പള്ളിവേട്ട കഴിഞ്ഞു, പത്മനാഭസ്വാമിക്ക് ഇന്ന് ആറാട്ട്
text_fieldsതിരുവനന്തപുരം: ആചാരപ്പെരുമയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവത്തിന്‍റെ ഭാഗമായ പള്ളിവേട്ട നടന്നു. ഉത്സവത്തിന്‍റെ പ്രധാന ചടങ്ങുകളിലൊന്നായ പള്ളിവേട്ട തിങ്കളാഴ്ച രാത്രി എട്ടരയോടെ ക്ഷേത്രംസ്ഥാനി മൂലം തിരുനാള്‍ രാമവര്‍മയാണ് നടത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും. ഉത്സവ ശീവേലിക്കുശേഷമാണ് വേട്ടക്കെഴുന്നള്ളത്ത് തുടങ്ങിയത്. രാജകുടുംബസ്ഥാനി ക്ഷേത്രത്തില്‍നിന്ന് ഉടവാളുമായി പടിഞ്ഞാറെ നടവഴി പുറത്തിറങ്ങി.
പത്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹം സ്വര്‍ണ ഗരുഡവാഹനത്തിലും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂര്‍ത്തിയെയും വെള്ളി ഗരുഡവാഹനത്തിലും എഴുന്നള്ളിച്ചു. പൊലീസും കുതിരപ്പട്ടാളവും കോല്‍ക്കാരും കുന്തക്കാരും മറ്റ് ഉദ്യോഗസ്ഥരും അകമ്പടി സേവിച്ചു.
വാദ്യമേളങ്ങളൊന്നും ഉപയോഗിക്കാതെ നിശബ്ദമായാണ് ഘോഷയാത്ര സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിലെ വേട്ടക്കളത്തിലെത്തിയത്. തന്ത്രി തരണനല്ലൂര്‍ പ്രദീപ് നമ്പൂതിരി അമ്പും വില്ലും ആവാഹനം കഴിച്ച് രാമവര്‍മക്ക് കൈമാറി.
പ്രതീകാത്മകമായി കരിക്കില്‍ അമ്പെയ്താണ് വേട്ട നടത്തിയത്. സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിലെ വേട്ടക്കളം റവന്യൂ ഉദ്യാഗസ്ഥര്‍ ആചാരപ്രകാരം അലങ്കരിച്ചിരുന്നു.
ശംഖുവിളിച്ച് വാദ്യഘോഷങ്ങളോടെയാണ് വേട്ട കഴിഞ്ഞുള്ള എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് മടങ്ങിയത്. വടക്കേ നടവഴി എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ കടന്നു. തുടര്‍ന്ന്, ഒറ്റക്കല്‍ മണ്ഡപത്തില്‍ പത്മനാഭസ്വാമി വിഗ്രഹം െവച്ച് മുളപാലികയില്‍ മുളപ്പിച്ച നവധാന്യങ്ങളൊരുക്കി. ചൊവ്വാഴ്ച പുലര്‍ച്ച കറവപ്പശുവിനെയും കുട്ടിയെയും മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദര്‍ശനം നടത്തും.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ ആറാട്ട് ചടങ്ങുകള്‍ ആരംഭിക്കും. ശ്രീകോവിലില്‍ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തില്‍ പത്മനാഭസ്വാമിയെയും നരസിംഹമൂര്‍ത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രക്ക് തുടക്കമാകും.
ഇവക്കൊപ്പം ചേരാനായി തിരുവല്ലം പരശുരാമക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, പാല്‍ക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങള്‍ പടിഞ്ഞാറേ നടയിലെത്തും. തുടര്‍ന്ന്, ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങും.
വള്ളക്കടവില്‍നിന്ന് വിമാനത്താവളത്തിനകത്തുകൂടിയാണ് ഘോഷയാത്ര കടന്നുപോകുക. ശംഖുംമുഖത്തെ കല്‍മണ്ഡപത്തിലിറക്കിെവച്ച വാഹനങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ പൂജകള്‍ക്കുശേഷം സമുദ്രത്തിലാറാടിക്കും. രാത്രി എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.