ഷാഫി പറമ്പിലിനൊപ്പം ഉംറ നിർവഹിച്ചു; ചിത്രം പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ
text_fieldsവടകര എം.പിയും കോൺഗ്രസ് നേതാവുമായ ഷാഫി പറമ്പിലിനൊപ്പം ഉംറ നിർവഹിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ. ഉംറക്കുള്ള വസ്ത്രം ധരിച്ച ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രം മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചു. ‘പ്രതിഭാധന്യമായ രാഷ്ട്രീയ വ്യക്തിത്വത്തിനുടമയും പ്രിയ സുഹൃത്തുമായ ഷാഫി പറമ്പിലിനൊപ്പം ഇന്നലെ വിശുദ്ധ ഉംറ നിർവ്വഹിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.
അതിനിടെ, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സുരിയുമായി ഷാഫി പറമ്പിൽ എം.പി കൂടിക്കാഴ്‌ച നടത്തി. ജിദ്ദയിൽ ചെന്നപ്പോൾ ലഭിച്ച പരാതികളിൽ ഇടപെടണമെന്ന് അദ്ദേഹത്തോട് അഭ്യർഥിച്ചതായി ഷാഫി പറമ്പിൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘മക്കയിലോ പരിസരത്തോ ഇന്ത്യൻ സമൂഹത്തിന് എംബസി പിന്തുണയോടെ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ഇല്ലാത്തതിന്റെ പേരിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിലെ എംബാർക്കേഷൻ പ്രശ്‌നങ്ങൾ, ഫ്ലൈറ്റ് ചാർജ്ജിലെ ന്യായീകരിക്കുവാൻ കഴിയാത്ത വ്യത്യാസങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളിൽ പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിലുണ്ടാവണമെന്നും പരിഹാര നടപടികൾക്കായി ഇടപെടലുണ്ടാവണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്’ -ഷാഫി പറമ്പിൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.