ആദ്യ പത്തു പിന്നിടുന്നു സമർപ്പിത മനസ്സുകൾ മുന്നോട്ട്
text_fieldsകുവൈത്ത് സിറ്റി: പ്രാർഥനകളിലും കാരുണ്യപ്രവർത്തനങ്ങളിലും മുഴുകിയ ദിനരാത്രങ്ങളാൽ റമദാൻ ആദ്യ പത്തുദിവസങ്ങൾ പിന്നിടുന്നു. ദിവസങ്ങൾക്ക് എന്തുവേഗമെന്ന ആത്മഗതത്തിലാണ് വിശ്വാസികൾ. റമദാനിലെ ആദ്യ പത്തുദിവസങ്ങൾ കാരുണ്യത്തിന്റേതാണെങ്കിൽ രണ്ടാമത്തെ പത്ത് പാപമോചനത്തിന്റേതാണ് എന്നാണ്. അതുകൊണ്ടുതന്നെ വിശ്വാസികൾ ഇനിയുള്ള ദിനങ്ങളിൽ പാപമോചനത്തിനായുള്ള പ്രത്യേക പ്രാർഥനകളിൽ മുഴുകും. ആരാധനാ കർമങ്ങൾ അനുഷ്ഠിച്ചും ദാനധർമങ്ങൾ ചെയ്തും റമദാൻ ഒന്നുമുതലേ വിശ്വാസികൾ പുണ്യമാസത്തെ ധന്യമാക്കുന്നുണ്ട്.
നിർബന്ധ കർമങ്ങൾക്കുപുറമെ നബിചര്യകൾ കൂടുതൽ പിൻപറ്റാനും നോമ്പിന്റെ ചൈതന്യം കെടാതെ സൂക്ഷിക്കാനും എല്ലാവരും ശ്രമിക്കുന്നു. ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസത്തിൽ വിശ്വാസികളുടെ ജീവിതം അതുമായി ആത്മബന്ധത്തിലമരുകയാണ്. പള്ളികളിൽ ദീർഘനേരം പ്രാർഥനകളിൽ മുഴുകുന്നവരുടെയും ഖുർആൻ പാരായണത്തിൽ ഏർപ്പെടുന്നവരുടെയും എണ്ണം വർധിച്ചിട്ടുണ്ട്. റമദാൻ അവസാനത്തോടടുക്കുന്നതോടെ ഖിയാമുല്ലൈൽ നമസ്കാരത്തിനും തുടക്കമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.