പൊരുളാഴങ്ങളുടെ ഗുരു
text_fieldsശ്രീനാരായണഗുരുവിൻെറ ജീവിതവും മാനവികതയിൽ അധിഷ്ഠിതമായ പ്രപഞ്ചവീക്ഷണവും മുമ്പെന്നത്തെക്കാളും പ്രസക്തമാണിന്ന്. ഭാരതീയദർശനം ലോകത്തിന് മൊത്തത്തിൽ സുഖം ആശംസിച്ചപ്പോൾ പരിധിയിൽപ്പെടാത്തവർ അഥവാ ബോധപൂർവം പുറംപോക്കിലേക്ക് നിർദാക്ഷിണ്യം വലിച്ചെറിയപ്പെട്ടവർ ഏറെ ഉണ്ടായി. വർണാശ്രമധർമവും ജാതീയതയും പൗരോഹിത്യവും അധികാരകേന്ദ്രങ്ങളും ഈ നിലപാടുകൾക്ക് പിൻബലമേകി. ഗുണഭോക്താക്കൾ പശുക്കളും ബ്രാഹ്മണർ ഉൾപ്പെടുന്ന ൈത്രവർണികരും നാടുവാഴികൾ ഉൾക്കൊള്ളുന്ന അധികാരിവർഗവും മാത്രമായി. യാഥാസ്ഥിതികവും ഹിംസാത്്മകവുമായ ഉച്ചനീചഭേദങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അമാനവികമായ സാമൂഹികവ്യവസ്ഥ കെട്ടിപ്പടുത്തിരുന്നത്.
ബ്രിട്ടീഷ് ഭരണത്തിെൻറ നുകക്കീഴിലമർന്ന ഇന്ത്യയിൽ 19ാം നൂറ്റാണ്ടിലാണ് അനാചാരങ്ങൾക്കും അബദ്ധവിശ്വാസങ്ങൾക്കുമെതിരെ നവോത്ഥാനപ്രസ്ഥാനങ്ങൾ ഉടലെടുക്കുന്നത്. ജാതിവിവേചനങ്ങൾക്കും മതവൈരങ്ങൾക്കുമെതിരെ മാനവികതയിലൂന്നി പ്രവർത്തിച്ച പ്രസ്തുത പ്രസ്ഥാനങ്ങൾ വ്യവസ്ഥിതിയുടെ സമൂലമാറ്റത്തിന് ഊന്നലേകുന്നതിനുപകരം ഉപരിപ്ലവവും മൃദുലവുമായാണ് സമീപിച്ചത്. മതത്തിെൻറ നിർദിഷ്ട ലക്ഷ്യലക്ഷണങ്ങളിലൊന്നും ഉൾപ്പെടാത്ത സാംസ്കാരികജീവിതശൈലിയുടെയും മൂല്യബോധത്തിെൻറയും സമുച്ചയമായിരുന്ന സനാതനധർമത്തെ മതമാക്കി മാറ്റുന്നതിനുള്ള കൊണ്ടുപിടിച്ച പരിശ്രമങ്ങളിലും അത് പങ്കാളിയായി. നിലവിലിരുന്ന ജാതിവിവേചനത്തോടൊപ്പം മതസ്പർധക്കും അത് ആക്കം കൂട്ടി. പരിഷ്കരണപ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്തവരിൽനിന്ന് നാരായണഗുരു വ്യതിരിക്തനാകുന്നത് ഇവിടെയാണ്.
സത്യാനുഭൂതിയെ തർക്കവിതർക്കങ്ങളിലൂടെ, ഇതര മത/പക്ഷഖണ്ഡനത്തിലൂടെ ദിഗ്വിജയങ്ങളാക്കി തങ്ങളുടെ അപ്രമാദിത്വം സ്ഥാപിക്കാനായിരുന്നു വിവിധ പ്രസ്ഥാനങ്ങളിൽപ്പെട്ടവർ പരിശ്രമിച്ചിരുന്നത്. അതിൽനിന്ന് വ്യത്യസ്തമായി സത്യത്തിെൻറ സാധുതയെ പ്രവർത്തനനിരതമാക്കാനാകാത്ത ഇടം ഈ പ്രപഞ്ചത്തിലില്ലെന്ന് സ്വജീവിതംകൊണ്ട് മാനവരാശിയെ ബോധ്യപ്പെടുത്തിയതാണ് ഗുരുദേവെൻറ സവിശേഷത.
മേൽ/കീഴ് വ്യത്യാസങ്ങളുള്ള ജാതിവ്യവസ്ഥ പിഴുതെറിയണമെങ്കിൽ അതിന് അടിയാധാരമായ വർണനിർദിഷ്ട ഗുണഘടനയെ സമൂലം നിരാകരിക്കണമെന്ന് ഗുരു തിരിച്ചറിഞ്ഞു. പിന്നെ വർണത്തിനോ ജാതീയതക്കോ മറ്റു വേർതിരിവുകൾക്കോ ഒരടിസ്ഥാനവുമുണ്ടാകില്ല. ജ്ഞാനയജ്ഞങ്ങളിലൂടെയും പ്രഭാഷണശിബിരങ്ങളിലൂടെയും വിചാരസത്രങ്ങളിലൂടെയും ഇന്നും ന്യായീകരിച്ചുകൊണ്ടിരിക്കുന്ന അനാദിയായ വർണസങ്കൽപങ്ങളെല്ലാം നിരാകരിക്കപ്പെടും.
ഒരു ജാതി..., ഗോക്കൾക്ക് ഗോത്വമെന്നതുപോലെ മനുഷ്യത്വമാണ് മനുഷ്യെൻറ ജാതി, പുണർന്നു പെറുമെല്ലാമൊരിനം, മനുഷ്യജാതിയിൽപ്പെട്ടവനെന്ന് ശരീരത്തിെൻറ ആകൃതി വ്യക്തമാക്കിത്തരുന്നതുകൊണ്ട് ഒരാളുടെ ജാതി ചോദിക്കേണ്ട ആവശ്യമില്ല എന്നിങ്ങനെ ജാതിനിർണയം, ജാതിലക്ഷണം തുടങ്ങിയ പ്രബോധനകൃതികൾ ഗുരു കുറിച്ചത് ഈ ബോധ്യമുൾക്കൊണ്ടായിരുന്നു.
ദാർശനിക(താത്ത്വിക)മായി നാം ശങ്കരനെ പിന്തുടരുന്നു എന്ന ഗുരുവിെൻറ പരാമർശം സൂചിപ്പിക്കുന്നത് പ്രയോഗതലത്തിൽ ശങ്കരെൻറ പ്രവർത്തനങ്ങൾ ഉൾക്കൊള്ളാൻ പ്രയാസമുണ്ട് എന്നു തന്നെയാണ്. തനിക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്നും ജാതീയതയെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടയിൽ അവിടെ ശങ്കരന് തെറ്റിയെന്നും വിവിധ സന്ദർഭങ്ങളിൽ ഗുരുവരുളിയിട്ടുണ്ട്. പദവിയും സ്ഥാനവുമൊന്നും നോക്കാതെ വർണവിധേയത്വവും ജാതിവിവേചനവും പിൻപറ്റുന്നവരോടെല്ലാമുള്ള അനഭിമതത്വമാണ് ഇവിടെ പ്രകടമാകുന്നത്.
അയിത്തക്കാരെന്ന് പറയപ്പെട്ടിരുന്ന കുഞ്ഞുങ്ങളോടൊപ്പം മഹാകവി ഉള്ളൂരിനെ ഒപ്പമിരുത്തി ഒരുമിച്ച് പപ്പടംപൊടിച്ച് ജാതിചിന്തയെക്കൂടി ലക്ഷ്യംവെച്ച് ''പൊടിഞ്ഞോ'' എന്ന് അന്വേഷിച്ചതും ഇവിടെ സ്മരണീയമാണ്. 1916ൽ 'ജാതിയില്ലാ വിളംബരം' നടത്തിയതിന് ജാതിമതങ്ങളുടെ കൽത്തുറുങ്കിലടച്ചും പ്രണവമുദ്രണം ചെയ്ത കണ്ണാടി പ്രതിഷ്ഠിച്ചതിന് കണ്ണാടിക്കൂട്ടിലാക്കിയും സത്യാനുഭൂതിയിൽ അചഞ്ചലമായി വർത്തിക്കണമെന്ന് അരുളിയതിന് കോൺക്രീറ്റ് ശിൽപങ്ങളിലൊതുക്കിയും ഒരുഘട്ടത്തിൽ ക്ഷേത്രപ്രതിഷ്ഠകളിൽനിന്ന് പിന്തിരിഞ്ഞതിന് ക്ഷേത്രബിംബങ്ങളിൽത്തന്നെ തളച്ചുറപ്പിച്ചും ഗുരുദർശനങ്ങളിൽ ജീവിക്കേണ്ടുന്ന ബാധ്യതകൾ മറന്ന് ഗുരുദർശനങ്ങളെക്കൊണ്ട് ഉപജീവിച്ചും ഏതാനും ദിവസങ്ങളിൽ മാത്രം ഓർമിച്ചുമെല്ലാം നാം അദ്ദേഹത്തോട് പകരംവീട്ടിക്കൊണ്ടിരിക്കുന്നു!!
ഗുരുവിനെ ഹൈന്ദവസന്യാസിയെന്ന് ചിലർ അഭിസംബോധന ചെയ്യുന്നതിലെ വ്യർഥത കൂടി തിരിച്ചറിയേണ്ടിയിരിക്കുന്നു. നിരവധി ക്ഷേത്രങ്ങൾ അവിടന്ന് പ്രതിഷ്ഠിച്ചിട്ടുണ്ടെന്നത് ശരിയാണ്. ഒരാലംബനം, കൂട്ടായ്മയുടെ പൊതുവിടം, മനുഷ്യബന്ധങ്ങളുടെ മാതൃകാസ്ഥാനം എന്നതിൽക്കവിഞ്ഞ് അവക്കൊന്നും ആത്യന്തികമായ പ്രാധാന്യമില്ല.
ഒരുഘട്ടത്തിൽ ഇത്തരം പ്രതിഷ്ഠകൾക്കു പകരം പ്രണവചിഹ്നം വരച്ച കണ്ണാടി, കെടാവിളക്ക്, വചനങ്ങൾ എന്നിവയും ഗുരു പ്രതിഷ്ഠിച്ചു. ക്രമേണ പ്രതിഷ്ഠാകർമങ്ങൾ നിർത്തി വിദ്യാലയങ്ങളും വായനശാലകളും വ്യവസായസ്ഥാപനങ്ങളുമാണ് ഇനി വേണ്ടതെന്ന് ഓർമിപ്പിച്ചു. ഇതര മതവിഭാഗത്തിൽപ്പെട്ടവർ ആവശ്യപ്പെടുന്നപക്ഷം അവരുടെ ആരാധനാലയങ്ങളും പ്രതിഷ്ഠിക്കുന്നതിനുള്ള സന്നദ്ധതയും അറിയിച്ചു. ''ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ'' എന്നദ്ദേഹം ഒരിക്കൽ തുറന്നു ചോദിക്കുകയുണ്ടായി. 'പരമേശപവിത്രപുത്ര'നായ ക്രിസ്തുവും 'കരുണവാനായ മുത്തുനബി'യും 'അനുകമ്പാദശക'ത്തിൽ പരാമർശിക്കപ്പെടുന്നത് അവിടത്തെ സർവാശ്ലേഷിയായ മതവീക്ഷണത്തിന് അടിവരയിടുന്നു. ഒരു മതത്തിെൻറയും വക്താവല്ല ഗുരുവെന്ന് തെളിയിക്കാൻ ഇതിൽപ്പരം മറ്റൊരു തെളിവും വേണ്ട!!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.