മുഹമ്മദ് നബിയുടെ ചരിത്രം പദ്യരൂപത്തിലെഴുതി ഷംസുദ്ദീൻ
text_fieldsമഞ്ചേരി: മുഹമ്മദ് നബിയുടെ ജീവചരിത്രം പദ്യരൂപത്തിലെഴുതി ചെരണി സ്വദേശി. മുല്ലത്ത് വീട്ടിൽ ഷംസുദ്ദീൻ മാസ്റ്ററാണ് 'സ്നേഹഗീത' എന്ന പേരിൽ നബിയുടെ ചരിത്രം എഴുതിയത്. 14ഓളം ഗ്രന്ഥങ്ങളുടെ സഹായത്തോടെയാണിത്. കോവിഡ് കാലത്ത് അടച്ചുപൂട്ടലുകളിലാണ് നബിയുടെ ചരിത്രം എഴുതാൻ അദ്ദേഹം തീരുമാനിച്ചത്.
രണ്ട് വർഷം സമയമെടുത്താണ് പുസ്തകം പൂർത്തിയാക്കിയത്. 30 വരികളുള്ള 530 പേജുകളാണ് 'സ്നേഹഗീത'ക്കുള്ളത്. നബിയുടെ ജീവിതം വിശദമായി വിലയിരുത്തി കൃഷ്ണഗാഥയുടെ രീതിയിൽ മഞ്ജരി വൃത്തത്തിലാണ് പദ്യം എഴുതിയത്. ഇസ്ലാമിനെ കുറിച്ചും നബിയെ കുറിച്ചുമുള്ള സംശയങ്ങൾക്ക് പുസ്തകത്തിൽ മറുപടി ലഭിക്കുമെന്ന് എഴുത്തുകാരൻ പറയുന്നു.
അനാഥനായി വളർന്ന് അതുല്യനായ ഭരണാധികാരിയാകുന്നതിനിടക്കുള്ള വിവിധ ഘട്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ജനനം മുതൽ മരണം വരെയുള്ള വിസ്മയാവഹമായ പല കാര്യങ്ങളുമാണ് ഉള്ളടക്കം.
'ശാന്തി സമാധാനമുള്ളൊരു വ്യവസ്ഥ ഖുർആനിൽ നമുക്ക് കാണാനാവും, വ്യവസ്ഥ പ്രായോഗിമായിട്ടു കാണിച്ച മുഹമ്മദ് നബിയെ സ്വീകരിപ്പൂ'... എന്നിങ്ങനെ പോകുന്നു വരികൾ. നേരത്തെ അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഷംസുദ്ദീൻ എഴുതിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നത്. ആമുഖവും അവതാരികയും പൂർത്തിയാക്കി അടുത്ത ദിവസം പ്രകാശനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.