തെയ്യക്കനലിന്റെ ചുവപ്പ്
text_fieldsഭക്തിയുടെ കനലിൽ മനുഷ്യൻ ദേവതാരൂപം ധരിച്ച് ഉറഞ്ഞുതുള്ളുന്ന തെയ്യക്കാഴ്ചകളിലാണ് ഉത്തര മലബാറിപ്പോൾ. കാവുകളിലും കോട്ടങ്ങളിലും തറവാട്ട് മുറ്റങ്ങളിലും അമ്മ ദൈവങ്ങളും മന്ത്രമൂർത്തികളും ഇതിഹാസ കഥാപാത്രങ്ങളും തെയ്യക്കോലങ്ങളിലൂടെ പരകായപ്രവേശം നടത്തുമ്പോൾ കാഴ്ചകൾക്കെങ്ങും കനലിന്റെ ചുവപ്പാണ്. മനുഷ്യൻ ദേവതാരൂപം ധരിച്ച് ഉറഞ്ഞുതുള്ളുകയും അതിലൂടെ ദേവതയെ പ്രീതിപ്പെടുത്തി സമൂഹത്തിന് ഐശ്വര്യവും സമാധാനവും നൽകുമെന്ന വിശ്വാസമാണ് തെയ്യങ്ങൾക്ക് പിന്നിൽ. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഈ അനുഷ്ഠാനകല കെട്ടിയാടുന്നത്. അഞ്ഞൂറോളം തെയ്യങ്ങളുണ്ടെങ്കിലും നിലവിൽ 120ഓളം തെയ്യങ്ങളെ കണ്ടുവരുന്നുള്ളൂ. ജാതി, മത, സമുദായ അതിരുകൾക്ക് അതീതമായി ഓരോ നാടിനെയും തെയ്യങ്ങൾ ഒന്നിപ്പിക്കുന്നുണ്ട്.
സങ്കീർണവും അതിമനോഹരവുമായ മുഖത്തെഴുത്തും രക്തച്ചുവപ്പുള്ള ആടയാഭരണങ്ങളും വാദ്യമേളങ്ങളും ലാസ്യ താണ്ഡവ നൃത്താദികളും തോറ്റംപാട്ടുമൊക്കെയായി ഭക്തിയും കലയും ഒരുപോലെ ഓരോ തെയ്യങ്ങളിലും ഒന്നിക്കുന്നു. വർഷങ്ങൾ നീളുന്ന കഠിന പരിശീലനത്തിലൂടെയും മനസ്സിന്റെയും ശരീരത്തിന്റെയും പൂർണ സമർപ്പണത്തിലൂടെയും മാത്രമെ ഒരാൾക്ക് നല്ല തെയ്യക്കാരനാകാൻ കഴിയുകയുള്ളൂ. തെയ്യം പ്രവേശിച്ചാൽ പിന്നെ എല്ലാം മറന്ന് അതിലലിയും. കനൽ ചൂടിലേക്ക് പാഞ്ഞടുത്ത് കൊടുങ്കാറ്റുകണക്കെ കോലക്കാരൻ തുള്ളുമ്പോൾ കണ്ണുകളിൽ പരകായ പ്രവേശത്തിന്റെ തിളക്കവും ആവേശവുമാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.