ഉംറ വിസക്കാർക്കും പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും വാക്സിനേഷൻ നിർബന്ധമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
text_fieldsജിദ്ദ: സൗദിയിലേക്ക് പ്രവേശിക്കുന്ന ഉംറ വിസക്കാരും മക്ക, മദീന തുടങ്ങിയ പുണ്യസ്ഥലങ്ങൾ, മക്കക്കടുത്തുള്ള ജിദ്ദ, ത്വാഇഫ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനായെത്തുന്നവരും നിർബന്ധമായും വാക്സിനേഷൻ കുത്തിവെപ്പ് എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സൗദിയിലേക്ക് സർവീസ് നടത്തുന്ന മുഴുവൻ വിമാന കമ്പനികൾക്കും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) ഇതുസംബന്ധിച്ച സർക്കുലർ അയച്ചു. ഉംറ വിസയുള്ളവർ, അല്ലെങ്കിൽ വിസ തരം പരിഗണിക്കാതെ ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നവർ, പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനായെത്തുന്നവർ തുടങ്ങിയവർ ആവശ്യമായ വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്ന് വിമാന കമ്പനികൾ ഉറപ്പ് വരുത്തണമെന്ന് സർക്കുലറിൽ വ്യക്തമാക്കി.
മഞ്ഞപ്പനി ബാധിച്ച ആഫ്രിക്കൻ, സൗത്ത് അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം എന്നാണ് വിമാന കമ്പനികൾക്കയച്ച 'ഗാക' സർക്കുലറിൽ പറയുന്നത്. ഇങ്ങനെയുള്ളവർ വാക്സിൻ സർട്ടിഫിക്കറ്റ് യാത്രയിൽ കൂടെ കരുതണം. 'നെയ്സെരിയ മെനിഞ്ചൈറ്റിസ് വാക്സിൻ' ഉൾപ്പെടെ യാത്രക്കാർക്ക് ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
യാത്രക്കാർക്ക് ക്വാഡ്രിവാലൻ്റ് നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്സിൻ, പോളിസാക്രറൈഡ് അല്ലെങ്കിൽ സംയോജിത തരം എന്നിവ ഉപയോഗിച്ച് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് വിമാനകമ്പനികൾ ഉറപ്പാക്കണം. യാത്രക്കാർ എത്തിച്ചേരുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്സിൻ എടുത്തിരിക്കണം. അല്ലെങ്കിൽ പോളിസാക്രറൈഡ് വാക്സിൻ മൂന്ന് വർഷത്തിനുള്ളിലൊ സംയോജിത വാക്സിൻ അഞ്ചു വർഷത്തിനുള്ളിലോ ആയിരിക്കണം. ഇങ്ങനെയുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വക്കണം. മെനിംഗോകോക്കൽ മെനിഞ്ചൈറ്റിസ് വാക്സിനിൽ നിന്ന് ഒരു വയസ്സിന് താഴെയുള്ള കുട്ടികളെ ഒഴിവാക്കിയിരിക്കുന്നു.
ട്രാൻസിറ്റ്, ഡെസ്റ്റിനേഷൻ കേന്ദ്രങ്ങൾ നിർദ്ദേശിക്കുന്ന രേഖകൾ യാത്രക്കാരുടെ കൈവശം ഉണ്ടെന്ന് ഉറപ്പ് വരുത്താൻ എംബാർക്കേഷൻ സമയത്ത് ആവശ്യമായ മുൻകരുതലുകൾ എടുക്കണം.'ഗാക' പുറപ്പെടുവിച്ച സർക്കുലർ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് സർക്കാർ ഉത്തരവുകളുടെ വ്യക്തമായ ലംഘനമാണ്. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സൗദി സിവിൽ ഏവിയേഷൻ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
നിലവിൽ പുതിയ നിബന്ധന ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ബാധകമല്ലെന്നാണ് കരുതുന്നത്. എന്നാൽ സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിബന്ധനകളിൽ മെനിംഗോകോക്കൽ മെനിഞ്ചൈറ്റിസ് വാക്സിൻ എല്ലാ രാജ്യക്കാരായ ഉംറ തീര്ഥാടകർക്കും നിർബന്ധമാണ് എന്ന് വിവരിക്കുന്നുണ്ട്. ഇക്കാര്യം സിവിൽ ഏവിയേഷൻ സർക്കുലറിൽ പ്രതിപാദിക്കുന്നില്ല. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലെ പുറത്തുവരികയുളളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.