സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ചര്‍ച്ച് നിര്‍മാണം പുരോഗമിക്കുന്നു
text_fieldsഅബൂദബി: യു.എ.ഇയിലെ പുരാതന ക്രൈസ്തവ ദേവാലയമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രൽ പുനർനിര്‍മാണം അടുത്തവര്‍ഷം ആദ്യം പൂര്‍ത്തിയാവും. മുഷ്രിഫിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് പൊളിച്ചുനീക്കിയത്. ഡിസംബറിലാണ് പുതിയ പള്ളി നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.
പള്ളിക്കെട്ടിടത്തിന്റെ 40 ശതമാനം പണികള്‍ ഇതിനകം പൂര്‍ത്തീകരിച്ചതായി ചര്‍ച്ച് അധികൃതര്‍ വ്യക്തമാക്കി. നിര്‍മാണ കേന്ദ്രത്തിനോടനുബന്ധിച്ചുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ് ഇപ്പോള്‍ കുര്‍ബാനകള്‍ നടന്നുവരുന്നത്. അടുത്തവര്‍ഷം മേയ് മാസത്തോടുകൂടി പുതിയ ചര്‍ച്ച് വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെന്റ് ജോര്‍ജ് പള്ളി വികാരി റവ. ഫാ. എല്‍ദോ പോള്‍ പറഞ്ഞു.
25 ദശലക്ഷം ദിര്‍ഹമാണ് പള്ളിയുടെ ഏകദേശ നിര്‍മാണച്ചെലവ്. പള്ളി നിര്‍മാണത്തിനായി ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലി കഴിഞ്ഞദിവസം 10 ലക്ഷം ദിര്‍ഹം സംഭാവന നല്‍കിയിരുന്നു. പള്ളിനിര്മാണത്തിനുള്ള പണം വിശ്വാസികളില്‍നിന്നാണ് പിരിക്കുന്നതെന്ന് ഫാ. എല്‍ദോ പോള്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ 90 ലക്ഷം ദിര്‍ഹം ചെലവഴിച്ച് പാഴ്സനേജ് ബ്ലോക്കും വികാരിയുടെ താമസസ്ഥലവും വി.ഐ.പി റൂമുകളും ഓഫിസുകളും മീറ്റിങ് മുറികളും ചുറ്റുമതിലും വെള്ളസൗകര്യവുമൊക്കെയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് പള്ളിയുടെ പ്രധാന ഭാഗമടക്കം 16 ദശലക്ഷം ചെലവഴിച്ചു നിര്‍മിക്കുക.
പള്ളിയില്‍ 1600 മുതല്‍ 1800 വരെ വിശ്വാസി കുടുംബങ്ങളാണ് അംഗങ്ങളായുള്ളത്. പുതിയ പള്ളിയില്‍ രണ്ടായിരത്തിലേറെ ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടാകും. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആൽ നഹ്യാന് 1970ല്‍ ഖാലിദയില്‍ ശിലയിട്ടാണ് ആദ്യ ചര്‍ച്ച് നിര്‍മിച്ചത്. 1983ലാണ് ഈ ചര്‍ച്ച് മുഷ് രിഫിലേക്ക് മാറ്റിയത്. 2004ല്‍ കത്തീഡ്രലായി പള്ളി ഉയര്‍ത്തപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.