലാരംഭിച്ചതാണ് ഈ യാത്ര. തുടർന്ന് 18ാം വർഷം തെങ്ങുവെച്ച് പോന്നിട്ടും നിരവധി സ്വാമിമാരുമൊത്ത് എല്ലാ വർഷവും യാത്ര തുടരുന്നു.
ഒന്നാം വർഷം അഞ്ചംഗ സംഘത്തിൽ നടന്നു പോയ ഉണ്ണിക്കുറുപ്പ് ഇത്തവണ 40 അംഗസംഘത്തെ നയിച്ചാണ് പോകുന്നത്. അന്ന് കഠിനവ്രതമെടുത്ത സ്വാമിമാർ ഓരോ വീടുകളിൽനിന്നും കെട്ടുനിറച്ച് പലവഴിയായി എരുമേലിയിലും തുടർന്ന് അഴുതയിലുമൊക്കെ എത്താറായിരുന്നു പതിവ്. ഭക്ഷണം സ്വയം തയാറാക്കാനുള്ള സാധനങ്ങളും കൈയിൽ കരുതും. എരുമേലിയിൽനിന്ന് സംഘമായാണ് കരിമല കയറ്റം.
ഭക്ഷണം പാകം ചെയ്താൽ ഒന്നര മണിക്കൂറിനകം കഴിച്ചു തീർക്കണമെന്നാണ് ചട്ടം. യാത്രയിൽ ഗുരുസ്വാമി കൂടെയുണ്ടാവണമെന്നത് നിർബന്ധമായിരുന്നു. മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ യാത്ര പുറപ്പെട്ട് തിരിച്ചെത്തുംവരെ വീടുമായോ നാടുമായോ ഒരുബന്ധവുമില്ലായിരുന്നു. ഇന്നതൊക്കെ മാറി. ഇപ്പോൾ പ്രധാന കേന്ദ്രങ്ങളിലെല്ലാമെത്തുമ്പോൾ വിഡിയൊ സഹിതമാണ് വിവരങ്ങൾ കൈമാറുന്നത്. ഇതൊന്നും ഉത്തമമല്ലെന്നു പറഞ്ഞാലും ആരും ഗൗനിക്കാറില്ലെന്ന് ഉണ്ണിക്കുറുപ്പ്.
വലിയ പറപ്പൂർ കളരിയിൽ ശങ്കരക്കുറുപ്പിന്റെയും ലക്ഷ്മിയമ്മയുടെയും മകനായ ഉണ്ണിക്കുറുപ്പ് ചെറുപ്പംതൊട്ടെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. അക്കാലത്ത് കുണ്ട്ലങ്ങാടി പൗരസമിതിക്കുവേണ്ടി രചിച്ചവതരിപ്പിച്ച കഫീൽ, സ്ത്രീഹൃദയം, ക്ഷേത്രമതിൽ, പരദൂഷണം, വൈരുധ്യങ്ങൾ, വെട്ടിരുമ്പ്, നാട്ടലാക്ക് തുടങ്ങിയ നാടകങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
ഇതിനിടെ കെട്ടിടങ്ങളുടെ സ്ഥാനനിർണയം, കരാർ പണി, വാസ്തുദോഷ പരിഹാരം എന്നീ രംഗങ്ങളിലും സജീവമായിരുന്നു. ഇപ്പോൾ പരിസ്ഥിതി സാംസ്കാരിക സംഘടനയായ തിരുനാവായ റീ എക്കൗയുടെ അഡ്വൈസറി ബോർഡ് അംഗവും 2024 ലെ മാമാങ്കോത്സവം കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്. കാട്ടിലങ്ങാടി വെള്ളാറമ്പിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.