തങ്ക അങ്കി ഘോഷയാത്ര ഇന്ന് അയ്യപ്പ സന്നിധിയിൽ; നാളെ മണ്ഡലപൂജ
text_fieldsശബരിമല: ശബരിമലയിൽ മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. ഉച്ചക്ക് ഒന്നേകാലിന് ഘോഷയാത്ര പമ്പയിലെത്തും. തുടർന്ന് വിശ്രമത്തിന് ശേഷം പുറപ്പെടുന്ന ഘോഷയാത്രയെ വൈകിട്ട് അഞ്ചേക്കാലിന് ശരംകുത്തിയിൽ ദേവസ്വം ബോർഡ് ഔദ്യോഗികമായി സ്വീകരിക്കും.
6.15ന് അയ്യപ്പ സന്നിധിയിൽ എത്തിക്കുന്ന തങ്ക അങ്കിയെ കൊടിമരച്ചുവട്ടിലും വരവേൽപ്പ് നൽകും. 6.30ന് തങ്കഅങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും. 27ന് രാവിലെ ഒമ്പരവരെയാണ് നെയ്യഭിഷേകത്തിനുള്ള അവസരം. 10.30നും 11.30നും മധ്യേയാണ് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ. ഇതോടെ മണ്ഡലകാല തീർഥാടനത്തിന് സമാപനമാകും. 27ന് രാത്രി അടക്കുന്ന ക്ഷേത്രനട മകരവിളക്ക് ഉത്സവത്തിന് ഡിസംബർ 30ന് വൈകീട്ട് അഞ്ചിന് തുറക്കും.
ശനിയാഴ്ച രാവിലെ ഏഴോടെയാണ് ശരണം വിളികൾ മുഴങ്ങി ഭക്തിസാന്ദ്ര അന്തരീക്ഷത്തിൽ തിരുവിതാംകൂർ മഹാരാജാവ് നടക്കുവെച്ച തങ്ക അങ്കിയും വഹിച്ചുള്ള രഥയാത്രക്ക് ആറന്മുള പാർഥസാരഥി ക്ഷേത്ര സന്നിധിയിൽ നിന്ന് തുടക്കമായത്.
വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രി ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലായിരുന്നു ആദ്യ ദിവസത്തെ വിശ്രമം. ഞായറാഴ്ച കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും തിങ്കളാഴ്ച പെരുനാട് ശാസ്താ ക്ഷേത്രത്തിലും രാത്രി വിശ്രമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.