പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തി പതിനായിരങ്ങൾ
text_fieldsതിരുവനന്തപുരം: പിതൃമോക്ഷത്തിനായുള്ള പ്രാർഥനയോടെ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. ആലുവ, തിരുവല്ലം, വർക്കല, തിരുനെല്ലി തുടങ്ങി സംസ്ഥാനത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലും കന്യാകുമാരി സാഗരസംഗമത്തിലും ബലിതർപ്പണത്തിനെത്തിയവരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി ഭാഗികമായി മുടങ്ങിയിരുന്ന വാവുബലിയാണ് ഇത്തവണ വിപുലമായി നടന്നത്. ദേവസ്വം ബോർഡുകൾക്കും ക്ഷേത്രങ്ങൾക്കും ഹിന്ദുസംഘടനകൾക്കും പുറമെ ഇക്കുറി സി.പി.എമ്മിന്‍റെ നേതൃത്വത്തിലും പലയിടങ്ങളിലും ബലിയർപ്പിക്കാൻ എത്തിയവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ബുധനാഴ്ച രാത്രിതന്നെ വര്‍ക്കല ഉൾപ്പെടെ പലയിടങ്ങളിലും ബലികര്‍മങ്ങള്‍ ആരംഭിച്ചിരുന്നു. തിരുവല്ലം, ആലുവ തുടങ്ങിയ മറ്റിടങ്ങളിലും വ്യാഴാഴ്ച പുലര്‍ച്ചമുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു. പുരോഹിതന്മാര്‍ മന്ത്രമുരുവിട്ട് കാര്‍മികരായി. ബലിയിടാനെത്തിയവര്‍ വേർപിരിഞ്ഞ ബന്ധുക്കളുടെ മുഖവും നാളും ഓര്‍മിച്ച് മന്ത്രമുരുവിട്ട് പ്രാർഥനാനിരതരായി.
പുരോഹിതരുടെ നിർദേശപ്രകാരം നാക്കിലയിലെ ദര്‍ഭയില്‍ അവര്‍ തിലോദകവും ബലിപിണ്ഡവും സമര്‍പ്പിച്ചു. പിന്നീടതില്‍ പൂവും ചന്ദനവും തീര്‍ഥവും അര്‍പ്പിച്ച് തര്‍പ്പണം നടത്തി. ശേഷം പിണ്ഡം തീര്‍ഥങ്ങളില്‍ ഒഴുക്കി. ബലിപീഠങ്ങള്‍ ഒരുക്കിയ ഇടങ്ങളില്‍ കാക്കക്കും ബലിച്ചോറ് നല്‍കി.
ബലിതർപ്പണത്തിന് എത്തിയവർക്ക് പലയിടങ്ങളിലും പൊലീസും ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിരുന്നു. യാത്രാസൗകര്യങ്ങളും മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങളും ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങിയ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിരുന്നു. കടലാക്രമണം കണക്കിലെടുത്ത് തിരുവനന്തപുരം ശംഖുംമുഖത്ത് ഇക്കുറി ബലിയിടാൻ ജില്ല ഭരണകൂടം അനുമതി നൽകാതിരുന്നത് വിമർശനത്തിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.