ശൈഖ് സായിദ് മോസ്കിൽ ആറുമാസം 33 ലക്ഷം സന്ദർശകർ
text_fieldsഅബൂദബി: തലസ്ഥാന നഗരിയിലെ സഞ്ചാരികളുടെ സുപ്രധാന ആകർഷക കേന്ദ്രമായ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ഈ വർഷം ആദ്യ ആറു മാസങ്ങളിലെത്തിയത് 33 ലക്ഷം സന്ദർശകർ. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മോസ്കിൽ എത്തിയവരിൽ 9.14 ലക്ഷം പേർ മാത്രമാണ് ആരാധനക്കായി എത്തിച്ചേർന്നത്. വിനോദസഞ്ചാരികളാണ് മനോഹരമായ ഈ നിർമിതി കാണുന്നതിന് കൂടുതലായി എത്തിയതെന്നും അധികൃതർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
23.8 ലക്ഷമാണ് ആറു മാസത്തിനിടെ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണം. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ ആകെ സന്ദർശകരുടെ എണ്ണത്തിൽ 127 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. മോസ്കിലെ ലൈബ്രറിയിൽ എത്തിച്ചേർന്നവർ 1104 പേരാണ്. സന്ദർശകരുമായി എത്തിയ വാഹനങ്ങളുടെ ആകെ എണ്ണം 7.57ലക്ഷമാണ്. ഇന്ത്യയിൽനിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകർ എത്തിച്ചേർന്നത്.
റഷ്യ, ചൈന എന്നിവിടങ്ങിൽനിന്നുള്ളവരാണ് പിന്നീട് ഏറ്റവുമധികം എത്തിയത്. അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ ഭാഷകളിലായി സന്ദർശകർക്ക് 2637 ടൂറുകൾ ഒരുക്കിയിട്ടുണ്ട്. 10 രാഷ്ട്രത്തലവൻമാർ, മൂന്ന് രാഷ്ട്രങ്ങളുടെ ഉപഭരണാധികാരികൾ, രണ്ട് പ്രധാനമന്ത്രിമാർ, 87 വിദേശ ഔദ്യോഗിക പ്രതിനിധി സംഘങ്ങൾ എന്നിവരും സന്ദർശകരിൽ ഉൾപ്പെടും. ഏപ്രിലിലാണ് ഏറ്റവും കൂടുതൽ വിശ്വാസികൾ പ്രാർഥനക്കായി പള്ളിയിൽ എത്തിച്ചേർന്നത്. ഒരു ദിവസം 63,919 പേർ പ്രാർഥനക്കായി എത്തിയതാണ് ഏറ്റവും ഉയർന്ന എണ്ണം.
യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ നാമധേയത്തിൽ നിർമിച്ച പള്ളി, അദ്ദേഹത്തിന്റെ മൂല്യങ്ങളും സ്മരണയും ഗുണങ്ങളും സംഭാവനകളും അനുസ്മരിക്കുന്നതാണ്. വിസിറ്റിങ് സെന്റർ, എക്സിബിഷൻ ഹാൾ, ഓഡിറ്റോറിയം, ലൈബ്രറി, കടകളും റസ്റ്റാറന്റുകളും അടങ്ങിയ സൂഖ് അൽ ജാമിഅ് എന്നിവ അടങ്ങിയതാണ് മോസ്കിന്റെ കോംപ്ലക്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.