വേദാമ്പർ പള്ളിയിൽ ഇന്ന് ഏഴു ബാങ്കൊലികൾ
text_fieldsപഴയങ്ങാടി: റമദാനിൽ ലൈലത്തുൽ ഖദർ പ്രതീക്ഷിക്കുന്ന രാവുകളിലൊന്നായ ഇരുപത്തേഴാം രാവിൽ പതിവ് ബാങ്കു വിളികൾക്കുപരിയായി ഏഴ് ബാങ്കുവിളികൾ കൂടി ഉയരുന്ന പള്ളിയാണ് മാട്ടൂൽ നോർത്ത് വേദാമ്പർ ജുമാ മസ്ജിദ്. രാത്രിയിലെ ഇശാ ബാങ്കിന് ശേഷം ഓരോ പതിനഞ്ച് മിനിറ്റിലും ബാങ്ക് വിളിക്കുന്നത് വേദാമ്പർ ജുമ മസ്ജിദിന്റെ പ്രത്യേകതയാണ്.
തലമുറകൾക്കു മുമ്പേ ഇതു ഇവിടെയുണ്ടായിരുന്നു. വേദാമ്പർ ജുമ മസ്ജിദുമായി ബന്ധപ്പെട്ട പൂർവികർ പുറത്തിൽ പള്ളിയിലെ അബ്ദുൽഖാദർ സാനിയുടെ ശിഷ്യരായിരുന്നുവെന്നും പുറത്തിൽ പള്ളിയിൽ ഇരുപത്തേഴാം രാവിൽ ഇശാ ബാങ്കിന്റെ തുടർച്ചയായി ഏഴ് ബാങ്ക് വിളികളുണ്ടായിരുന്നത് അവലംബമാക്കി വേദാമ്പർ ജുമ മസ്ജിദിലും ഈരീതി തുടർന്നുവെന്നാണ് ചരിത്രം.
ഇരുപത്തേഴാം രാവിൽ പുലർച്ചവരെ സജീവമാണ് പള്ളിയും പരിസരവും. ബന്ധു മിത്രങ്ങളുടെ ഖബർ സന്ദർശിക്കുന്നതിനായി നൂറുകണക്കിനാളുകളാണ് വേദാമ്പർ ഖബർസ്ഥാനിൽ എത്താറുള്ളത്. വീടുകളിൽ നിന്ന് പള്ളിയിലേക്ക് പലഹാരങ്ങളുമെത്തും. മാട്ടൂലിൽ ആദ്യം ജുമുഅ നമസ്കാരം ആരംഭിച്ചത് വേദാമ്പർ പള്ളിയിലാണെന്ന് രേഖപ്പെടുത്തപ്പെട്ട ചരിത്രരേഖകളിലുണ്ട്.
പ്രവാചകനെയും അനുചരന്മാരെയും ബഹുമാനപുരസരം വേദാമ്പർ എന്ന് വിളിച്ചിരുന്നതിൽ നിന്നാണ് പള്ളിക്ക് വേദാമ്പർ എന്ന പേര് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. ബഹുമാനസൂചകമായി പാർസി ഭാഷയിൽ ഉപയോഗിക്കുന്ന ''പൈഗമ്പർ'' എന്ന പദമാണ് വേദാമ്പറായി പരിണമിച്ചതെന്നാണ് അനുമാനം.
സമസ്തയുടെ ഉന്നത ശീർഷരായ കണ്ണിയത്ത് അഹമ്മദ് മുസ് ലിയാർ, ഇ.കെ. അബൂബക്കർ മുസ് ലിയാർ തുടങ്ങിയവർക്ക് ഈ പള്ളിയും ദർസുമായും അടുത്ത ബന്ധമുണ്ടായിരുന്നു. നാദാപുരം കീഴന കുഞബ്ദുള്ള മുസ് ലിയാരും പിൽക്കാലത്ത് കെ.പി. ഹംസ മുസ് ലിയാർ ചിത്താരിയുമൊക്കെ മുദരിസുമാരായി സേവനം അനുഷ്ടിച്ച ദർസാണ് ഇവിടത്തേത്.
വ്യത്യസ്ത മത സംഘടനകളിൽ പ്രവർത്തിക്കുന്ന പലരും വേദാമ്പർ ദർസിലെ പഠിതാക്കളായിരുന്നു. ജമാഅത്തെ ഇസ് ലാമി കേരള മുൻ അമീർ ടി.കെ. അബ്ദുല്ല വേദാമ്പർ പള്ളി ദർസിൽ പഠനം നടത്തിയത് അദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകളിൽ അനുസ്മരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.