മൈലാഞ്ചിമൊഞ്ചു പകരാൻ ഷഹനാസ് ഷിറിൻ
text_fieldsറിയാദ്: വാനിൽ ശവ്വാലമ്പിളി തെളിയാൻ ദിവസങ്ങൾ മാത്രം ബാക്കി. പെൺകുട്ടികൾക്കും മുതിർന്നവർക്കും പെരുന്നാളിനെ വരവേൽക്കാൻ മൈലാഞ്ചി മൊഞ്ച് പകരാനായി മെഹന്ദി കലാകാരി ഷഹനാസ് ഷിറിൻ തയാർ. കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ ഷഹനാസ് വർഷങ്ങളായി ഈ രംഗത്ത് റിയാദിൽ സുപരിചിതയാണ്.
ഇൻസ്റ്റയിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് ഉപഭോക്താക്കൾ ഇവരെ തേടിയെത്തുന്നത്. അധികവും സൗദികളും പാകിസ്താനികളും വടക്കെ ഇന്ത്യക്കാരുമാണ് ഷഹനാസിന്റെ മൈലാഞ്ചിയണിയാൻ എത്തുന്നത്.
റമദാൻ പെരുന്നാൾ ദിനങ്ങളിലാണ് കൂടുതൽ ആവശ്യക്കാർ. മറ്റ് വിശേഷ ദിവസങ്ങളിലും വിവിധ ദേശക്കാർ ഈ കലാകാരിയെ തേടിയെത്തുന്നു. ചെറുപ്പത്തിൽ ചിത്രം വരക്കാനുള്ള കഴിവിൽ നിന്നാണ് ഈ രംഗത്തേക്ക് എത്തിപ്പെട്ടത്. ആദ്യമൊക്കെ കടയിൽനിന്ന് വാങ്ങുന്ന മൈലാഞ്ചി ആയിരുന്നു ഉപയോഗിച്ചിരുന്നത്.
അഞ്ച് വർഷം മുമ്പാണ് രാസവസ്തുക്കൾ ഒന്നും ചേർക്കാത്ത ഒരു പാർശ്വഫലങ്ങളുമില്ലാത്ത പ്രകൃതിദത്തമായ മൈലാഞ്ചിയെക്കുറിച്ച് ആലോചിക്കുന്നതും തയാറാക്കുന്നതും. രാജസ്ഥാനിൽ നിന്നും കൊണ്ടുവരുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് സ്വന്തമായി ഉണ്ടാക്കുന്ന മൈലാഞ്ചിയാണ് ഇപ്പോ ൾ ഉപയോഗിക്കുന്നത്. ആവശ്യപ്പെടുന്ന രീതിയിൽ രൂപകൽപന ചെയ്യാനും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും ഷഹനാസ് ഷിറിൻ വിദഗ്ധയാണ്.
ഒപ്പം ഈ പ്രവൃത്തിയിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. കുടുംബത്തിന്റെ പ്രോത്സാഹനവും ഈ കലാകാരിക്ക് കൂടെയുണ്ട്. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി അഫ്സലാണ് ഭർത്താവ്. മക്കൾ റീമാസ് അഫ്സൽ, താലിയ അഫ്സൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.