പാപവും പാപമോചനാർഥനയും
text_fieldsതെറ്റുകള്‍ മനുഷ്യസഹജമാണ്. പക്ഷേ, അനുവർത്തിച്ചു പോയ ദുഷ്പ്രവൃത്തികളെക്കുറിച്ചുള്ള കുറ്റബോധവും പാപമോചനാർഥനയും ഉണ്ടാകുമ്പോഴാണ് ഒരാൾ യഥാർഥ വിശ്വാസിയാവുന്നത്. പാപമോചനം അർഥിക്കേണ്ടതിന്റെ പ്രാധാന്യവും അനിവാര്യതയും സംബന്ധിച്ച നിരവധി വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലും കാണാനാകും.
തിരുനബി (സ) പാപരഹിതനായിരുന്നു. എന്നാലും, സദാസമയം നാഥനോട് പാപമോചനം തേടിയിരുന്നുവെന്നാണ് ചരിത്രം. പത്നി ആഇശ ബീവി പറയുന്നു: നബി (സ) രാത്രികാലങ്ങളില്‍ ധാരാളമായി നമസ്കരിക്കാറുണ്ടായിരുന്നു. നമസ്കാരത്തിന്റെ ആധിക്യം മൂലം കാലുകളില്‍ നീർക്കെട്ട് ഉണ്ടാവുകവരെ ചെയ്തു. ഒരിക്കല്‍ ഞാന്‍ ചോദിച്ചു: അങ്ങ് എന്തിനാണ് ഇങ്ങനെ പ്രയാസം സഹിച്ച് ആരാധനകളില്‍ ഏർപ്പെടുന്നത്? അങ്ങയുടെ ഭാവി-ഭൂത കാലങ്ങളിലെ സര്‍വ പാപങ്ങളും പൊറുക്കപ്പെട്ടിട്ടില്ലയോ? -ആഇശാ, ഞാന്‍ നാഥന്റെ കൃതജ്ഞതയുള്ള അടിമയാകേണ്ടതില്ലേ എന്നായിരുന്നു നബിയുടെ പ്രതികരണം
സ്രഷ്ടാവ് അടിമയുടെ പാപമോചനാർഥനയെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവനാണ്. ദുഷ്‌ചെയ്തികളില്‍നിന്ന് പാപമുക്തി നേടുന്നവര്‍ക്ക് അവർണനീയമായ പ്രതിഫലങ്ങളും അവന്‍ വാഗ്ദാനം ചെയ്യുന്നു. ‘‘എന്തെങ്കിലും ഹീനകൃത്യം പ്രവര്‍ത്തിക്കുകയോ ആത്മദ്രോഹമനുവര്‍ത്തിക്കുകയോ ചെയ്താല്‍ അവര്‍ അല്ലാഹുവിനെയോര്‍ക്കുകയും പാപമോചനമർഥിക്കുകയും ചെയ്യും -അവനല്ലാതെയാരുണ്ട് ദോഷങ്ങള്‍ പൊറുക്കാന്‍? അറിഞ്ഞു കൊണ്ടവര്‍ സ്വന്തം ദുഷ്ചെയ്തികളില്‍ ഉറച്ചുനില്‍ക്കില്ല. രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമുക്തിയും അടിയിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുമാണ് അത്തരക്കാരുടെ പ്രതിഫലം. അവരതില്‍ ശാശ്വതരത്രേ. സല്‍കര്‍മനിരതരുടെ കൂലി എത്ര ഉദാത്തം!’’ (വി.ഖു: 3:135-136)
നബി (സ) പറയുന്നു: ‘‘നിങ്ങള്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്യുക. നിശ്ചയം, ഞാന്‍ ഒരു ദിവസം എഴുപതിലധികം തവണ പശ്ചാത്തപിക്കുന്നു’’ (മുസ്‌ലിം).തെറ്റുകളുടെ ആധിക്യവും സദ്കര്‍മങ്ങളുടെ അഭാവവും ഹൃദയത്തില്‍ വേദനയുണ്ടാക്കണം. പാപമുക്തിക്കും നരകമോചനത്തിനുമുള്ള പ്രാര്‍ഥനകള്‍ക്ക് റമദാൻ പ്രത്യേകം പ്രയോജനപ്പെടുത്തണമെന്ന് പ്രവാചകന്‍ ഓര്‍മിപ്പിച്ചു.
ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ‘‘ആഇശ ബീവി പറയുന്നു: റമദാനിലെ അവസാനത്തെ പത്തില്‍ നബി ആരാധനകള്‍ക്കായി അരമുറുക്കുകയും രാത്രി സജീവമാക്കുകയും കുടുംബത്തെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു’’. റമദാന്‍ രാവുകളില്‍ ദീര്‍ഘനേരം പ്രാര്‍ഥനയിലും നമസ്‌കാരത്തിലും മുഴുകിയിരിക്കാന്‍ തിരുനബി സഹാബികളെ പ്രത്യേകം പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നുവെന്ന് അനുചരനായ അബൂഹുറൈറ (റ) സ്മരിക്കുന്നു. അറിഞ്ഞും അറിയാതെയും മനുഷ്യൻ തെറ്റുകള്‍ ചെയ്തിട്ടുണ്ടാകാം. അവയോര്‍ത്ത് നിരാശപ്പെടുന്നതിനു പകരം കുറ്റബോധം ഉണ്ടാവുകയും പ്രതീക്ഷാപൂര്‍വം പ്രാർഥന നടത്തുകയുമാണ് വേണ്ടത്.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ദാറുൽഹുദ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.