ഒല്ലൂർ പള്ളിയുടെ ‘മണിമാളിക’ മുഖം മിനുക്കുന്നു
text_fieldsഒല്ലൂർ: ഒല്ലൂരിന്റെ ചരിത്രവുമായി ഇഴപിരിഞ്ഞ് കിടക്കുന്ന ‘മണിമാളിക’ നൂറ്റാണ്ടിനു ശേഷം മുഖം മിനുക്കുന്നു. കാലം വരുത്തിയ ജീര്‍ണതകളെ അതിജീവിച്ച് വരുംതലമുറക്ക് നാടിന്റെ അഭിമാന സ്തംഭം കൈമാറാനുള്ള ഇടവക ജനതയുടെ ആഗ്രഹമാണ് മുഖം മിനുക്കലിന് പിന്നില്‍. ഒല്ലൂരിലൂടെ കടന്നുപോകുന്നവരെല്ലാം ശ്രദ്ധിക്കുന്ന ഗോപുരമാണിത്. ഒരുകാലത്ത് ജില്ലയിലെ ക്രൈസ്തവരുടെ പ്രധാന കേന്ദ്രം ഒല്ലൂരായിരുന്നു.
പിന്നീടാണ് സഭയുടെ ആസ്ഥാനം തൃശൂര്‍ നഗരത്തിലേക്ക് മാറ്റിയത്. അന്ന് സ്ഥാപിതമായ പള്ളിയിലെ തിരുകര്‍മങ്ങളും പ്രഭാത -സന്ധ്യ പ്രാർഥനയും വിശ്വാസികളെ മണിയടിച്ച് അറിയിക്കാനാണ് ഗോപുരം നിര്‍മിച്ചത്. 1883ൽ ആരംഭിച്ച് 10 വർഷമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. കോണ്‍ക്രീറ്റിങ്ങും സിമന്റും ലഭ്യമല്ലാത്ത കാലത്ത് മണിമാളികയുടെ മുകളില്‍ മേല്‍ക്കൂരയാണ് സ്ഥാപിച്ചത്. ഈ മേല്‍ക്കൂര മാറ്റി കോണ്‍ക്രീറ്റില്‍ കൈ ഉയര്‍ത്തി ജനങ്ങളെ ആശീര്‍വദിച്ച് നില്ക്കുന്ന യേശുവിന്റെ വലിയ രൂപം സ്ഥാപിച്ചത് 100 വര്‍ഷം മുമ്പാണ്.
ഇവിടെ സ്ഥാപിച്ച വലിയ മൂന്ന് പള്ളിമണികള്‍ പാരീസിൽനിന്ന് കൊണ്ടുവന്നതാണ്. ആനയെക്കൊണ്ട് വടം കെട്ടി വലിപ്പിച്ചാണ് മണി മുകളിലേക്ക് ഉയര്‍ത്തിയതെന്നാണ് പറയപ്പെടുന്നത്. മരത്തില്‍ തീര്‍ത്ത പടികളിലൂടെയാണ് മുകളിലേക്ക് കയറുന്നത്. മുമ്പ് വിശ്വാസികൾക്ക് മുകളിലേക്ക് കയറാന്‍ അനുമതി ഉണ്ടായിരുന്നു. കുറച്ചു വര്‍ഷം മുമ്പ് സുരക്ഷപ്രശ്നം പരിഗണിച്ച് പ്രവേശനം വിലക്കി. ചുണ്ണാമ്പും മണലും ഇലക്കൂട്ടുകളും ഉപയോഗിച്ച് തേച്ചുമിനുക്കിയ ഭിത്തി കാലപ്പഴക്കത്തിൽ അടര്‍ന്നുവീഴാന്‍ തുടങ്ങിയതോടെയാണ് കേടുപാട് തീര്‍ക്കാന്‍ തിരുമാനിച്ചത്.
ഇപ്പോള്‍ സിമന്റും മണലും ഉപയോഗിച്ചുള്ള മിനുക്കുപണി അവസാന ഘട്ടത്തിലാണ്. മാലാഖയുടെ തിരുനാളിന് മുമ്പ് തീര്‍ക്കാനുള്ള ശ്രമത്തിലാണ് വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളിയും കൈക്കാരന്മാരും. ഗോത്തിക് മാതൃകയിൽ നിർമിച്ച മണിമാളികയോട് ചേര്‍ന്ന് ലിഫ്റ്റ് സ്ഥാപിച്ച് വിശ്വാസികള്‍ക്ക് വീണ്ടും പ്രവേശനം അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.