അത്താഴമൂട്ടി പത്ത് വർഷം; റമദാൻ സുഗന്ധം വീശി അത്തർ മസ്ജിദ്
text_fieldsപാലക്കാട്: പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റ് അത്തർ ജുമാമസ്ജിദിലെ റമദാൻ അത്താഴ വിരുന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. നോമ്പുതുറക്ക് പള്ളികളിൽ വിപുലമായ സൗകര്യങ്ങളൊരുക്കുമെങ്കിലും അത്താഴം നൽകുന്ന രീതി അപൂർവമാണ്. ലോഡ്ജുകളിലും മറ്റും താമസിക്കുന്നതിനാൽ അന്യദേശങ്ങളിൽനിന്ന് വന്ന് ജോലി ചെയ്യുന്നവർക്ക് അത്താഴം ലഭിക്കാൻ വിഷമമാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് 2014ൽ അന്നത്തെ മഹല്ല് പ്രസിഡന്റായിരുന്ന ഇസ്മായിൽ ഫാറൂഖ് ഹാജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അത്താഴവിരുന്നിന് തുടക്കമിട്ടത്.
തുടക്കത്തിൽ 30-40 പേർ മാത്രം കഴിക്കാനെത്തിയിരുന്ന അത്തർ പള്ളിയിലെ അത്താഴവിരുന്നിൽ ഇപ്പോൾ നൂറോളംപേർ എത്തുന്നുണ്ട്. നൈറ്റ് ഡ്യൂട്ടിയിലെ പൊലീസുകാർ, ഓട്ടോ ഡ്രൈവർമാർ എന്നിവരൊക്കെ ഭക്ഷണം കഴിക്കാനെത്തുന്നു. പുലർച്ചെ മൂന്നിനും നാലിനുമിടക്കാണ് പള്ളിയുടെ മുൻവശത്തെ മദ്റസ ഹാളിൽ അത്താഴം വിളമ്പുന്നത്.
സാധാരണ ചോറിനൊപ്പം സാമ്പാർ, മീൻകറി, കട്ടൻചായ എന്നിവ നൽകുമ്പോൾ വിശേഷാവസരങ്ങളിൽ നെയ്ച്ചോർ, ബിരിയാണി എന്നിവയും ലഭ്യമാക്കുന്നു. ഭക്ഷണം വിളമ്പുന്നതിനും പാചകം ചെയ്യുന്നതിനും മഹല്ല് നിവാസികളും അത്താഴത്തിന് സ്ഥിരമായെത്തുന്നവരും സഹായിക്കും. ലോക്ഡൗൺ കാരണം പള്ളികൾ അടച്ചിട്ട 2020ൽ മാത്രമാണ് ഇവിടുത്തെ അത്താഴ വിരുന്നിന് മുടക്കം വന്നിട്ടുള്ളത്. നോമ്പുതുറക്ക് അര നൂറ്റാണ്ടിലധികമായി ജീരകക്കഞ്ഞിയും വിളമ്പിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.