സഖുഉം മരത്തിലെ പഴവും ഗൗരിയാപ്ലയുടെ ചാമ്പയും
text_fieldsനോമ്പോർമകളുടെ ‘റമദാൻ തമ്പ്’
ഗൾഫ് മാധ്യമം വായനക്കാർക്ക് നോമ്പോർമകളുടെ വൈവിധ്യങ്ങൾ പങ്കുവെക്കാൻ ‘റമദാൻ തമ്പ്’ വീണ്ടുമെത്തി. കുഞ്ഞുനാളിലെ നോമ്പ്, പഠനകാലം, പ്രവാസത്തിലെ അനുഭവം തുടങ്ങി ഹൃദ്യമായ ഓർമകൾ ഇത്തവണയും പങ്കുവെക്കാവുന്നതാണ്. ചെറു കുറിപ്പുകൾ qatar@gulfmadhyamam.net എന്ന ഇ-മെയിൽ വഴിയോ, 5528 4913 വാട്സ് ആപ്പ് വഴിയോ അയക്കാവുന്നതാണ്.
ആത്മസമർപ്പണത്തിന്റെ ദിനങ്ങളായ വിശുദ്ധ റമദാൻ മാസം വരവേൽക്കുമ്പോൾ ഓർമകളെ കൂട്ടിക്കൊണ്ടുപോകുന്നത് ബാല്യത്തിലേക്കാണ്. അന്നൊരു വേനൽ കാലത്ത് റമദാൻ തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പ് വീട് ശുദ്ധീകരിക്കൽ ആരംഭിച്ചു. തറവാട്ടിലെ മാറാല പിടിച്ച മച്ചും തട്ടുംപുറവും പൊടിപിടിച്ച അലമാരയും അടുക്കളയിലെ കറപിടിച്ച പാത്രങ്ങളും കുപ്പിയും എന്നു വേണ്ട സകല സാധനങ്ങളും തേച്ചു മിനുക്കിയെടുക്കുന്നതിന്റെയും കഴുകി വൃത്തിയാക്കുന്നതിന്റെയും തിരക്കിലാണ് മുതിർന്നവർ. ഒരിക്കലും ഉപയോഗിക്കാതെ സൂക്ഷിക്കുന്ന പല സാധനങ്ങളും വലിച്ചിടുകയും വീണ്ടും തുടച്ച് എന്തിനോ വേണ്ടി സൂക്ഷിക്കുകയും ചിലത് കളയുകയും ചെയ്യുന്ന സന്ദർഭത്തിൽ ഞങ്ങൾ കുട്ടികൾക്ക് പലതും അതിൽനിന്ന് നേടാൻ കഴിയും. ആരുടെയോ ഭംഗിയുള്ള കല്യാണ കത്തുകൾ, തിളക്കമേറിയ ശീലകൾ, കല്യാണപ്പന്തലിൽ ഒരുക്കുന്ന തോരണങ്ങൾ ഗൾഫിൽനിന്ന് കൊണ്ടുവരുന്ന വാർചെരുപ്പിന്റെ പല വർണങ്ങളിലുള്ള ടങ്കീസുകൾ, പഴയ ബാലമാസികകൾ ഇങ്ങനെ സകല ചെറിയ ലൊട്ടുലൊടുക്ക് സാധനങ്ങളും എടുത്ത് ഞങ്ങൾ ഓടും.
റമദാനിൽ ഒരുക്കാൻ വേണ്ടി നേരത്തേതന്നെ അരി, മുളക്, മല്ലി, മഞ്ഞൾ, വെളിച്ചെണ്ണ ആട്ടാനുള്ള തേങ്ങ ഉണക്കിയെടുത്ത് മില്ലിൽ പൊടിപ്പിച്ച് അടുക്കളയിൽ ഭദ്രമായി വെച്ചു. ടിന്നുകളും പാത്രങ്ങളുമെല്ലാം കഴുകി തുടച്ചു വെയിലത്തുണക്കി നോമ്പിന് ആവശ്യമായ സാധനങ്ങൾ നിറച്ചു. ചക്കരപാലുണ്ടാക്കാനുള്ള പഴക്കുലകൾ മണ്ടകത്ത് തൂക്കിയിട്ടു. ഫ്രിഡ്ജിൽ തണുത്ത വെള്ളം വെക്കാൻ ഒരിടം അയൽവീട്ടിൽ നേരത്തേതന്നെ പറഞ്ഞുവെച്ചു. കഴുകിവെച്ച മുസല്ലകളിലും നിസ്കാരക്കുപ്പായങ്ങളിലും അത്തറുകാരൻ കുഞ്ഞാക്ക കൊണ്ടുവന്ന അത്തറു പൂശി. സദഖ കൊടുക്കുവാനായി ചില്ലറയും നോട്ടും എണ്ണി തിട്ടപ്പെടുത്തി. ഇങ്ങനെ റമദാനിനെ സ്വീകരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും കഴിച്ചു ഒടുവിൽ അത്താഴത്തിനായി കാത്തിരിക്കും.
തൊട്ടടുത്ത ഇടവഴികളിൽനിന്ന് അത്താഴത്തിനുള്ള മുട്ടും വിളി കേൾക്കാം. ‘അത്താഴം വെയ്ച്ചോളി നേരായി പോയ്’ വിളി കേട്ടാൽ മുതിർന്നവർ എല്ലാവരും എഴുന്നേൽക്കും. പിന്നെ കുട്ടികളെ വിളിക്കുന്ന ശബ്ദം, അടുക്കളയിൽ പാത്രങ്ങൾ തമ്മിലുള്ള ബഹളം, കുളിമുറിക്ക് മുന്നിലുള്ള ജാഥ, ഒന്നിന് പിറകെ ഒന്നായ് ഓരോ കുളിമുറിക്ക് മുന്നിലും മുതിർന്നവരും കുട്ടികളും കാത്തുനിൽക്കും. അന്നത്തെ അത്താഴവും ആളും ബഹളവും പുലർകാല സ്വപ്നമെന്നോണം ഓർമയിലൂടെ മിന്നിമറയുന്നു.
അത്താഴം കഴിഞ്ഞു പെൺകുട്ടികൾ തൊപ്പിത്തട്ടവും ആൺകുട്ടികൾ തൊപ്പിയുമിട്ട് നിയ്യത്ത് വെക്കാൻ വെല്ലിമ്മയെ കാത്തിരുന്നു. വെല്ലിമ്മ ഉറക്കെ ചൊല്ലി. ‘നവയ്ത്തു’ കുട്ടികൾ ഏറ്റുചൊല്ലി ‘നവയ്ത്തു....’ അങ്ങനെ നിയ്യത്ത് പൂർത്തിയാക്കിയശേഷം വെല്ലിമ്മാക്കും വെല്ലിപ്പാക്കും ഓരോ മുത്തം നൽകി സുബഹി ബാങ്കിനായി കാതോർത്തിരിക്കും. നിസ്കാരം കഴിഞ്ഞാൽ പിന്നെയും ഒരു കിടത്തമാണ്. അപ്പോഴും പല മുറിയിൽനിന്ന് പതിഞ്ഞ സ്വരത്തിൽ ഖുർആൻ ഓതുന്നത് കേൾക്കാം.
നേരം പുലർന്നപ്പോൾ ഉമ്മ പിടിച്ചെഴുന്നേൽപിച്ചു. ഉഷ്ണമുള്ള വേനൽക്കാല രാവുകളിലൊന്നായിരുന്നു അന്ന്. ഉച്ചയാകുമ്പോഴേക്കും എനിക്ക് വിശക്കാൻ തുടങ്ങി. പാവറട്ടി കോൺവെൻറ് സ്കൂളിലാണ് ഞാൻ പഠിച്ചത്. മുസ്‍ലിംകൾ ഒഴികെ മറ്റു മതസ്ഥർ ഉച്ചയാകുമ്പോൾ അവരുടെ ചോറ്റുപാത്രം തുറക്കുന്ന തിരക്കിലാവും. അടച്ചുവെച്ച ഓരോ ചോറ്റുപാത്രവും തുറക്കുമ്പോൾ പലതരം ഗന്ധം എന്റെ മൂക്കിലേക്ക് ഇരച്ചുകയറി. മുട്ട പൊരിച്ചത്, പയറ് ഉപ്പേരി, ചമ്മന്തി, തക്കാളിക്കറി, ജ്യോതി അച്ചാറ്, നനഞ്ഞ പപ്പടം ഇങ്ങനെ പല ഗന്ധങ്ങൾ എന്റെ വിശപ്പിന് ആക്കംകൂട്ടി. ഞാൻ പെട്ടെന്ന് ക്ലാസ് മുറിയിൽനിന്ന് പുറത്തേക്കിറങ്ങി. ഭക്ഷണം കഴിച്ചു കഴിഞ്ഞവരും നോമ്പു നോറ്റതുമായ കുറേ കുട്ടികൾ പുറത്തു കളിക്കുന്നുണ്ടായിരുന്നു. കളിക്കിടയിൽ ചിലർ പുളിങ്കുരു വറുത്തും മാങ്ങ ഉപ്പും മുളകുമിട്ടു കഷ്ണങ്ങളാക്കിയത് കഴിക്കുന്നത് കണ്ടു. അതിലേക്കൊന്നും ശ്രദ്ധകൊടുക്കാതെ തിരിഞ്ഞുനടന്നു. വെള്ളം കുടിക്കാൻ പലവട്ടം ആഗ്രഹം തോന്നിയിട്ടും വേണ്ടെന്നുവെച്ചു. അന്ന് സ്കൂൾ വിട്ടുവരുമ്പോൾ ഗൗരിയാപ്ലയുടെ വീടിനു മുന്നിലുള്ള ചാമ്പമരത്തിൽ നല്ല പഴുത്തു ചുവന്ന ചാമ്പ കുലകൾ കണ്ടു. എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കൈനീട്ടിയാൽ കിട്ടാൻ പാകത്തിൽ നിൽക്കുന്ന ചാമ്പയ്‌ക്ക ഞാൻ പറിച്ചു. മറ്റാരും കാണാതെ കൈയിലുള്ള ചാമ്പയ്‌ക്കകൾ വളരെ പ്രയാസപ്പെട്ടു ഞാൻ കഴിച്ചു. ഹൃദയത്തിൽ ആരോ അരുതെന്ന് പറയുന്നത് കേൾക്കാത്തപോലെ നടിച്ചു. വീട്ടിലെത്തിയപ്പോൾ എല്ലാ കുട്ടികൾക്കും നടുവിൽ നോമ്പുകാരിയായി നടന്നു. ഉഷ്ണം അധികമായതിനാൽ പെൺകുട്ടികൾ ഷിമ്മീസണിഞ്ഞും ആൺകുട്ടികൾ പാന്റ്സും മാത്രം ധരിച്ച് ഒരു വിശാലമായ മുറിയിൽ തറയിൽ തുണി നനച്ചു ഫാനിന്റെ ചുവട്ടിൽ കിടത്തി. വിശപ്പും ദാഹവും ക്ഷീണവുംമൂലം ഞങ്ങളോരോത്തരും ഉറക്കത്തിലേക്ക് വഴുതിവീണു. അടുക്കളയിൽ നിന്നുയർന്നു വരുന്ന പലതരം വിഭവങ്ങളുടെ മണം ഞങ്ങളെ എഴുന്നേൽക്കാൻ നിർബന്ധിച്ചു.
മേശമേൽ നിരത്തിവെച്ച കാരക്ക, നാരങ്ങവെള്ളം, ജീരകക്കഞ്ഞി, തരിക്കഞ്ഞി, കിച്ചടി, അയൽപക്കങ്ങളിൽനിന്ന് മത്സരിച്ചു ഉണ്ടാക്കി കൊണ്ടുവന്ന പൊരികൾ, ഇറച്ചിക്കറിയും പത്തിരിയുടെയും മുന്നിലൂടെ മണം പിടിച്ചു നടക്കാൻ തുടങ്ങി. കോഴികളെ ആട്ടും പോലെ മുതിർന്നവർ ഞങ്ങളെ ഓടിച്ചു. വീണ്ടും പൂച്ചയെപോലെ പതുങ്ങി ഞങ്ങൾ അവിടെ വന്നുനിൽക്കും. ഇതുകണ്ട് വെല്ലിമ്മ കുട്ടികളെ എല്ലാവരെയും മുറിയിലേക്ക് വിളിപ്പിച്ചു. വെല്ലിമ്മ കഥ പറയാൻ തുടങ്ങി.
‘വയറ് കാലിയാക്കിയിടുന്നതിനോടൊപ്പം നിങ്ങളുടെ ഹൃദയവും കാലിയല്ലേ...’
‘ആ വെല്ലിമ്മാ..’
‘വെല്ലിമ്മാടെ നല്ല കുട്ടികളാണ് നിങ്ങൾ. നാവ് കൊണ്ടും ഹൃദയം കൊണ്ടും നിങ്ങൾ തെറ്റു ചെയ്തിട്ടുണ്ടാവില്ലെന്നറിയാം. അങ്ങനെ ചെയ്യുന്ന നോമ്പ് മാത്രമാണ് അള്ളാഹു സ്വീകരിക്കുക.’
‘ഞങ്ങളാരും തെറ്റ് ചെയ്തിട്ടില്ല. ഞങ്ങളാരും തെറ്റ് ചെയ്തിട്ടില്ല.’ കുട്ടികൾ ഉറക്കെ പറഞ്ഞു. ഞാനും അതിനിടയിൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ‘ഞങ്ങളാരും തെറ്റ് ചെയ്തിട്ടില്ല’
‘തെറ്റ് ചെയ്തവർക്ക് തിന്നാനും കുടിക്കാനുമുള്ള ആഹാര പാനിയം ലഭിക്യാ നരകത്തീന്നാണ്. അത് നിങ്ങൾക്കറിയോ.’
‘ഇല്ല വെല്ലിമ്മാ...’
‘നരകത്തിലുള്ളവർക്ക് തിളച്ചുപൊള്ളുന്ന ചൂടുവെള്ളവും കൊടും തണുപ്പുള്ള വെള്ളവുമാണ് കിട്ടാ. അൽമുഹ്ൽ എന്ന വെള്ളം കുടിച്ചാൽ മുഖം പോലും എരിഞ്ഞുപോകും.’
ഇതുകേട്ടതും കുട്ടികൾ ഉറക്കെ പറഞ്ഞു.
‘അള്ളാ... പടച്ചോനേ കാക്കണേ..’
ഞാൻ മാത്രം ഒരക്ഷരം മിണ്ടാതെ തരിച്ചുകേട്ടിരുന്നു. വീണ്ടും വെല്ലിമ്മ പറഞ്ഞു.
‘നരകത്തിന്റെ അടിത്തട്ടിൽനിന്ന് മുളച്ചുപൊന്തി വരുന്ന ഒരു മരമുണ്ട്. സഖുഉം എന്നാണ് ആ വൃക്ഷത്തിന്റെ പേര്. അതിന്റെ പഴങ്ങൾ കാണാൻ എങ്ങനെയിരിക്കും ന്നറിയോ.’
‘ഇല്ല.’ കുട്ടികൾ ഒന്നടക്കം പറഞ്ഞു.
‘അതിന്റെ ഓരോ കുലകളും ശൈത്താന്റെ തല പോലെയിരിക്കും. തെറ്റ് ചെയ്ത് നരകത്തിൽ പോയവർക്ക് ഈ പഴമാണ് തരിക. അത് കഴിച്ചാൽ വയറ് തിളച്ച് ഉരുകും.’
ഇത് കേട്ടതും എന്റെ ഹൃദയം നീറി. ഭയം കൊണ്ട് ഞാനവിടെ നിന്നെഴുന്നേറ്റു. താൻ വലിയ തെറ്റ് ചെയ്തെന്ന ബോധത്തോടെ കോണി ചുവട്ടിൽ കൂനി ഇരുന്നു.
നോമ്പ് തുറക്കാൻ സമയമായപ്പോൾ കുട്ടികളെയെല്ലാം നിലത്ത് പായ വിരിച്ചിരുത്തി. മുന്നിൽ ഭക്ഷണങ്ങൾ വിളമ്പി. ബാങ്ക് കൊടുത്തിട്ടും എനിക്കൊന്നും വളരെ സന്തോഷത്തോടെ കഴിക്കാനായില്ല. നോമ്പ് തുറന്ന് കുറച്ചു കഴിഞ്ഞപ്പോൾ എന്റെ വയറ് കത്താനും നെഞ്ച് നീറാനും തുടങ്ങി. ആരോടും പറയാതെ ഒരു മുലക്കിരുന്നു ഞാൻ കരഞ്ഞു. ‘അള്ളാഹു എനിക്ക് നൽകിയ ശിക്ഷ ആയിരിക്കും ഇത്. ചാമ്പയ്‌ക്ക തിന്നത് കൊണ്ടാവും എന്റെ വയറും നെഞ്ചും സഖുഉം വൃക്ഷത്തിലെ പഴം തിന്നത് പോലെ നീറുന്നതും കത്തുന്നതും.’ എന്റെ ഈ ചിന്ത കൂടുതൽ നെഞ്ച് എരിയാൻ തുടങ്ങി. വേദന ശക്തിയായപ്പോൾ ഉറക്കെ കരയാൻ തുടങ്ങി. ഉമ്മ അരികിൽ വന്നു. ഗ്യാസ് ആയിരിക്കുമെന്ന് പറഞ്ഞു മരുന്ന് നൽകി. എന്നിട്ടും എനിക്ക് ആശ്വാസമായില്ല. മുതിർന്നവർ തറാവീഹ് നിസ്കരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അതിനരികിൽ ഇരുന്ന് ദിക്കർ ചൊല്ലുവാൻ തുടങ്ങി. മനമുരുകി അല്ലാഹുവിനോട് പ്രാർഥിച്ചു. തറാവീഹ് നിസ്കാരം കഴിഞ്ഞു മുതിർന്നവർ എല്ലാവരും പിരിഞ്ഞു. ഞാനും കുറ്റബോധത്താൽ എഴുന്നേറ്റു.
‘ഷമിനാ...’
പിന്നിൽനിന്ന് വെല്ലിമ്മ ഉറക്കെ വിളിച്ചു. ഞാൻ അരികിലേക്കു ചെന്നു.
‘നിന്റെ നെഞ്ചരിച്ചലും വയറ് കത്തലും മാറീല്ലേ.’
‘ഇല്ല.’ ഞാൻ കരയാൻ തുടങ്ങി.
‘എന്തുപറ്റി. പൊരിച്ചത് അധികം കഴിച്ചോ.’
‘ഇല്ല. (സ്വകാര്യമായി) വെല്ലിമ്മ നേരത്തേ പറഞ്ഞില്ലേ വയറ് കാലിയാക്കുന്നതിനോടൊപ്പം ഹൃദയവും കാലിയാക്കണംന്ന്. എന്റെ രണ്ടും കാലിയായിരുന്നില്ല. അള്ളാഹു എന്നെ ശിക്ഷിച്ചതാണ് വെല്ലിമ്മാ. ഗൗരിയാപ്ലടെ മുന്നിൽനിന്ന് ഞാൻ ചാമ്പയ്‌ക്ക കഴിച്ചു. സഖുഉം വൃക്ഷത്തിലെ പഴം എനിക്കും കഴിക്കേണ്ടിവരും.’ ഞാൻ വീണ്ടും കരഞ്ഞു. വെല്ലിമ്മ എന്റെ നെറുകയിൽ തലോടി. രണ്ടു കവിളിലും ഉമ്മവെച്ചു.
‘സഖുഉം വൃക്ഷത്തിലെ പഴമൊന്നും മോള് കഴിക്കേണ്ടിവരില്ല. ന്റെ മോള് പടച്ചോനോട് മാപ്പിരന്നല്ലോ. ഇനി തെറ്റ് ആവർത്തിക്കാതിരുന്നാൽ മതി. പടച്ചവൻ തീർച്ചയായും ശിക്ഷിക്കില്ല.’
വെല്ലിമ്മ ഇത്രയും പറഞ്ഞിട്ടും എനിക്ക് വിശ്വാസം വന്നില്ല.
‘ന്റെ മോള് നല്ല കുട്ടിയാണ്.’ വെല്ലിമ്മ എന്നെ ചേർത്തുപിടിച്ചു.
‘അള്ളാഹു കാരുണ്യവാനാണ്. കുറ്റബോധത്താൽ അല്ലാഹുവിന്റെ മുന്നിൽ പശ്ചാത്തപിക്കുന്നവർക്ക് തീർച്ചയായും അള്ളാഹു മാപ്പ് നൽകും.’
വെല്ലിമ്മയുടെ വാക്കുകൾ എന്തെന്നില്ലാത്ത ആശ്വാസം ഉള്ളിൽ നൽകി. ഒപ്പം എന്റെ വയറ് കത്തലും നെഞ്ച് നീറ്റലും അപ്പാടെ മാറിപ്പോയി.
ഷമിന ഹിഷാം
(നോവലിസ്റ്റ് കൂടിയാണ് ഖത്തർ പ്രവാസിയായ ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.