നോമ്പ് എന്ന സോഷ്യൽ തെറപ്പി
text_fieldsതിന്മയെ പ്രതിരോധിക്കാൻ ഏറ്റവും നല്ല ആയുധമാണ് നോമ്പ്. അതുകൊണ്ടാണ് നബി (സ) നോമ്പിനെ പരിചയോടുപമിച്ചത്. പതിനൊന്ന് മാസക്കാലത്തെ ജീവിതത്തിന് ദോഷബാധയിൽനിന്ന് പ്രതിരോധം തീർക്കാൻ ഏറ്റവും ശക്തിയുള്ള ആയുധമാണ് ഒരുമാസക്കാലത്തെ വ്രതാനുഷ്ഠാനം.
പ്രമുഖ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ തന്റെ കുട്ടിക്കാലം വിവരിക്കുമ്പോൾ അക്കാലത്തെ മുസ്ലിംകളെ പരിചയപ്പെടുത്തിയത് ഓർമയിൽവരുന്നു- വള്ളത്തിൽ കയറി പരപ്പനങ്ങാടി പുഴ കടന്നുവേണമായിരുന്നു അദ്ദേഹത്തിന് സ്കൂളിലെത്താൻ; പാലം ഉണ്ടായിരുന്നില്ല. കുട്ടികളും കച്ചവടക്കാരുമായി വരുന്ന വള്ളത്തിൽ രണ്ടുകെട്ട് വെറ്റിലയുമേന്തി കയറുന്ന ഒരു മുസ്ലിം വയോധികനെ അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്.
തിരക്കുപിടിച്ച ആ തോണിയിൽ വെച്ച് ഒരാൾ ആ ഉപ്പയോട് ചോദിച്ചു ‘‘ഈ വെറ്റിലകൾ ഒറ്റക്കെട്ടിലാക്കിയാൽ നിങ്ങൾക്ക് കുറച്ചുകൂടി സൗകര്യം ആവുകയില്ലേ? അതിന് അദ്ദേഹം പറഞ്ഞ മറുപടി, ‘‘ഒന്ന് ഇന്നലെ വിറ്റ വെറ്റിലയുടെ ബാക്കിയാണ്, മറ്റൊന്ന് പുതിയതാണ്.
രണ്ടും ഒന്നിച്ച് കൂട്ടിവെച്ചാൽ വഞ്ചനയാണ്. എന്റെ വിശ്വാസം അതിന് എന്നെ അനുവദിക്കുന്നില്ല’’ എന്നായിരുന്നു. പടച്ചവന് അതിഷ്ടമാവില്ല എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഇത്രയേറെ സൂക്ഷ്മത പുലർത്തിയ തലമുറയായിരുന്നു തന്റെ നാട്ടിൽ ഉണ്ടായിരുന്നതെന്ന് സി.ആർ വിവരിക്കുന്നതുകാണാം.
ഇത് തീർച്ചയായിട്ടും നോമ്പിന്റെയും ഖുർആനിന്റെയും വിശ്വാസത്തിന്റെയും സ്വാധീനമല്ലാതെ മറ്റെന്താണ്. വിശ്വാസിക്ക് വെളിച്ചം പകർന്നുനൽകുന്ന, മനസ്സിൽനിന്ന് ഇരുട്ട് നീക്കം ചെയ്യുന്ന സോഷ്യൽ തെറപ്പിയാണ് നോമ്പ്. അതിലൂടെ ലഭിക്കുന്ന വെളിച്ചം നമ്മെ ആത്മീയ ഉന്നതിയിൽ എത്തിക്കുന്നു. അതുതന്നെയാണ് നോമ്പിന്റെ സ്വാധീനവും.
മോഷണം, വിശ്വാസ വഞ്ചന, അക്രമങ്ങൾ, വ്യാജം ചെയ്യലും പറയലും, ലഹരി ഉപയോഗം എന്നിങ്ങനെ ഭൂമിയിൽ നാശംവിതക്കുന്ന, സഹജീവികൾക്ക് ഏതെങ്കിലും വിധത്തിൽ പ്രയാസം സൃഷ്ടിക്കുന്ന എല്ലാ പ്രവർത്തനങ്ങളും അല്ലാഹുവും പ്രവാചകനും വിലക്കിയിരിക്കുന്നു.
ഖുർആനും നബിചര്യയും മുറുകെപ്പിടിച്ച് ജീവിക്കുന്ന ആളുകൾക്കിടയിൽ കുറ്റകൃത്യങ്ങൾ കുറയാൻ കാരണമിതാണ്. ഒരു ദേശത്ത് കുറ്റകൃത്യങ്ങൾ നിർബാധം തുടരുന്നുവെങ്കിൽ വിശുദ്ധചര്യയിൽനിന്ന് വഴിമാറി നടക്കുന്നുവോ എന്ന് അവർ സ്വയം വിചാരണ ചെയ്യേണ്ടതുണ്ട്. അത്തരമൊരു ആത്മപരിശോധനക്കും തെറ്റുതിരുത്തൽ പ്രക്രിയക്കും ഏറ്റവും ഉചിതമായ കാലവുമാണ് റമദാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.