വ്രതം പകരുന്ന സമത്വബോധം
text_fieldsജീവകാരുണ്യ പ്രവർത്തനങ്ങൾ വർധിച്ച തോതിൽ നടന്നു വരുന്ന മാസമാണ് വിശുദ്ധ റമദാൻ. ഇതിനായി ഒട്ടനവധി പിരിവുകളും വിവിധ രീതിയിൽ ധനശേഖരണവും നടത്തുന്ന വ്യക്തികളും സംഘടനകളുമുണ്ട്. സമ്പത്ത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്ന ബോധം അതിപ്രധാനമാണ്.
മൂന്ന് കാര്യങ്ങൾ സൂക്ഷിക്കണമെന്ന് ആത്മ ജ്ഞാനികൾ നിർദേശിച്ചതായി കാണാം. ഒന്ന്: അനധികൃതമായി സമ്പാദിക്കരുത്. രണ്ട്: അർഹതപ്പെട്ടതിനല്ലാതെ ചെലവഴിക്കരുത്. മൂന്ന്: ബാധ്യതപ്പെട്ടതിന് ചെലവഴിക്കാതിരിക്കരുത്. മുഹമ്മദ് നബി ഗൗരവ പൂർവം ഉണർത്തി '' അല്ലാഹുവാണ, സ്വന്തം കുടുംബക്കാർ ആവശ്യക്കാരായി സമീപത്തുള്ളപ്പോൾ അവർക്ക് നൽകാതെ മറ്റൊരിടത്ത് നൽകുന്ന ദാനം അല്ലാഹു സ്വീകരിക്കുകയില്ല. അല്ലാഹുവാണ് സത്യം അത്തരക്കാരിലേക്ക് അന്ത്യനാളിൽ അല്ലാഹു തിരിഞ്ഞു നോക്കുക പോലുമില്ല''.
രണ്ടു തവണ സത്യം ചെയ്തുകൊണ്ടാണ് നബി ഈ വസ്തുത ബോധ്യപ്പെടുത്തുന്നത്. ഹദീസിന്‍റെ തുടക്കത്തിലും അന്ത്യത്തിലുമുള്ള സത്യവചനങ്ങൾ കാര്യത്തിന്‍റെ ഗൗരവം തന്നെയാണ് സൂചിപ്പിക്കുന്നത്. സ്വന്തക്കാർ കൺമുന്നിൽ പട്ടിണി കിടക്കുമ്പോൾ അവർക്ക് ഒരു പരിഗണനയും നൽകാതെ പ്രശസ്തിക്ക് വേണ്ടി മറ്റിടങ്ങളിൽ സംഭാവന അർപ്പിക്കുന്നവരെ അല്ലാഹു ഗൗനിക്കുക പോലുമില്ല.
ബാധ്യത ബോധമില്ലാതെ പ്രശസ്തി നേടിയുള്ള പ്രകടനപരതക്ക് ഇസ്ലാമിൽ ഒരു സ്ഥാനവുമില്ല. സമ്പത്ത് ശേഖരിച്ച് ജീവകാരുണ്യ പ്രവർത്തനം നടത്തുന്നവർ പാവപ്പെട്ടവന്‍റെ അവകാശം കണിശമായും അവകാശിക്ക് നൽകിയിരിക്കണം. കണക്കുകൾ കൃത്യമായി കൈകാര്യം ചെയ്യാതെ പൊതുമുതൽ കൈയിലകപ്പെട്ടാൽ നന്മചെയ്ത് തിന്മ കൊയ്യുന്നതിന്‍റെ ഗൗരവം മറക്കരുത്. ഞാൻ അധ്വാനിച്ചു സമ്പാദിച്ചത് എന്ന തോന്നൽ നമുക്കുണ്ടെങ്കിലും സമ്പത്തിന്‍റെ യഥാർഥ ഉടമ പ്രപഞ്ച നാഥനാണ്.
മനുഷ്യർക്ക് സമ്പത്തിൽ പ്രാതിനിധ്യം മാത്രമാണുള്ളത് എന്ന് ഖുർആൻ വ്യക്തമാക്കുന്നു (സൂറത്തുൽ ഹദീദ്: 7). അല്ലാഹു നമ്മെ ഏൽപിച്ച സമ്പാദ്യം അർഹർക്ക് നൽകേണ്ട വിധത്തിൽ നൽകിയും ശ്രദ്ധാപൂർവം കൈകാര്യം ചെയ്തും നീതിപുലർത്തിയിരിക്കണം. ഇതിനുള്ള സമത്വ ബോധമാണ് വ്രതം പകർന്നുതരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.