വഴികൾ പലതുതാണ്ടി ശിഹാബ് ചോറ്റൂർ ഹജ്ജിന് നടത്തം തുടരുന്നു...
text_fieldsകുവൈത്ത് സിറ്റി: പിന്നിട്ട വഴിയിലെ ചൂടും വെയിലും തണുപ്പും റമദാൻ വ്രതത്തിന്റെ അവശതകളുമൊന്നും ശിഹാബ് ചോറ്റൂരിന്റെ ലക്ഷ്യത്തെ തളർത്തുന്നില്ല. രാജ്യങ്ങൾ പലതു പിന്നിട്ട്, പ്രകൃതിയുടെ പല ഭാവങ്ങൾ മാറിമാറി അനുഭവിച്ച്, ജനസാഗരത്തെ കണ്ട് ഒരൊറ്റ ലക്ഷ്യത്തിലേക്കുള്ള ആ യാത്ര തുടരുന്നു. കണക്കുകൂട്ടലുകളെല്ലാം ശരിയായി വന്നാൽ, ഈ വർഷത്തെ ഹജ്ജിന് ശിഹാബ് മക്കയിലുണ്ടാകും.
ചൊവ്വാഴ്ച രാവിലെ അബ്ദലി അതിർത്തി വഴി ഇറാഖിൽ നിന്ന് കുവൈത്തിൽ പ്രവേശിച്ച ശിഹാബ് തന്റെ യാത്രയുടെ വലിയൊരു ഘട്ടം പിന്നിട്ടു. സാൽമി അതിർത്തിവഴി സൗദിയിലേക്ക് പ്രവേശിക്കലാണ് ഇനി ലക്ഷ്യം. സാൽമി അതിർത്തി കടക്കുന്നതോടെ സൗദിയിലെ വിശുദ്ധഗേഹത്തിലേക്കുള്ള വഴിയിൽ ശിഹാബ് കുറെ കൂടി അടുക്കും. ഇതോടെ കാല്നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ശിഹാബ്.
ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് ഇറാഖിൽനിന്ന് അബ്ദലി അതിർത്തിവഴി കുവൈത്തിൽ പ്രവേശിച്ചത്. ഇറാഖിൽനിന്ന് അറാർ അതിർത്തിവഴി സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സാധ്യമാകാത്തതിനാൽ തിരിച്ച് 200 കിലോമീറ്ററോളം നടന്ന് അബ്ദലി വഴി കുവൈത്തിലെത്തുകയായിരുന്നു എന്ന് ശിഹാബ് പറഞ്ഞു. റമദാൻ ആയതിനാൽ നടക്കുന്നതിൽ കുറവൊന്നും വരുത്തിയിട്ടില്ല. ദിവസവും പ്രഭാതത്തിൽ അത്താഴം കഴിഞ്ഞ് നടപ്പ് ആരംഭിക്കും. നോമ്പ് തുറക്ക് തൊട്ടുമുമ്പ് റോഡരികിൽ കാണുന്ന പള്ളികളിലോ കൂടാരങ്ങളിലോ എത്തും. കഴിയുമെങ്കിൽ നോമ്പുതുറയും വിശ്രമവും അവിടെയാക്കും. അല്ലെങ്കിൽ പെട്രോൾ പമ്പുകളിൽ രാത്രി തങ്ങും.
എത്രയും വേഗത്തിൽ കുവൈത്ത് അതിർത്തികടന്ന് സൗദിയിലേക്ക് പ്രവേശിക്കാനാണ് ശിഹാബിന്റെ ശ്രമം. അതിന് കുവൈത്ത് അതിർത്തിയായ അബ്ദലിയിൽനിന്ന് സാൽമിവരെ 180 കിലോമീറ്ററുകളോളം മറികടക്കണം. 70ാം നമ്പർ റോഡിലൂടെയാണ് നടത്തം. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലെ വീട്ടിൽ നിന്ന് 2022 ജൂൺ രണ്ടിന് പുലർച്ചെയാണ് ശിഹാബ് യാത്ര ആരംഭിച്ചത്. സുബ്ഹി നമസ്കാരത്തിനുശേഷം, പ്രാർഥന നടത്തി, ഉറ്റവരോടെല്ലാം യാത്രപറഞ്ഞ് മക്ക ലക്ഷ്യമാക്കി യാത്ര ആരംഭിക്കുകയായിരുന്നു. 8640 കിലോമീറ്റർ 280 ദിവസംകൊണ്ട് നടന്നു തീർക്കലായിരുന്നു ലക്ഷ്യം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ പിന്നിട്ട് പാകിസ്താനിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിനിടെ വിസ ലഭ്യമാകാത്തതിനാൽ നാലു മാസത്തോളം അമൃത്സറിലെ സ്കൂളിൽ കഴിയേണ്ടിയും വന്നു. ഇത് യാത്രയുടെ ഷെഡ്യൂളുകൾ തെറ്റിച്ചു. ഈ വർഷം ഫെബ്രുവരി ആദ്യത്തിലാണ് വിസ ശരിയായി പാകിസ്താനിൽ പ്രവേശിച്ചത്. തുടർന്ന് ഇറാനിൽ എത്തുകയും ശേഷം ഇറാഖിലേക്ക് പ്രവേശിക്കുകയുമായിരുന്നു.
ഇറാനിലെ കനത്ത മഞ്ഞ് വീഴ്ചയിലും തണുപ്പിലും പതറാതെ മുന്നോട്ട് നടന്ന ശിഹാബ് ഇറാഖിലെ ചരിത്രപ്രസിദ്ധമായ ഇടങ്ങളൊക്കെ സന്ദർശിച്ചാണ് കുവൈത്തിലെത്തിയത്. ദിവസങ്ങൾക്കകം കുവൈത്തും പിന്നിടുന്നതോടെ മക്കയിലേക്ക് അടുക്കും. ഈവർഷം ഹജ്ജിനെത്തുന്ന ലക്ഷങ്ങളിൽ ഒരാളായി മാറുന്നതോടെ വലിയൊരു ദൗത്യം പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.