പള്ളികളെ ഭക്തിസാന്ദ്രമാക്കുന്ന ഗായക സംഘം
text_fieldsലോകത്തിന്‍റെ ഏത് കോണിലായാലും ക്രിസ്മസ് ദിനാഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷം ഒരുക്കുന്നതിൽ ക്വയർ സംഘങ്ങളുടെ പങ്ക് നിസ്തുലമാണ്. മറ്റ് ഗായക സംഘങ്ങളിൽ നിന്ന് വിത്യസ്തമായി സൗമ്യമായ ആലാപന ശൈലി കൊണ്ട് വിശ്വാസികൾക്ക് ഹൃദ്യമായ അനുഭവം സമ്മാനിക്കുന്നതോടൊപ്പം മനസിൽ ഭക്തിയുടെ നിറഭാവങ്ങൾ തീർക്കുന്നവയാണ് പള്ളികളിലെ ക്വയർ സംഘങ്ങൾ.
പ്രവാസ ലോകത്തും മലയാളികളുടെ നേതൃത്വത്തിലുള്ള വിശ്വാസി സമൂഹത്തിന്‍റെ ക്വയർ സംഘങ്ങൾ വിവിധ പള്ളികൾ കേന്ദ്രീകരിച്ച് സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. എന്നാൽ, നാലര പതിറ്റാണ്ടിലധികമായി സജീവമായി ഈ രംഗത്തുള്ള പള്ളിയാണ് ദുബൈ സി.എസ്.ഐ ചർച്ച്. യുനൈറ്റഡ് അറബ് എമിറേറ്റ്സിലെ ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ആദ്യ ഇടവകയാണ് ദുബൈയിലെ സി.എസ്.ഐ ഇടവക.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പാരമ്പര്യമനുസരിച്ച് ആരാധനയുടെ അവിഭാജ്യ ഘടകമാണ് ചർച്ച് ക്വയർ (ഗായക സംഘം). ക്വയറിൽ പരിശീലനം ലഭിച്ച ഗായകനാകാൻ വളരെയധികം പ്രതിബദ്ധത ആവശ്യമാണ്. ദുബൈ സി.എസ്.ഐ പാരിഷ് ക്വയർ സംഘാംഗത്തിന് മികച്ച നിലവാരത്തിലുള്ള പരിശീലനമാണ് നൽകിവരുന്നത്. 1975 ൽ ആണ് ദുബൈ സി.എസ്.ഐ പാരിഷ് ഗായക സംഘം ആരംഭിക്കുന്നത്. തുടക്കത്തിൽ പുരുഷൻമാരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രധാനമായും പ്രതിവാര ആരാധനയിൽ സഭയെ ആലാപനത്തിൽ നയിക്കുകയാണ് ഗായക സംഘത്തിന്‍റെ ലക്ഷ്യം.
പിന്നീട് മൂന്ന് ക്വയർ മാസ്റ്റർമാരുടെ നേതൃത്വത്തിൽ സംഘത്തെ കൂടുതൽ വിപുലീകരിക്കുകയായിരുന്നു. ക്വയർ മാസ്റ്ററായ ജെ.ഇ മാത്യു ആണ് 2006 വരെ ക്വയർ സംഘത്തിന് ആദ്യം പരിശീലനം നൽകി വന്നത്. ശേഷം 2012 വരെ മാത്യു ഫിലിപ്പ് എന്ന ക്വയർ മാസ്റ്ററുടെ നേതൃത്വത്തിൽ പരിശീലനം തുടർന്നു. നിലവിൽ ജൂബി അബ്രഹാമിന്‍റെ നേതൃത്വത്തിൽ സംഘത്തിൽ 70 അംഗ ഗായക സംഘമാണ് സി.എസ്.ഐയിൽ പ്രവർത്തിക്കുന്നത്.
അസി. ക്വയർ മാസ്റ്റർ ജിനോ മാത്യു, ഓർഗനിസ്റ്റ് പ്രതീഷ് പോത്തൻ എന്നിവരാണ് ജൂബി എബ്രഹാമിന്‍റെ സഹായികൾ. ജൂനിയർ ക്വയർ സംഘത്തിൽ എട്ടു മുതലുള്ള കുട്ടികൾ അംഗങ്ങളാണ്. ഞായറാഴ്ച നടക്കുന്ന ആരാധനയിൽ ആലാപനം സുഗമമാക്കുക എന്നതാണ് ഗായകസംഘത്തിന്‍റെ പ്രധാന പ്രവർത്തനം. ഇടവക വികാരി രാജു ജേക്കബാണ് പരിപാടികൾക്കെല്ലാം നേതൃത്വം നൽകുന്നത്. ക്രിസ്മസ് ദിനങ്ങളിലുള്ള ക്വയറിന് വളരെയേറെ പ്രത്യേകതകളുണ്ട്.
പാരിഷിനകത്തും പുറത്തും നിന്നുമായി വലിയ ആസ്വാദക സംഘം തന്നെ ഇതിനായി വന്നെത്തുമെന്നതാണ് പ്രത്യേകത. അബൂബദി, ദുബൈ, ഷാർജ, ജബൽ അലി യൂനിറ്റുകളുമായി ചേർന്ന് ദുബൈ സി.എസ്.ഐ പാരിഷ് എല്ലാ വർഷവും ക്വയർ ഫെസ്റ്റിവൽ സംഘടിപ്പിക്കാറുണ്ട്. ഒന്നിലധികം ആളുകൾ കോറസായി പാടുന്നതു കൊണ്ടാണ് ഇതിന് ക്വയർ എന്ന് വിളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.